For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇവരില്ലെങ്കില്‍ പണി പാളും!! ടീമിന്റെ നട്ടെല്ല്... എല്ലാവര്‍ക്കുമുണ്ട് തുറുപ്പുചീട്ടുകള്‍

എട്ടു ടീമിനും ഓരോ നിര്‍ണായക താരങ്ങളുണ്ട്

മുംബൈ: ഐപിഎല്ലിലെ ഇതുവരെയുള്ള സീസണുകള്‍ പരിശോധിച്ചാല്‍ ഓരോ ടീമിന്റെയും മുന്നേറ്റം ഏതെങ്കിലുമൊരു താരത്തെ ആശ്രയിച്ചായിരുന്നുവെന്ന് വ്യക്തമാവും. ഈ സീസണിലും ഇതില്‍ മാറ്റമൊന്നുമില്ല. ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന എട്ടു ടീമിനുമുണ്ട് ഒരു തുറുപ്പുചീട്ട്. മിക്ക മല്‍സരങ്ങളിലും ഈ താരത്തിന്റെ പ്രകടനമനുസരിച്ചായിരിക്കും ടീമിന്റെ ജയവും തോല്‍വിയും.

വിദേശ താരങ്ങള്‍ മാത്രമല്ല ഇന്ത്യന്‍ കളിക്കാരും വിവിധ ടീമുകളുടെ തുറുപ്പുചീട്ടായി മാറിക്കഴിഞ്ഞു. ഇത്തരത്തില്‍ ഈ സീണില്‍ എട്ടു ഫ്രാഞ്ചൈസികളുടെയും തുറുപ്പുചീട്ടായി മാറിയ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

റിഷഭ് പന്ത് (ഡല്‍ഹി)

റിഷഭ് പന്ത് (ഡല്‍ഹി)

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പതിവുതെറ്റിക്കാതെ ഈ സീസണിലെ ഐപിഎല്ലിലും നിരാശപ്പെടുത്തിയെങ്കിലും അവര്‍ക്കുമുണ്ട് തുറുപ്പുചീട്ട്. ഇടംകൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ് തകര്‍പ്പന്‍ ഇന്നിങ്‌സുകളിലൂടെ എതിരാളകള്‍ക്കു ഡെവിളായ മാറിയത്. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ മിന്നുന്ന പ്രകടനം നടത്തിയ ശേഷമാണ് പന്ത് ഐപിഎല്ലിനെത്തിയത്. മിന്നുന്ന ഫോം ഡല്‍ഹിക്കൊപ്പവും താരം ആവര്‍ത്തിക്കുകയായിരുന്നു.
നേരത്തേ സ്ഥിരത നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്ന ചീത്തപ്പേരുണ്ടായിരുന്ന പന്ത് ഐപിഎല്ലില്‍ ആ കുറവും നികത്തിയെന്നതാണ് ശ്രദ്ധേയം.
ഇതുവരെ കളിച്ച 10 ഇന്നിങ്‌സുകളില്‍ നിന്നും 39.3 ശരാശരിയില്‍ 393 റണ്‍സ് പന്ത് നേടിക്കഴിഞ്ഞു. 173.12 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. എംഎസ് ധോണിക്കു ശേഷം ടീം ഇന്ത്യയുടെ അടുത്ത വിക്കറ്റ് കീപ്പറാവാന്‍ ഏറ്റവുമധികം യോഗ്യതയുള്ള താരമെന്നാണ് പന്ത് വിശേഷിപ്പിക്കപ്പെടുന്നത്. ഇതു ശരിവയ്ക്കുന്ന പ്രകടനമാണ് താരം ഈ സീസണില്‍ കാഴ്ചവയ്ക്കുന്നത്.

ദിനേഷ് കാര്‍ത്തിക് (കൊല്‍ക്കത്ത)

ദിനേഷ് കാര്‍ത്തിക് (കൊല്‍ക്കത്ത)

വലിയ സ്‌കോറുകള്‍ നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഈ സീസണില്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തികിനെയാണ്. മുന്‍ നായകന്‍ ഗൗതം ഗംഭീറിനെപ്പോലെ ടീമിനെ മുന്നില്‍ നിന്നു നയിക്കാനുള്ള ശേഷി തനിക്കുണ്ടെന്ന് കാര്‍ത്തിക് തെളിയിച്ചു കഴിഞ്ഞു. 11 മല്‍സരങ്ങളില്‍ നിന്നും 321 റണ്‍സാണ് താരം നേടിയത്. റണ്‍വേട്ടയില്‍ ക്രിസ് ലിന്നിന് (334) തൊട്ടു പിന്നിലായി കാര്‍ത്തിക് രണ്ടാമതുണ്ട്.
52.66 എന്ന മികച്ച ശരാശരിയിലാണ് താരം 300ലേറെ റണ്‍സ് നേടിയത്. ഫിനിഷറെന്ന നിലയിലാണ് കാര്‍ത്തിക് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. നാലു മല്‍സരങ്ങളില്‍ ടീം ജയിച്ചുകയറിയപ്പോള്‍ കാര്‍ത്തിക് പുറത്താവാതെ ക്രീസിലുണ്ടായിരുന്നു.

വിരാട് കോലി (ബാംഗ്ലൂര്‍)

വിരാട് കോലി (ബാംഗ്ലൂര്‍)

സ്റ്റാര്‍ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ വിരാട് കോലി ഏതു ടീമിനായി കളിച്ചാലും അവരുടെ തുറുപ്പുചീട്ട് അദ്ദേഹം തന്നെയായിരിക്കും. ഈ സീസണിലും റോയല്‍ ചാലഞ്ചേഴ്‌സിന്റെ നിര്‍ണായക താരം കോലി തന്നെയാണ്. പക്ഷെ കോലിയുടെ വണ്‍മാന്‍ ഷോയ്ക്കും ആര്‍സിബിയെ രക്ഷിക്കാന്‍ കഴിയുന്നില്ല. പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ ശേഷിച്ച എല്ലാ മല്‍സരങ്ങളിലും ജയിക്കണമെന്ന വെല്ലുവിളിയാണ് ആര്‍സിബിക്കു മുന്നിലുള്ളത്.
50.44 ശരാശരിയില്‍ 10 മല്‍സരങ്ങളില്‍ നിന്നായി 396 റണ്‍സ് കോലി ടീമിനു വേണ്ടി നേടിയിട്ടുണ്ട്. ടീമിനായി ഏറ്റവുമധികം റണ്‍സെടുത്തതും അദ്ദേഹം തന്നെയാണ്. ലിസ്റ്റില്‍ രണ്ടാമതുള്ള എബി ഡിവില്ലിയേഴ്്‌സ് എട്ടു ഇന്നിങ്‌സുകളില്‍ നിന്നും 286 റണ്‍സാണ് നേടിയത്. കോലിയുടെ മിന്നുന്ന ഫോമിനൊപ്പം ഇനി എന്തെങ്കിലും അദ്ഭുതങ്ങള്‍ കൂടി സംഭവിച്ചാല്‍ മാത്രമേ ആര്‍സിബിക്കു പ്ലേഓഫില്‍ എത്താനാവുകയുള്ളൂ.

സിദ്ധാര്‍ഥ് കൗള്‍ (ഹൈദരാബാദ്)

സിദ്ധാര്‍ഥ് കൗള്‍ (ഹൈദരാബാദ്)

ഈ സീസണില്‍ മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അപ്രതീക്ഷിത തുറുപ്പുചീട്ടാണ് പേസര്‍ സിദ്ധാര്‍ഥ് കൗള്‍. അഫ്ഗാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍, ഇന്ത്യന്‍ സീമര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവരെല്ലാം ടീമിലുണ്ടായിട്ടും ഇവരെയെല്ലാം പിന്നിലാക്കുന്ന പ്രകടനമാണ് കൗള്‍ കാഴ്ചവയ്ക്കുന്നത്. 10 മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളാണ് കൗള്‍ വീഴ്ത്തിയത്. ടീമിന്റെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തു നില്‍ക്കുന്നതും അദ്ദേഹം തന്നെയാണ്. 7.05 എന്ന അദ്ഭുതപ്പെടുത്തുന്ന റണ്‍റേറ്റിലാണ് കൗള്‍ 13 വിക്കറ്റുകളെടുത്തത്.
ഐപിഎല്ലിലെ മിന്നും പ്രകടനം കൗളിന് ആദ്യമായി ഇന്ത്യന്‍ടീമിലേക്കു വഴി തുറക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ടീമിലാണ് താരം ഇടംനേടിയത്.

എംഎസ് ധോണി (ചെന്നൈ)

എംഎസ് ധോണി (ചെന്നൈ)

തലയെന്നു ചെന്നൈ സൂപ്പര്‍കിങ്‌സ് ആരാധര്‍ വിശേഷിപ്പിക്കുന്ന ക്യാപ്റ്റനും സൂപ്പര്‍താരവുമായ എംഎസ് ധോണി അതു ശരിവയ്ക്കുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ധോണി മാത്രമല്ല അമ്പാട്ടി റായുഡു, ഷെയ്ന്‍ വാട്‌സന്‍ എന്നിവരും ഗംഭീര പ്രകടനമാണ് സിഎസ്‌കെയ്ക്കു വേണ്ടി കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ബാറ്റ്‌സ്മാന്‍, വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍ എന്നീ മൂന്നു റോളുകളിലുമുള്ള മിടുക്കാണ് ധോണിക്കു മറ്റുള്ളവര്‍ക്കു മേല്‍ മുന്‍തൂക്കം നല്‍കുന്നത്. 10 മല്‍സരങ്ങളില്‍ നിന്നും 90ന് അടുത്ത് ശരാശരിയില്‍ 165 സ്‌ട്രൈക്ക്‌റേറ്റോടെ 360 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു.
കരിയറിന്റെ തുടക്ക കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള പ്രകടനമാണ് ധോണി സിഎസ്‌കെയ്ക്കു വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍ താന്‍ തന്നെയാണെന്ന് ഒരിടവേളയ്ക്കു ശേഷം അദ്ദേഹം വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

