ദുബായ്: സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വഴിയെ ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയൊരു മലയാളി സാന്നിധ്യം. യുഎഇയില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യാ കപ്പ് ഏകദിന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ ആരോണ്‍ ജോര്‍ജാണ് മിന്നുന്ന പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ചിരവൈരികളായ പാകിസ്താനെതിരേയുള്ള പോരാട്ടത്തില്‍ തകര്‍പ്പന്‍ ഇന്നിങ്‌സാണ് കോട്ടയംകാരനായ താരം കാഴ്ചവച്ചത്.
വണ്‍ഡൗണായി ഇറങ്ങിയ ആരോണ്‍ 85 റണ്‍സുമായി ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായി മാറി. 88 ബോളില്‍ 12 ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് ആരോണിന്റെ ഇന്നിങ്‌സ്. ടീമിനെ 240 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചതും അദ്ദേഹം തന്നെ. ആരാണ് ഭാവി സൂപ്പര്‍ താര പദവിയിലെത്താന്‍ സാധ്യതയുള്ള ആരോണ്‍? യുവതാരത്തെ അടുത്തറിയം.

Photocredit / X
ജൂനിയര്‍ സഞ്ജു
പാകിസ്താനെതിരേയുള്ള തകര്‍പ്പന്‍ ഇന്നിങ്‌സോടെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് ആരോണ്‍ ജോര്‍ജ്. കാരണം കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയും ക്യാപ്റ്റനും മറ്റൊരു മിന്നും താരവുമായ ആയുഷ് മാത്രെയും പ്രതീക്ഷ കാക്കാതെ പോയപ്പോഴാണ് ആരോണ്‍ സര്‍പ്രൈസ് ഹീറോയായത്.
തൊട്ടുമുമ്പത്തെ കളിയിലെ സെഞ്ച്വറി വീരനായ വൈഭവ് വെറും അഞ്ചു റണ്‍സിനും ക്യാപ്റ്റന്‍ മാത്രെ 38നും പുറത്തായെങ്കിലും ടീമിനെ രക്ഷിച്ചത് ആരോണിന്റെ ക്ലാസ് ബാറ്റിങായിരുന്നു. മയാളികളുടെ അഭിമാന താരമായ സഞ്ജു സാംസണിന്റെ ബാറ്റിങ് ശൈലിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം.
ഹൈ ബാറ്റ് ലിഫ്റ്റിനൊപ്പം മികച്ച ഫുട്ട്‌വര്‍ക്കിലൂടെയും ഗ്യാപ്പുകള്‍ മനസ്സിലാക്കിയുള്ള ഷോട്ടുകളിലൂടെയും ആരോണ്‍ കൈയടി നേടി. അഗ്രസീവായി കളിക്കാന്‍ ശ്രമിച്ച് വിക്കറ്റ് കൈവിടാതെ മികച്ച പക്വതയുള്ള ഇന്നിങ്‌സുമായി അദ്ദേഹം പാക് ബൗളര്‍മാരെ കുഴപ്പിക്കുകയും ചെയ്തു.
ഭാവിയില്‍ സീനിയര്‍ ടീമിനായി വലിയ പല ഇന്നിങ്‌സുകളും കളിക്കാനുള്ള ശേഷി തനിക്കുണ്ടെന്നു തെളിയിക്കുന്നതായിരുന്നു ആരോണിന്റെ ഇന്നിങ്‌സ്. പക്ഷെ അര്‍ഹിച്ച സെഞ്ച്വറി വെറും 15 റണ്‍സ് മാത്രമകലെ താരത്തിനു നഷ്ടമാവുകയായിരുന്നു. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ രണ്ടാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കൂടിയാണ് ആരോണ്‍ നേടിയത്. നേരത്തേ യുഎക്കെതിരായ ആദ്യ കളിയില്‍ 73 ബോളില്‍ 69 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു.
ആരാണ് ആരോണ്‍?
കേരളത്തിനാണ് കളിച്ചതെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഹൈദരാബാദിനു വേണ്ടിയാണ് ആരോണ്‍ കളിക്കുന്നത്. അവര്‍ക്കു വേണ്ടി ജൂനിയര്‍ തലത്തിലെ മികച്ച പ്രകടനങ്ങളൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. വിനൂ മങ്കാദ് ട്രോഫിയില്‍ ചാംപ്യന്‍മാരായ ഹൈദരാബാദ് ടീമിനെ നയിച്ചത് ആരോണായിരുന്നു. 38 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ജൂനിയര്‍ തലത്തില്‍ രാജ്യത്തെ പ്രധാന ടൂര്‍ണമെന്റുകളിലൊന്നായ ഇതില്‍ ഹൈദരാബാദ് കപ്പുയര്‍ത്തിയത്.

വിനൂ മങ്കാദ് ട്രോഫിയുടെ കഴിഞ്ഞ രണ്ടു സീസണുകളിലും സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനമാണ് ആരോണ്‍ കാഴ്ചവച്ചിട്ടുള്ളത്. 341, 373 റണ്‍സ് എന്നിങ്ങനെ സ്‌കോറുകള്‍ കുറിക്കാന്‍ താരത്തിനു സാധിക്കുകയും ചെയ്തു. നിലവില്‍ അണ്ടര്‍ 19 തലത്തില്‍ ഹൈദരാബാദിന്റെ ഏറ്റവും വിശ്വസ്തനായ താരമായി മാറിയിരിക്കുകയാണ് ആരോണ്‍.
ബാറ്റിങിനൊപ്പം ക്യാപ്റ്റന്‍സിയിലും തിളങ്ങാന്‍ കഴിയുന്നുവെന്നതാണ് താരത്തെ സ്‌പെഷ്യലാക്കുന്നത്. ഈ വര്‍ഷമാദ്യം ബെംഗളൂരുവില്‍ നടന്ന അണ്ടര്‍ 19 ത്രിരാഷ്ട പരമ്പരയില്‍ ഇന്ത്യയുടെ ബി ടീമിന നയിച്ചത് ആരോണായിരുന്നു.
ക്രിക്കറ്റര്‍ കൂടിയായ അച്ഛന്‍ ഈശോ വര്‍ഗീസിന്റെ മികച്ച പിന്തുണയാണ് ആരോണിനെ മുന്നോട്ടു നയിക്കുന്നത്. സൗത്താഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് ഈ മലയാളി താരം.