ദുബായ്: പുതിയ സെന്‍സേഷന്‍ വൈഭവ് സൂര്യവന്‍ഷിയടക്കം ബാറ്റിങ് നിരയിലെ മുഴുവന്‍ പേരും ഫ്‌ളോപ്പായി മാറിയപ്പോള്‍ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീം പടിക്കല്‍ കലമുടച്ചു. അനായാസം ജയിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട ഫൈനലില്‍ ബംഗ്ലാദേശാണ് ഇന്ത്യക്കു വന്‍ ഷോക്ക് നല്‍കിയത്. കിരീട ഫേവറിറ്റുകളായിരുന്ന ഇന്ത്യയെ 59 റണ്‍സിനു മലര്‍ത്തിയടിച്ച് ബംഗ്ലാദേശിന്റെ 'കടുവക്കുട്ടികള്‍' ഏഷ്യന്‍ ക്രിക്കറ്റിലെ പുതിയ ജൂനിയര്‍ ചാംപ്യന്‍മാരാവുകയായിരുന്നു.
ഈ പരാജയത്തിനു ഇന്ത്യക്കു സ്വയം പഴിക്കാനെ നിര്‍വാഹമുള്ളൂ. കാരണം എളുപ്പത്തില്‍ ജയിക്കാമായിരുന്ന കിരീടമാണ് ബാറ്റിങ് ലൈനപ്പിന്റെ നിരാശാജനകമായ പ്രകടനം കാരണം ഇന്ത്യക്കു കൈവിടേണ്ടി വന്നത്. ഇന്ത്യന്‍ നിരയിലെ ഒന്നോ, രണ്ടോ പേര്‍ ക്രീസില്‍ പിടിച്ചുനിന്ന് ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഉറപ്പായും കപ്പുമായി മടങ്ങാന്‍ സാധിച്ചേനെ.

ചെറിയ വിജയലക്ഷ്യം
ഏകദിന ഫോര്‍മാറ്റിലുള്ള അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ 199 റണ്‍സിന്റെ അത്ര വെല്ലുവിളിയുര്‍ത്താത്ത വിജയലക്ഷ്യമാണ് ബംഗ്ലാദേശ് ടീം ഇന്ത്യക്കു മുന്നില്‍ വച്ചത്. വൈഭവ് സൂര്യവന്‍ഷിയടക്കം പ്രതിഭാശാലികളായ നിരവധി യുവതാരങ്ങളുള്‍പ്പെടുന്ന ഇന്ത്യ അനായാസം ചേസ് ചെയ്തു ജയിക്കുമെന്നും ആരാധകര്‍ ഉറപ്പിച്ചു. പക്ഷെ ചീട്ടുകൊട്ടാരം കണക്കെ ഇന്ത്യന്‍ യുവനിര തകര്‍ന്നടിയുകയായിരുന്നു.
35.2 ഓവറില്‍ വെറും 139 റണ്‍സില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. ബാറ്റിങ് ലൈനപ്പില്‍ ഒരാള്‍ പോലും 30 റണ്‍സ് തികച്ചില്ലെന്നതാണ് ഏറ്റവും നിരാശാജനകമായ കാര്യം. 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ മുഹമ്മദ് അമാനാണ് ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. വാലറ്റത്ത് ഹാര്‍ദിക് രാജ് (24), കെപി കാര്‍ത്തികേയ (21), ആന്ദ്രെ സിദ്ധാര്‍ഥ് (20) എന്നിവരും പൊരുതി നോക്കിയെങ്കിലും മറ്റുള്ളവരില്‍ നിന്നും കാര്യമായ സംഭാവനകള്‍ ലഭിച്ചില്ല.
ഓപ്പണറായി ഇറങ്ങിയ ഇന്ത്യന്‍ ഭാവി സൂപ്പര്‍ താരവും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലെ അംഗവുമായ വൈഭവ് സൂര്യവന്‍ഷിക്കു വെറും ഒമ്പത് റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. നേരത്തേ സെമിയിലും അതിനു മുമ്പുള്ള കളിയിലും രണ്ടു തുടര്‍ ഫിഫ്റ്റികള്‍ കുറിക്കാന്‍ വൈഭവിനായിരുന്നു. പക്ഷെ ഫൈനലില്‍ തന്റെ മികവ് പുറത്തെടുക്കുന്നതില്‍ താരം പരാജയപ്പെട്ടു.
ഫൈനലില്‍ ബംഗ്ലാദേശിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ഇന്ത്യയുടെ കൗമൗര നിരയ്ക്കു മറുപടി ഇല്ലായിരുന്നു. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത ബംഗ്ലാദേശ് ക്യാപ്റ്റന്‍ മുഹമ്മദ് അസീസുല്‍ ഹക്കീം തമീമും ഇഖ്ബാല്‍ ഹുസൈന്‍ ഇമോനും ചേര്‍ന്നാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കെ 198 റണ്‍സിനു പുറത്താവുകയായിരുന്നു. മുഹമ്മദ് റിസ്വാന്‍ ഹുസൈന്‍ 47ഉം മുമ്മമദ് ഷിഹാബ് ജെയിംസ് 40ഉം ഫരീസ് ഹസന്‍ ഫൈസല്‍ 39 റണ്‍സും സ്‌കോര്‍ ചെയ്തു. ഇന്ത്യക്കായി യുദ്ജിത്ത് ഗുഹയും ചേതന്‍ ശര്‍മയും ഹാര്‍ദിക് രാജും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു