ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ട്വിറ്ററിലെ ഒരു ചോദ്യോത്തര സെഷനിലാണ് ഏറ്റവും മികച്ച അഞ്ചു പേര്‍ ആരൊക്കെയാണെന്നു അദ്ദേഹം വ്യക്തമാക്കിയത്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി, സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ എന്നിവരൊന്നും തന്നെ ഭാജിയുടെ ടോപ്പ് ഫൈവില്‍ ഇല്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.
ഹര്‍ഭജന്‍ തിരഞ്ഞെടുത്ത അഞ്ചു പേരുടെ ലിസ്റ്റില്‍ ഇന്ത്യക്കും ഓസ്‌ട്രേലിയക്കുമാണ് ആധിപത്യമുള്ളത്. രണ്ടു വീതം കളിക്കാര്‍ ഇരുടീമുകളില്‍ നിന്നും ഭാജിയുടെ ലിസ്റ്റില്‍ ഇടം പിടിച്ചു. ശേഷിച്ച ഒരാള്‍ ഇംഗ്ലണ്ടില്‍ നിന്നാണ്. ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത്, ഓസീസിന്റെ തന്നെ സ്പിന്നര്‍ നതാന്‍ ലയണ്‍, ഇംഗ്ലണ്ട് നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സ് എന്നിവരെയാണ് ബെസ്റ്റായി ഭാജി ചൂണ്ടിക്കാട്ടിയത്.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അത്ര വലിയ ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കിലും ടെസ്റ്റില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് റിഷഭ് നടത്തിക്കൊണ്ടിരിക്കുന്നത്. നാട്ടിലെയും വിദേശത്തെയും പിച്ചുകളില്‍ അഗ്രസീവ് ബാറ്റിങിലൂടെ മല്‍സരഗതി പോലും മാറ്റാനും അദ്ദേഹത്തിനു കഴിയുന്നു. നിലവില്‍ പരിക്കേറ്റു വിശ്രമിക്കുന്നതിനാല്‍ ടെസ്റ്റില്‍ ഇന്ത്യ ഏറ്റവുമധികം മിസ്സ് ചെയ്യുന്നതും റിഷഭിനെയാണ്.
ജഡേജയാവട്ടെ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ മാച്ച് വിന്നറാണെന്നു നിസംശയം പറയാം. തുടക്കകാലത്തു ബൗളിങിലായിരുന്നു അദ്ദേഹം കൂടുതല്‍ മികവ് പുലര്‍ത്തിയിരുന്നത്. പിന്നീട് ബാറ്റിങിലും കൂടുതല്‍ മെച്ചപ്പെട്ട താരമായി മാറുകയായിരുന്നു. നിലവില്‍ റെഡ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് ജഡ്ഡു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നാട്ടിലെ സ്ലോ പിച്ചുകളില്‍ മാത്രമല്ല വിദേശ പിച്ചുകളിലും ടെസ്റ്റില്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പാണ്. കഴിഞ്ഞ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേയും ആര്‍ അശ്വിനെ പിന്തള്ളി ജഡ്ഡു പ്ലെയിങ് ഇലവനിലുണ്ടായിരുന്നു.
ഓസ്‌ട്രേലിയയുടെ സൂപ്പര്‍ സ്പിന്നറായ നതാന്‍ ലയണ്‍ നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ലോകത്തിലെ ഏറ്റവും അപകടകാരിയായ താരമാണ്. 35 കാരനായ ലയണ്‍ ടെസ്റ്റില്‍ 122 മല്‍സരങ്ങളില്‍ നിന്നായി വീഴ്ത്തിയത് 496 വിക്കറ്റുകളാണ്. 23 അഞ്ചു വിക്കറ്റ് നേട്ടവും നാലു 10 വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടും.
ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയുടെ ഭാഗമാണ് അദ്ദേഹം. എന്നാല്‍ ലോര്‍ഡ്‌സില്‍ സമാപിച്ച രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ലയണ്‍ ശേഷിച്ച ടെസ്റ്റുകളില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്.
സ്റ്റീവ് സ്മിത്താവട്ടെ നിലവില്‍ ടെസ്റ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ്. ടെസ്റ്റിലെ ഫാബ് ഫോറിലുള്‍പ്പെട്ട ഏക ഓസീസ് താരം കൂടിയാണ് അദ്ദേഹം. 99 ടെസ്റ്റുകളിലാണ് സ്മിത്ത് ഇതുവരെ കളിച്ചത്. ഇവയില്‍ നിന്നും 59.96 ശരാശരിയില്‍ 9113 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. 32 സെഞ്ച്വറികളും 37 ഫിഫ്റ്റികളുമാണ് സ്മിത്ത് ടെസ്റ്റില്‍ നിന്നും വാരിക്കൂട്ടിയത്. ഉയര്‍ന്ന സ്‌കോര്‍ 239 റണ്‍സാണ്.