ഇന്ത്യന്‍ സീനിയര്‍ ടീം വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ മികച്ച നേട്ടങ്ങളുമായി കസറുകയാണങ്കിലു ജൂനിയര്‍ ടീമിനു ഇതു മോശം സമയമാണ്. യുഎഇയില്‍ നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനോടു ഇന്ത്യന്‍ യുവനിര നാണംകെട്ടിരുന്നു. തികച്ചും ഏകപക്ഷീയമായ ഫൈനലില്‍ 191 റണ്‍സിനാണ് ഇന്ത്യയെ പാക് ടീം മുക്കിയത്.
ഈ പരാജയത്തിനു ശേഷം മടങ്ങവെ പാകിസ്താന്‍ ഫാന്‍സിന്റെ ഭാഗത്തു നിന്നും വലിയ അപമാനമാണ് ഇന്ത്യന്‍ ടീമിനു നേരിടേണ്ടി വന്നത്. അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്.

photocredit/ X
വന്‍ പരിഹാസം
ഫൈനലിലെ പരാജയത്തിനു ശേഷം ഇന്ത്യന്‍ താരങ്ങളും കോച്ചിങ് സംഘവുമെല്ലാം ബാഗുകളു കിറ്റുകളുമായി തിരിച്ചുപോകവെയായിരുന്നു പാകിസ്താന്‍ ഫാന്‍സ് പരിഹാസവുമായി രംഗത്തു വന്നത്. കോച്ചിങ് സംഘത്തിലുള്ള മുന്‍ താരങ്ങളായ റിഷികേശ് കനിത്കര്‍, സുനില്‍ ജോഷി തുടങ്ങിയവരെയെല്ലാം ഈ വീഡിയോയില്‍ കാണാം.
ഇന്ത്യന്‍ ടീമിനെ കളിയാക്കുന്ന പാകിസ്താന്‍ ഫാന്‍സ്, വീഡിയോ കാണാം
തോല്‍വിയുടെ നിരാശയില്‍ മടങ്ങവെ പുറത്തു കാത്തുനിന്ന പാകിസ്താന്‍ ഫാന്‍സ് കൂവി വിളിച്ചും പലതും വിളിച്ചു പറഞ്ഞുമാണ് ഇവരെ അധിക്ഷേപിച്ചത്. പക്ഷെ ഇന്ത്യന്‍ സംഘത്തിലെ ആരും തന്നെ ഇതു ശ്രദ്ധിക്കാനോ, പ്രതികരിക്കാനോ പോയില്ല. കേട്ടില്ലെന്നു നടിച്ച് എല്ലാവരും മുന്നോട്ടു തന്നെ നീങ്ങുകയായിരുന്നു.
ഇന്ത്യന്‍ ക്യാപ്റ്റനും ഓപ്പണിങ് ബാറ്ററുമായ ആയുഷ് മാത്രെയെയും പാക് ഫാന്‍സ് വെറുതെവിട്ടില്ല. പക്ഷെ മാത്രെ ഇതൊന്നും കേട്ട് പ്രകോപിതനായില്ല. ചെറിയൊരു ചിരിയോടെ താരം അവര്‍ക്കു മുന്നിലൂടെ പോവുകയും ചെയ്തു.
അതേസമയം, ഫൈനലില്‍ പല തവണ ഇന്ത്യയുടെയും പാകിസ്താന്റെയും ചില താരങ്ങള്‍ തമ്മില്‍ വലിയ വാക്‌പോര് നടന്നിരുന്നു. പാക് ബൗളര്‍മാരുമായി നായകന്‍ മാത്രെ, മറ്റൊരു ഓപ്പണിങ് ബാറ്ററും കൗമാര സെന്‍സേഷനുമായ വൈഭവ് സൂര്യവംശിയുമെല്ലാം വാക്‌പോര് നടത്തിയിരുന്നു. ഇരുവരെയും പുറത്താക്കിയ ശേഷം വളരെ അഗ്രസീവായ യാത്രയയപ്പാണ് പാക് ബൗളര്‍മാര്‍ നല്‍കിയത്.
ഇതു വൈഭവിനെയും മാത്രെയെയും ക്ഷുഭിതരാക്കുകയും ബൗളര്‍മാരോടു കൊമ്പുകോര്‍ക്കുകയുമായിരുന്നു. ഇവയെല്ലാമാവാം പിന്നീട് ഇന്ത്യന്‍ ടീമിനെ പാകിസ്താന്‍ ഫാന്‍സ് കളിയാക്കാനുള്ള പ്രധാന കാരണമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഏകപക്ഷീയ ഫൈനല്‍
തീപാറുമെന്നു പ്രതീക്ഷിക്കപ്പെട്ട ഇന്ത്യ - പാകിസ്താന്‍ ഫൈനല്‍ തികച്ചും ഏകപക്ഷീയമായി മാറിയെന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്റെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ മല്‍സരവിധി കുറിക്കപ്പെട്ടിരുന്നു.
കാരണം 50 ഓവറില്‍ എട്ടു വിക്കറ്റിനു 347 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് അവര്‍ പടുത്തുയര്‍ത്തിയത്. ഓപ്പണര്‍ സമീര്‍ മിന്‍ഹാസിന്റെ (113 ബോളില്‍ 172) ഗംഭീര ഇന്നിങ്‌സ് അവരെ ഇതിനു സഹായിക്കുകയും ചെയ്തു.
മറുപടിയില്‍ ഈ ടോട്ടലിന്റെ അടുത്തു പോലുമെത്താനുള്ള ശ്രമം ഇന്ത്യന്‍ ടീമിന്റെ ഭാഗത്തു നിന്നുണ്ടായില്ല. വെറും 26.2 ഓവറില്‍ 156 റണ്‍സിന് ടീം ഓള്‍ഔട്ടാവുകയും ചെയ്തു. ദീപേഷ് ദേവേന്ദ്രന്‍ (36), വൈഭവ് സൂര്യവംശി (26) എന്നിവരൊഴികെ ആരും 20 റണ്‍സ് പോലും തികച്ചില്ല.