
ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ്- കോലി
രണ്ടു ടീമുകള്‍ മാറ്റുരച്ച ഏകദിന പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരമെന്ന റെക്കോര്‍ഡാണ് കോലി തന്റെ പേരിലാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഈ വര്‍ഷമാദ്യം നടന്ന ഏകദിന പരമ്പരയിലായിരുന്നു ഇത്. ആറ് ഇന്നിങ്‌സുകളില്‍ നിന്നും മൂന്നു സെഞ്ച്വറിയടക്കം അദ്ദേഹം 558 റണ്‍സ് അടിച്ചെടുത്തു.
രണ്ടു ടീമുകള്‍ മാത്രമുള്ള പരമ്പരയില്‍ 500 റണ്‍സ് തികച്ച ആദ്യ താരമായും കോലി മാറിയിരുന്നു. 2014ല്‍ ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മ ഓസ്‌ട്രേലിയക്കെതിരേ സ്ഥാപിച്ച 491 റണ്‍സെന്ന റെക്കോര്‍ഡ് കോലി മറികടക്കുകയായിരുന്നു.

ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബൗളര്‍- കാറ മുറേ
ഏകദിന ക്രിക്കറ്റില്‍ ഒരു മല്‍സരത്തില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്ത ബൗളറെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് അയര്‍ലാന്‍ഡ് താരം കാറ മുറേയുടെ പേരിലായി. ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍ ന്യൂസിലാന്‍ഡ് പടുത്തുയര്‍ത്തിയ കളിയിലായിരുന്നു ഇത്. 10 ഓവര്‍ ബൗള്‍ ചെയ്ത മുറേ വഴങ്ങിയത് 119 റണ്‍സാണ്. താരത്തിന്റെ കന്നി ഏകദിന മല്‍സരം കൂടിയായിരുന്നു ഇത്.
2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഓസ്‌ട്രേലിയന്‍ പുരുഷ താരം മൈക്ക് ലൂയിസ് വഴങ്ങിയ 113 റണ്‍സായിരുന്നു നേരത്തേയുള്ള ലോക റെക്കോര്‍ഡ്.

ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍- ന്യൂസിലാന്‍ഡ്
ഏകദിന ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍ ന്യൂസിലാന്‍ഡ് വനിതാ ടീം കുറിച്ചതും 2018ലായിരുന്നു. അയര്‍ലാന്‍ഡിനെതിരേ ജൂണ്‍ എട്ടിനു നടന്ന മല്‍സരത്തില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 490 റണ്‍സാണ് കിവികളുടെ പെണ്‍പട വാരിക്കൂട്ടിയത്. 21 വര്‍ഷം മുമ്പ് സ്ഥാപിച്ച തങ്ങളുടെ തന്നെ റെക്കോര്‍ഡായ 455 റണ്‍സാണ് ന്യൂസിലാന്‍ഡ് ഇത്തവണ തിരുത്തിയത്.
ലോക റെക്കോര്‍ഡ് പിറന്ന കളിയില്‍ ന്യൂസിലാന്‍ഡിനായി സൂസി ബേറ്റ്‌സ് 94 പന്തില്‍ 151ഉം മാഡി ഗ്രീന്‍ 77 പന്തില്‍ 121ഉം റണ്‍സ് നേടിയിരുന്നു.

ഏറ്റവുമുയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് (സമാന്‍-ഇമാം)
ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡ് ഈ വര്‍ഷം പാകിസ്താന്‍ തങ്ങളുടെ പേരിലാക്കുന്നതും ക്രിക്കറ്റ് ലോകം സാക്ഷിയായി. ജൂലൈ 20നു സിംബാബ്‌വെയ്‌ക്കെതിരേ നടന്ന മല്‍സരത്തിലാണ് ആദ്യ വിക്കറ്റില്‍ ഫഖര്‍ സമാനും ഇമാമുല്‍ ഹഖും ചേര്‍ന്നു ലോകറെക്കോര്‍ഡിട്ടത്. ഒന്നാം വിക്കറ്റില്‍ 304 റണ്‍സാണ് ഇരുവരും നേടിയത്. ഇതാദ്യമായാണ് ഏകദിനത്തില്‍ ഓപ്പണര്‍മാര്‍ 300 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയത്.
2006ല്‍ ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ ശ്രീലങ്കയുടെ സനത് ജയസൂര്യയും ഉപുല്‍ തരംഗയും സ്ഥാപിച്ച 286 റണ്‍സെന്ന ലോകറെക്കോര്‍ഡ് പാക് ജോടിക്കു മുന്നില്‍ പഴങ്കഥയാവുകയായിരുന്നു.


Click it and Unblock the Notifications











