Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

11ാമനായി ഇറങ്ങി ടോപ് സ്‌കോര്‍, ആദ്യ അഞ്ച് സ്ഥാനക്കാരെ അറിയാം, തലപ്പത്ത് പാക് താരം

1

ക്രിക്കറ്റില്‍ വാലറ്റം നടത്തുന്ന പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. പല തവണ വാലറ്റം ടീമുകള്‍ക്ക് ജയം നേടിക്കൊടുത്തിട്ടുള്ളത് ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാണ്. ആധുനിക ക്രിക്കറ്റിലേക്ക് വരുമ്പോള്‍ വാലറ്റത്തിന്റെ ബാറ്റിങ് പ്രകടനത്തിന് വളരെ പ്രാധാന്യം ടീമുകള്‍ നല്‍കാറുണ്ട്. ബാറ്റ് ചെയ്യാന്‍ അറിയാവുന്ന ബൗളര്‍മാര്‍ക്കാണ് ടീമുകള്‍ കൂടുതല്‍ സ്ഥാനം നല്‍കുന്നത്. അതുകൊണ്ട് തന്നെ ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍ക്ക് ക്രിക്കറ്റില്‍ വലിയ പ്രാധാന്യം ലഭിക്കാറുമുണ്ട്. ഏകദിന ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ 11ാമനായി ബാറ്റിങ്ങിനിറങ്ങി ടോപ് സ്‌കോററായ താരം ആരാണെന്ന് അറിയാമോ ? ടോപ് ഫൈവിനെ പരിശോധിക്കാം.

മുഹമ്മദ് അമീര്‍

മുഹമ്മദ് അമീര്‍

പാകിസ്താന്റെ ഇടം കൈയന്‍ പേസറായ മുഹമ്മദ് അമീറാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. 58 റണ്‍സാണ് അദ്ദേഹം 11ാമനായി ബാറ്റിങ്ങിനിറങ്ങി നേടിയത്. 2016 ആഗസ്റ്റില്‍ നടന്ന ഇംഗ്ലണ്ട്-പാകിസ്താന്‍ മത്സരത്തിലാണ് അമീറിന്റെ ഈ പ്രകടനം. ഇംഗ്ലണ്ട് 444 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ ആദ്യം ബാറ്റ് ചെയ്ത് പടുത്തുയര്‍ത്തി. മറുപടിക്കിറങ്ങിയ പാകിസ്താന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 199 എന്ന നിലയിലേക്ക് തകര്‍ന്നു. പിന്നീടാണ് അമീറിന്റെ അര്‍ധ സെഞ്ച്വറി പ്രകടനം പിറന്നത്. 28 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 58 റണ്‍സ് അമീര്‍ നേടുകയായിരുന്നു. അവസാന വിക്കറ്റില്‍ യാസിര്‍ ഷായുമായി 76 റണ്‍സ് കൂട്ടുകെട്ടാണ് അമീര്‍ സൃഷ്ടിച്ചത്.

ഷുഹൈബ് അക്തര്‍

ഷുഹൈബ് അക്തര്‍

ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തും പാകിസ്താന്‍ താരമാണ്. അത് മറ്റാരുമല്ല സൂപ്പര്‍ പേസറായ ഷുഹൈബ് അക്തറാണ് ഈ താരം. 16 പന്തില്‍ 43 റണ്‍സാണ് അക്തര്‍ നേടിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ പാകിസ്താന്‍ വന്‍ തകര്‍ച്ച നേരിട്ടു. 9 വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലേക്ക് പാക് നിര തകര്‍ന്നു. 11ാമനായി ക്രീസിലെത്തിയ അക്തര്‍ സക്ലെയ്ന്‍ മുഷ്താഖുമായി ചേര്‍ന്ന് അവസാന വിക്കറ്റിലാണ് ഈ പ്രകടനം നടത്തിയത്. അഞ്ച് ഫോറും മൂന്ന് വമ്പന്‍ സിക്‌സും അക്തര്‍ പറത്തി. ഫ്‌ളിന്റോഫാണ് അക്തറിന്റെ കുതിപ്പിന് തടയിട്ടത്. മത്സരത്തില്‍ 112 റണ്‍സിന് ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തു.

മഖായ എന്‍ഡിനി

മഖായ എന്‍ഡിനി

ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് മഖായ എന്‍ഡിനിയാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ 11ാമനായി ബാറ്റിങ്ങിനിറങ്ങി 35 പന്തില്‍ പുറത്താവാതെ 42 റണ്‍സാണ് എന്‍ഡിനി നേടിയത്. 9 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക തകര്‍ന്നപ്പോഴാണ് ആല്‍ബി മോര്‍ക്കലിനൊപ്പം എന്‍ഡിനി ചേര്‍ന്നത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടെ 35 പന്തില്‍ പുറത്താവാതെ 42 റണ്‍സാണ് എന്‍ഡിനി ഈ മത്സരത്തില്‍ നേടിയത്. ഈ പ്രകടനമാണ് 9 വിക്കറ്റിന് 186 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ദക്ഷിണാഫ്രിക്കയെ എത്തിച്ചത്. എന്നാല്‍ മത്സരം ന്യൂസീലന്‍ഡ് അഞ്ച് വിക്കറ്റിന് ജയിച്ചു.

ജോയല്‍ ഗാര്‍നര്‍

ജോയല്‍ ഗാര്‍നര്‍

1983ലെ ലോകകപ്പില്‍ ഇന്ത്യക്കെതിരേ വെസ്റ്റ് ഇന്‍ഡീസിന്റെ ജോയല്‍ ഗാര്‍ണര്‍ 29 പന്തില്‍ 37 റണ്‍സാണ് നേടിയത്. വെസ്റ്റ് ഇന്‍ഡീസ് 9 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്നു. അവസാന വിക്കറ്റിലാണ് ഗാര്‍ണറും ആന്‍ഡി റോബര്‍ട്ട്‌സും ഒന്നിച്ചത്. ഒരു സിക്‌സാണ് ഗാര്‍ണര്‍ നേടിയത്. ആന്‍ഡി റോബര്‍ട്ട്‌സും 37 റണ്‍സുമായി പുറത്താവാതെ നിന്നു. ഇന്ത്യയെ 34 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെടുത്തുകയും ചെയ്തു.

പീറ്റര്‍ ഒന്‍ഗോണ്ടോ

പീറ്റര്‍ ഒന്‍ഗോണ്ടോ

കെനിയയുടെ പീറ്റര്‍ ഒന്‍ഗോണ്ടോയാണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 11ാമനായി ക്രീസിലെത്തി 42 പന്തില്‍ 36 റണ്‍സാണ് അദ്ദേഹം നേടിയത്. കെനിയ 9 വിക്കറ്റിന് 126 എന്ന നിലയിലേക്ക് തകര്‍ന്ന അവസ്ഥയിലാണ് ഒന്‍ഗോണ്ടോ ക്രീസിലെത്തിയത്. രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ജിമ്മി കമാന്‍ഡിക്കൊപ്പം 66 റണ്‍സിന്റെ കൂട്ടുകെട്ടാണ് അവസാന വിക്കറ്റില്‍ ഒന്‍ഗോണ്ടോ സൃഷ്ടിച്ചത്.

Story first published: Tuesday, April 5, 2022, 16:57 [IST]
Other articles published on Apr 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+