സതാംപ്റ്റണ്‍: ആധുനിക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരായി നിരവധി പേരെ ചൂണ്ടിക്കാട്ടാനാവും. എന്നാല്‍ ബൗളര്‍മാര്‍ ഭയപ്പെടുന്ന തരത്തില്‍ ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ ചുരുക്കം ചില താരങ്ങള്‍ക്കേ സാധിക്കൂ. അതിലൊരാളാണ് ട്രാവിസ് ഹെഡ്. ഓസ്‌ട്രേലിയന്‍ ഓപ്പണറായ ഹെഡിന്റെ ബാറ്റിങ് കരുത്ത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ ഹെഡ് തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തോടെ എല്ലാവരേയും ഞെട്ടിച്ചിരുന്നു.
അടുത്ത ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം വരാനിരിക്കെ വീണ്ടുമൊരു കിടിലന്‍ പ്രകടനത്തോടെ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് ഹെഡ്. ഓസ്‌ട്രേലിയയുടെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിലാണ് ഹെഡ് തകര്‍പ്പന്‍ ബാറ്റിങ്ങുമായി എല്ലാവരേയും ഞെട്ടിച്ചത്. സാം കറെന്റെ ഒരോവറില്‍ 30 റണ്‍സടക്കം നേടിയാണ് ഹെഡ് കൈയടി നേടിയത്.
19 പന്ത് ഫിഫ്റ്റി നേടി ഹെഡ്
ഇംഗ്ലണ്ടിനെതിരേ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയക്കായി 19 പന്തിലാണ് ട്രാവിസ് ഹെഡ് അര്‍ധ സെഞ്ച്വറി നേടിയത്. തുടക്കം മുതല്‍ തകര്‍ത്തടിക്കുന്ന പ്രകടനമാണ് ഹെഡ് കാഴ്ചവെച്ചത്. അഞ്ചാം ഓവറിലാണ് ഹെഡ് തന്റെ വിശ്വരൂപം കാട്ടിയത്. സാം കറെന്റെ ഒരോവറില്‍ 30 റണ്‍സാണ് ഹെഡ് അടിച്ചെടുത്തത്. ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തി മുന്നറിയിപ്പ് കൊടുത്ത ഹെഡ് പിന്നീട് നേരിട്ട മൂന്ന് പന്തും സിക്‌സുകള്‍ പറത്തി.
അവസാന പന്ത് ബൗണ്ടറിയും പായിച്ച് 30 റണ്‍സാണ് ഈ ഒറ്റ ഓവറില്‍ ഹെഡ് നേടിയെടുത്തത്. അര്‍ധ സെഞ്ച്വറി സെഞ്ച്വറിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും 23 പന്ത് നേരിട്ട് 59 പറണ്‍സുമായി ഹെഡ് മടങ്ങി. 8 ഫോറും 4 സിക്‌സുമടക്കമാണ് ഹെഡിന്റെ കിടിലന്‍ ബാറ്റിങ്. 256.52 സ്‌ട്രൈക്ക് റേറ്റിലാണ് ഹെഡ് കത്തിക്കയറിയത്. സാഖിബ് മഹ്‌മ്മൂദാണ് ഹെഡിനെ പുറത്താക്കിയത്. എന്തായാലും പവര്‍പ്ലേയ്ക്കുള്ളില്‍ ഓസീസിന് അടിത്തറ പാകാന്‍ ഹെഡിന് സാധിച്ചു.
സൂര്യകുമാറിനെക്കാള്‍ കേമന്‍
നിലവിലെ ടി20 ബാറ്റ്‌സ്മാന്‍മാരില്‍ സൂര്യകുമാര്‍ യാദവിനെക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്നത് ട്രാവിസ് ഹെഡാണെന്ന് പറയാം. നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ് ഹെഡ്. സൂര്യകുമാര്‍ യാദവിനെക്കാളും മൃഗീയാധിപത്യം കാട്ടുന്ന ബാറ്റ്‌സ്മാനാണ് ഹെഡ് എന്ന് പറയാം. സ്പിന്നിനേയും പേസിനേയും വിക്കറ്റ് പോകുമോയെന്ന ഭയമില്ലാതെ കടന്നാക്രമിക്കാന്‍ ഹെഡിന് സാധിക്കുന്നുണ്ട്. ഹെഡിന്റെ സമീപകാല പ്രകടനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാണെന്ന് പറയാം.

ഇംഗ്ലണ്ട് തോല്‍പ്പിച്ച് ഓസീസ്
ഹെഡിന്റെ ബാറ്റിങ് കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 179 റണ്‍സാണ് നേടിയത്. മാത്യു ഷോര്‍ട്ട് 41 റണ്‍സും ജോഷ് ഇന്‍ഗ്ലിസ് 37 റണ്‍സും നേടി. എന്നാല്‍ മധ്യനിരയില്‍ കൂട്ടത്തകര്‍ച്ച നേരിട്ടതോടെയാണ് 179 എന്ന സ്‌കോറിലേക്ക് ഓസീസ് ഒതുങ്ങിയത്. അല്ലായിരുന്നെങ്കില്‍ 200ന് മുകളിലേക്ക് സ്‌കോര്‍ പോകുമായിരുന്നു. എന്തായാലും ഹെഡിന്റെ വെടിക്കെട്ടിനിടയിലും വലിയ സ്‌കോറിലേക്ക് പോകാതെ ഓസീസിനെ ഒതുക്കാന്‍ ഇംഗ്ലണ്ടിനായി.
എന്നാല്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിര പ്രതീക്ഷിച്ച പ്രകടനമല്ല നടത്തിയത്. 37 റണ്‍സെടുത്ത ലിയാം ലിവിങ്‌സ്റ്റനാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഫില്‍ സാള്‍ട്ട് 20 റണ്‍സും നേടി. മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തിയതോടെ നാല് പന്ത് ബാക്കിയാക്കി 151 റണ്‍സില്‍ ഇംഗ്ലണ്ട് ഓള്‍ഔട്ടായി.
ഹൈദരാബാദ് ഹെഡിനെ നിലനിര്‍ത്തിയേക്കും
ഐപിഎല്‍ മെഗാ ലേലത്തിലേക്ക് ഹെഡിനെ അയക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തയ്യാറാവില്ലെന്ന് ഉറപ്പാണ്. എല്ലാവരും ഇതിനോടകം നോട്ടമിടുന്ന താരമാണ് ഹെഡ്. അതുകൊണ്ടുതന്നെ ഹെഡ് മെഗാ ലേലത്തിലേക്കെത്തിയാല്‍ കോടികള്‍ നല്‍കാന്‍ പല ടീമുകളും തയ്യാറായേക്കും. നിലവിലെ സാഹചര്യത്തില്‍ ഹെഡിനെ കൈവിടാന്‍ ഹൈദരാബാദ് തയ്യാറായേക്കില്ല. ഹെഡ് ലേലത്തിലെത്തിയാല്‍ ഇതുവരെയുള്ള എല്ലാ ലേല റെക്കോഡുകളും തകരാനാണ് സാധ്യത കൂടുതല്‍.