റായ്പൂര്‍: ഐ പി എല്ലില്‍ ഇന്നത്തെ (മെയ് 12, ചൊവ്വാഴ്ച) മത്സരം നടക്കേണ്ട സ്റ്റേഡിയവും ഭൂചലനത്തില്‍ കുലുങ്ങിയതായി റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഡല്‍ഹി ഡെയര്‍ഡെവിള്‍സുമാണ് ഇന്ന് കളിക്കുന്നത്. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് ഇന്നത്തെ കളി. റായ്പൂരിലെ സ്റ്റേഡിയത്തില്‍ കുലുക്കം അനുഭവപ്പെട്ടതായി മുന്‍ താരങ്ങളാണ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ എഴുതിയത്.
റായ്പൂരില്‍ കുറച്ച് തവണ കുലുക്കം അനുഭവപ്പെട്ടു എന്ന് മുന്‍ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ റസ്സല്‍ ആര്‍നോള്‍ഡ് 12.51 ന് ട്വീറ്റ് ചെയ്തു. ഛത്തീസ്ഗഡില്‍ തങ്ങള്‍ കുലുങ്ങിയതായി മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡാമിയന്‍ മാര്‍ട്ടിനും ട്വിറ്ററില്‍ കുറിച്ചു. ഐ പി എല്ലില്‍ ഇത് രണ്ടാമത്തെ തവണയാണ് കളിക്കാര്‍ ഭൂചലനം അനുഭവിക്കുന്നത്. നേരത്തെ ഏപ്രില്‍ 25 ന് കൊല്‍ക്കത്ത കളിക്കാരായ റോബിന്‍ ഉത്തപ്പയും പീയൂഷ് ചൗളയും ഇത് പോലെ ട്വീറ്റ് ചെയ്തിരുന്നു.

ഐ പി എല്ലിലെ പോയിന്റ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന ചെന്നൈ വിജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനാകും ഇന്ന് ഇറങ്ങുക. ഇന്ന് ജയിച്ചാല്‍ ഐ പി എല്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യത്തെ ടീമാകും ചെന്നെ. ഓള്‍റൗണ്ട് മികവില്‍ രാജസ്ഥാനെ മറികടന്നാണ് അവര്‍ ഇന്ന് ഡല്‍ഹിക്കെതിരെ ഇറങ്ങുന്നത്. മറുവശത്ത് ഡല്‍ഹിയാകട്ടെ ഐ പി എല്ലിലെ പ്ലേ ഓഫില്‍ എത്തില്ല എന്ന് ഉറപ്പായിക്കഴിഞ്ഞു.