മുംബൈ: ലോക ക്രിക്കറ്റിലെ വന്‍ ശക്തികളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. രണ്ടു തവണ ഏകദിന ലോകകപ്പ് കിരീടം നേടിയതടക്കം നിരവധി ട്രോഫികള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും ടീമിന്റെ മുഖമായി മാറാന്‍ ഇന്ത്യന്‍ ടീമില്‍ ചില താരങ്ങളുണ്ടാവും. സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിങ്ങനെ ഈ പട്ടിക കൃത്യമായി നീണ്ടുകൊണ്ടിരിക്കുന്നു.
കഴിഞ്ഞിടെ ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ സുനില്‍ ഗവാസ്‌കര്‍ ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പണ്ടത്തെപ്പോലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് സീനിയര്‍ താരങ്ങളോട് ബഹുമാനമില്ലെന്നും നിലവിലെ ഒരു ഇന്ത്യന്‍ താരവും തന്നോട് ഉപദേശങ്ങള്‍ തേടിയിട്ടില്ലെന്നും ഗവാസ്‌കര്‍ തുറന്ന് പറഞ്ഞിരുന്നു. പണ്ടത്തെ താരങ്ങളെല്ലാം സീനിയേഴ്‌സിനോട് സംസാരിക്കാനും കാര്യങ്ങള്‍ മനസിലാക്കാനും ശ്രമിച്ചിരുന്നു.
എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ താരങ്ങള്‍ അതിന് തയ്യാറാവുന്നില്ലെന്നും ഗവാസ്‌കര്‍ വിമര്‍ശിച്ചു. ഇപ്പോഴിതാ ഗവാസ്‌കറിന്റെ അഭിപ്രായത്തിന് പിന്തുണ അറിയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും 1983ല്‍ ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്കെത്തിച്ച നായകനുമായ കപില്‍ ദേവ്. പണം ഇന്ത്യയുടെ യുവതാരങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും എല്ലാം അറിയാം എന്ന ഭാവമാണ് താരങ്ങള്‍ക്കുള്ളതെന്നുമാണ് കപില്‍ ദേവ് പറയുന്നത്.
'ഇന്നത്തെ താരങ്ങളെക്കുറിച്ച് പറഞ്ഞാല്‍ അവര്‍ വലിയ ആത്മവിശ്വാസമുള്ളവരാണെന്നതാണ് പോസിറ്റീവായ കാര്യം. അതേ സമയം അവര്‍ക്ക് എല്ലാം അറിയാം എന്ന ധാരണയാണ് നെഗറ്റീവായ കാര്യം. അവര്‍ക്ക് ആരോടും ഒന്നിനെക്കുറിച്ചും ചോദിക്കേണ്ടെന്ന നിലപാടാണുള്ളത്. ഞങ്ങളെല്ലാം അനുഭവസമ്പന്നരായ താരങ്ങളോട് ചോദിച്ച് മനസിലാക്കിയിരുന്നു. എന്നാല്‍ ഇന്ന് അതുണ്ടാകുന്നില്ല. ചിലപ്പോള്‍ അധികം പണം വരുമ്പോള്‍ താരങ്ങളുടെ അഹങ്കാരവും ഉയരും.

ഞങ്ങള്‍ക്കെല്ലാം അറിയാമെന്നാണ് ഇന്നത്തെ താരങ്ങള്‍ കരുതുന്നത്. എന്നാല്‍ ഇന്നത്തെ നിരവധി ക്രിക്കറ്റ് താരങ്ങള്‍ക്ക് സഹായം ആവശ്യമാണ്. സുനില്‍ ഗവാസ്‌കറെപ്പോലൊരു താരം അവിടെയുണ്ടാവുമ്പോള്‍ സംസാരിച്ചാല്‍ എന്താണ് പ്രശ്‌നം?. നിങ്ങളുടെ ഈഗോയാണോ ഇതിന് തടസമാവുന്നത്?. ഈഗോ മാത്രമല്ല, ഞങ്ങള്‍ക്ക് എല്ലാം അറിയാമെന്ന ധാരണയാണ് മിക്കവര്‍ക്കുമുള്ളത്'-കപില്‍ ദേവ് പറഞ്ഞു.
ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുകയെന്നതിലുപരിയായി ഐപിഎല്ലില്‍ കയറിപ്പറ്റുകയെന്നതാണ് താരങ്ങളുടെ ലക്ഷ്യം. ഇന്ത്യക്കായി ഒരു വര്‍ഷം കളിക്കുമ്പോള്‍ ലഭിക്കുന്ന പ്രതിഫലത്തിന്റെ മൂന്ന് മടങ്ങെങ്കിലും ഐപിഎല്ലില്‍ താരങ്ങള്‍ക്ക് ലഭിക്കുന്നു. കൂടാതെ പ്രശസ്തിയുമുണ്ട്. പണ്ടെത്തെപ്പോലെ ആഭ്യന്തര ക്രിക്കറ്റില്‍ മികവുകാട്ടിയാല്‍ മാത്രം ഇന്ത്യന്‍ ടീമിലേക്കെത്തുന്ന സാഹചര്യമല്ല നിലവിലുള്ളത്. ഐപിഎല്ലിലെ പ്രകടനവും ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ തുടങ്ങി.
ഐപിഎല്ലില്‍ കളിക്കുന്നതോടെ മികച്ച വിദേശ പരിശീലകരോടും വിദേശ താരങ്ങളോടുമൊപ്പം കളിക്കാനുള്ള അവസരം താരങ്ങള്‍ക്ക് ലഭിക്കുന്നു. ഇന്ന് സൂപ്പര്‍ താരങ്ങളെന്ന് പേരെടുക്കുന്നവര്‍ നിരവധിയാണെങ്കിലും വലിയ കരിയര്‍ സൃഷ്ടിക്കുന്ന താരങ്ങളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. അതിനു കാരണം മികച്ച സാങ്കേതികതയുടെ കുറവാണ്. അനുഭവസമ്പന്നരായ താരങ്ങളുമായി സംസാരിച്ച് പഠിക്കാന്‍ ഇന്നത്തെ താരങ്ങള്‍ക്ക് സാധിക്കുന്നില്ല.
ഇന്ത്യയുടെ ഇന്നത്തെ താരങ്ങളെക്കുറിച്ച് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത് ഇങ്ങനെയാണ്. 'ഇന്നത്തന്നെ ഒരു താരങ്ങളും സംസാരിക്കാനായി വരാറില്ല. രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവരെല്ലാം മിക്കപ്പോഴും എന്റെ അടുത്ത് വരുമായിരുന്നു. ചില പിഴവുകളെക്കുറിച്ച് അവര്‍ ചോദിക്കുമ്പോള്‍ എനിക്ക് തോന്നിയിട്ടുള്ള കാര്യങ്ങള്‍ അവരോട് പറയാറുണ്ടായിരുന്നു.
എനിക്ക് അതിന് യാതൊരു മടിയോ ഈഗോയോ ഇല്ലായിരുന്നു. രാഹുല്‍ ദ്രാവിഡ് പരിശീലകനായ ശേഷം അദ്ദേഹത്തോട് സംസാരിക്കാറില്ല. അധികം സംസാരിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാതിരിക്കാനാണിത്'-ഗവാസ്‌കര്‍ പറഞ്ഞു. ഇന്നത്തെ പല താരങ്ങള്‍ക്കും ടെസ്റ്റില്‍ മാതൃകയാക്കാവുന്ന താരമാണ് ഗവാസ്‌കര്‍. ക്ഷമയും ക്ലാസിക് ബാറ്റിങ്ങും മികച്ച സാങ്കേതികതയുമെല്ലാം കൈവശമുള്ള ഇന്ത്യയുടെ ഇതിഹാസ താരമായിരുന്നു ഗവാസ്‌കറെന്ന് നിസംശയം പറയാം.