അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കാണ് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വഹിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കുവേണ്ടി 34 പന്തില്‍ 64 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ഇതില്‍ നാല് ഫോറും 5 സിക്‌സും ഉള്‍പ്പെടും. പവര്‍പ്ലേയില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കെതിരേ ബാറ്റിങ് വെടിക്കെട്ട് തന്നെയാണ് ഹിറ്റ്മാന്‍ പുറത്തെടുത്തത്.
ടി20യില്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് ഊട്ടിയുറപ്പിക്കാന്‍ രോഹിത് ശര്‍മക്ക് കഴിഞ്ഞു. ടി20യില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങി രോഹിത് നേടുന്ന 16ാമത്തെ അര്‍ധ സെഞ്ച്വറിയാണിത്. ഇന്ത്യയില്‍ നിന്ന് മറ്റൊരു താരവും ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത് 10 തവണ പോലും അര്‍ധ സെഞ്ച്വറി നേടിയിട്ടില്ല. റണ്‍സ് പിന്തുടരുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് കേമന്‍. ടി20യില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡിലും റണ്‍സിലും കോലിയാണ് കേമന്‍.

ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത് കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയവരില്‍ പാകിസ്താന്റെ മുഹമ്മദ് ഹഫീസാണ് രണ്ടാം സ്ഥാനത്ത്. 11 അര്‍ധ സെഞ്ച്വറികളാണ് പാകിസ്താന്‍ സീനിയര്‍ താരം നേടിയിട്ടുള്ളത്. ഇപ്പോഴും പാകിസ്താന്റെ ടി20 ടീമില്‍ സജീവമാണ് അദ്ദേഹം. ഈ റെക്കോഡില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍,ഫഫ് ഡുപ്ലെസിസ്,ബാബര്‍ അസാം,ആരോണ്‍ ഫിഞ്ച് എന്നിവരാണ് മൂന്നാം സ്ഥാനത്തുള്ളത്. ഇവരെല്ലാം 10 അര്‍ധ സെഞ്ച്വറി വീതമാണ് നേടിയത്.
ന്യൂസീലന്‍ഡ് ഓപ്പണറായ ഗുപ്റ്റില്‍ ടി20യില്‍ മികച്ച റെക്കോഡുള്ള താരമാണ്. ഇത്തവണ ഐപിഎല്ലില്‍ ആരും വാങ്ങാത്ത ഗുപ്റ്റില്‍ ടി20 ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡുപ്ലെസിസും ഈ റെക്കോഡില്‍ മികവോടെ ഉണ്ട്. പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസാം ഇതിനോടകം 10 അര്‍ധ സെഞ്ച്വറി നേടിക്കഴിഞ്ഞു. ഭാവിയില്‍ ഈ റെക്കോഡില്‍ തലപ്പത്തെത്താന്‍ ബാബറിന് സാധിച്ചേക്കും.
ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ഈ റെക്കോഡിന്റെ ഭാഗമായിട്ടുള്ള മറ്റൊരു താരം. സമീപകാലത്തായി മോശം ഫോമിലാണെങ്കിലും ടി20യില്‍ വമ്പന്‍ റെക്കോഡുകളുടെ ഭാഗമായിട്ടുള്ള താരം ഫിഞ്ച്. അവസാന സീസണിലെ ഐപിഎല്ലില്‍ നിരാശപ്പെടുത്തിയ ഫിഞ്ചിനെ വാങ്ങാന്‍ ഇത്തവണ ആരും തയ്യാറായിട്ടില്ല.