 സഞ്ജു സാംസണ്‍ (രാജസ്ഥാന്‍)

സഞ്ജു സാംസണ്‍ (രാജസ്ഥാന്‍)

പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം ഐപിഎല്ലിലേക്കു തിരിച്ചെത്തിയപ്പോള്‍ നിലനിര്‍ത്തിയ താരങ്ങളിലൊരാള്‍ മലയാളി ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണായിരുന്നു. രാജസ്ഥാന്റെ പ്രതീക്ഷ കാക്കുന്ന പ്രകടനം തന്നെയാണ് സഞ്ജു ഇതുവരെ പുറത്തെടുത്തത്.
ഇതുവരെ 10 ഇന്നിങ്‌സുകളില്‍ നിന്നായി 36.88 ശരാശരിയില്‍ 332 റണ്‍സ് സഞ്ജു നേടിയിട്ടുണ്ട്. പുറത്താവാതെ നേടിയ 92 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഈ സീസണില്‍ ടീമിനു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്തതും സഞ്ജു തന്നെയാണ്.
ലേലത്തിലെ ഏറ്റവും വില പിടിപ്പുള്ള താരമായി മാറിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് മൂല്യത്തിനൊത്ത പ്രകടനം പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ടപ്പോഴാണ് സഞ്ജു കത്തിക്കയറിയത്.

ലോകേഷ് രാഹുല്‍ (പഞ്ചാബ്)

ലോകേഷ് രാഹുല്‍ (പഞ്ചാബ്)

ശക്തമായ ബാറ്റിങ് ലൈനപ്പുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ തുറുപ്പുചീട്ട് ആരാവുമെന്ന് സീസണിന്റെ തുടക്കത്തില്‍ ആര്‍ക്കും കൃത്യമായ ഉത്തരം ഇല്ലായിരുന്നു. കാരണം, ക്രിസ് ഗെയ്ല്‍, യുവരാജ് സിങ്, മയാങ്ക് അഗര്‍വാള്‍ എന്നീ സ്റ്റാര്‍ ബാറ്റ്‌സ്മാനെ കൂടാതെ ആര്‍ അശ്വിനെന്ന മികച്ച ക്യാപ്റ്റനും സ്പിന്നറും അവര്‍ക്കുണ്ടായിരുന്നു.
എന്നാല്‍ സീസണിലെ പകുതി മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്കൊരു പുതിയ ഹീറോയെ ലഭിച്ചിരിക്കുന്നു. ഓപ്പണറും പാര്‍ട്ട്‌ടൈം വിക്കറ്റ് കീപ്പറുമായ ലോകേഷ് രാഹുല്‍. ഈ സീസണില്‍ 10 ഇന്നിങ്‌സുകളില്‍ നിന്നും 471 റണ്‍സ് താരത്തിന്റെ പേരിലുണ്ട്. 58.87 എന്ന മികച്ച ശരാശരിയിലാണ് രാഹുല്‍ 500ന് അടുത്ത് റണ്‍സെടുത്തത്. ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും ഇപ്പോള്‍ അദ്ദേഹത്തിന്റെ കൈവശമാണ്.
ഇതിഹാസതാരം ഗെയ്ല്‍ ചില മല്‍സരങ്ങളില്‍ പെട്ടെന്നു പുറത്തായപ്പോള്‍ സ്ഥിരതയാര്‍ന്ന ബാറ്റിങിലൂടെ പഞ്ചാബിനെ രക്ഷിച്ചത് രാഹുലായിരുന്നു.

ഹര്‍ദിക് പാണ്ഡ്യ (മുംബൈ)

ഹര്‍ദിക് പാണ്ഡ്യ (മുംബൈ)

ഇതിഹാസ താരം കപില്‍ ദേവിന്റെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെട്ട ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. ഐപിഎല്ലിന്റെ ഈ സീസണില്‍ നിലവിവെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനായി മിന്നുന്ന പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ഏറെക്കാലത്തിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ പാണ്ഡ്യ ബാറ്റിങിലും ബൗളിങിലും മുംബൈക്കു വേണ്ടി ഒരുപോലെ തിളങ്ങുകയാണ്.
കഴിഞ്ഞ 10 ഐപിഎല്ലിലും കൂടി 37 വിക്കറ്റുകളായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാല്‍ ഈ സീസണില്‍ 10 മല്‍സരങ്ങളില്‍ നിന്നു മാത്രം 16 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്താണ് പാണ്ഡ്യ.
ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ചില ശ്രദ്ധേയമായ ഇന്നിങ്‌സുകളാണ് താരം മുംബൈക്കു വേണ്ടി കളിച്ചത്. ഇനിയുള്ള മല്‍സരങ്ങളിലും പാണ്ഡ്യ ഓള്‍റൗണ്ട് മികവ് തുടരുമെന്ന പ്രതീക്ഷയിലാണ് ചാംപ്യന്‍മാര്‍.

Story first published: Thursday, May 10, 2018, 11:26 [IST]
Other articles published on May 10, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+