വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് രണ്ടാം ദിനത്തിലേക്ക് പുരോഗമിക്കുകയാണ്. ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 383 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 179 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ഒന്നാം ഇന്നിങ്‌സിലെ ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കത്തിലേ തന്നെ സ്റ്റീവ് സ്മിത്തിനെ നഷ്ടമായി. ഓപ്പണറായി ഇറങ്ങിയ സ്മിത്ത് 3 പന്ത് നേരിട്ട് ഡെക്കിന് പുറത്തായി.
കിവീസ് പേസറും നായകനുമായ ടിം സൗത്തിയാണ് സ്മിത്തിനെ ഡെക്കിന് മടക്കിയത്. ഇതോടെ ചരിത്ര നേട്ടത്തിലേക്ക് സൗത്തിയെത്തിയിരിക്കുകയാണ്. സ്മിത്തിനെ ഡെക്കിന് പുറത്താക്കിയ ബൗളര്‍മാര്‍ ഏറെയാണ്. എന്നാല്‍ ടെസ്റ്റില്‍ സ്മിത്തിനെ ക്ലീന്‍ബൗള്‍ഡാക്കി ഡെക്കിന് പുറത്താക്കുന്ന ആദ്യത്തെ ബൗളറാണ് സൗത്തി. ഈ ചരിത്ര നേട്ടത്തില്‍ ആദ്യമായെത്തിയ ബൗളറെന്ന റെക്കോഡ് ഇനി സൗത്തിക്ക് സ്വന്തം. ഡേവിഡ് വാര്‍ണര്‍ വിരമിച്ചതോടെയാണ് ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ സ്ഥാനത്തേക്ക് സ്മിത്ത് എത്തുന്നത്.

സമീപകാലത്തെ താരത്തിന്റെ ടെസ്റ്റിലെ കണക്ക് പരിശോധിക്കുമ്പോള്‍ അദ്ദേഹം പിന്നോട്ട് പോവുകയാണെന്ന് വ്യക്തം. 2019ല്‍ 64.95 ആയിരുന്നു സ്മിത്തിന്റെ ടെസ്റ്റിലെ ശരാശരി. 2024ലേലെക്കെത്തുമ്പോള്‍ അത് 57.53 ആയി കുറയുകയാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് പറയാം. ഓപ്പണര്‍ റോളിലേക്ക് മാറിയതും സ്മിത്തിന്റെ പ്രകടനത്തെ പിന്നോട്ടടിക്കുന്നു. പഴയതുപോലെ നാലാം നമ്പറിലേക്ക് സ്മിത്ത് ബാറ്റിങ് ഓഡര്‍ മാറ്റുന്നതാണ് നല്ലതെന്ന് പറയാം.
38, 4, 12, 11, 6, 91, 31, 0 എന്നിങ്ങനെയാണ് സ്മിത്തിന്റെ അവസാന ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനങ്ങള്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് തിരിച്ചുവരവ് നടത്താന്‍ ബാറ്റിങ് ഓഡറില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം. സ്മിത്തിനെ കൂടുതല്‍ തവണ ടെസ്റ്റില്‍ പുറത്താക്കിയ ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ്. 9 തവണയാണ് ബ്രോഡിന്റെ നേട്ടം. ജെയിംസ് ആന്‍ഡേഴ്‌സനും ആര്‍ അശ്വിനും എട്ട് തവണ വീതം സ്മിത്തിനെ ടെസ്റ്റില്‍ പുറത്താക്കിയിട്ടുണ്ട്.
ടെസ്റ്റില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ 31 റണ്‍സാണ് സ്മിത്ത് നേടിയത്. ഉസ്മാന്‍ ഖ്വാജ 33 റണ്‍സും നേടി. മിച്ചല്‍ മാര്‍ഷ് 40 റണ്‍സും അടിച്ചെടുത്തു. എന്നാല്‍ മധ്യനിരയില്‍ മികച്ച കൂട്ടുകെട്ടില്ലാതെ ഓസ്‌ട്രേലിയ തകര്‍ച്ച നേരിട്ടു. എന്നാല്‍ ഈ പ്രശ്‌നത്തില്‍ നിന്ന് ഓസ്‌ട്രേലിയയെ കരകയറ്റിയത് കാമറൂണ്‍ ഗ്രീനാണ്. 275 പന്ത് നേരിട്ട് 174 റണ്‍സോടെ ഗ്രീന്‍ പുറത്താവാതെ നിന്നു. 23 ഫോറും 5 സിക്‌സുമാണ് അദ്ദേഹം പറത്തിയത്.
ഇതാണ് 383 എന്ന മാന്യമായ സ്‌കോറിലേക്ക് ഓസ്‌ട്രേലിയയെ എത്തിച്ചത്. മാറ്റ് ഹെന്റി കിവീസിനായി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് കൂട്ടത്തകര്‍ച്ചയാണ് നേരിട്ടത്. ഇതോടെയാണ് 179 റണ്‍സില്‍ ടീം ഒതുങ്ങിയത്. 71 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് കിവീസിന്റെ ടോപ് സ്‌കോറര്‍.
മാറ്റ് ഹെന്‍ റി 42 റണ്‍സും ടോം ബ്ലണ്ടല്‍ 33 റണ്‍സും നേടി. കെയ്ന്‍ വില്യംസണും രചിന്‍ രവീന്ദ്രയും ഡെക്കിന് പുറത്തായതാണ് ന്യൂസീലന്‍ഡിനെ പിന്നോട്ടടിച്ചത്. ഓസ്‌ട്രേലിയക്കായി നതാന്‍ ലിയോണ്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി.
രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയക്ക് 13 റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. സ്റ്റീവ് സ്മിത്ത് ഡെക്കിന് പുറത്തായപ്പോള്‍ മാര്‍നസ് ലബ്യുഷെയ്ന്‍ 2 റണ്‍സിലും മടങ്ങി. ഉസ്മാന്‍ ഖ്വാജയും (5) നതാന്‍ ലിയോണുമാണ് (6) ക്രീസില്‍. രണ്ട് വിക്കറ്റും സൗത്തിയാണ് വീഴ്ത്തിയത്. ശക്തമായ തിരിച്ചുവരവ് നടത്താന്‍ കിവീസിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. രണ്ട് ടീമും ശക്തരായതിനാല്‍ വരുന്ന ദിവസങ്ങളില്‍ പോരാട്ടം കടുക്കുമെന്നുറപ്പ്.