അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെറും മൂന്നു മല്‍സരങ്ങള്‍ കൊണ്ടു തന്നെ ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ് യുവ താരം തിലക് വര്‍മ. ഐപിഎല്ലിന്റെ കഴിഞ്ഞ രണ്ടു സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനായി നടത്തിയിട്ടുള്ള സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കരീബിയന്‍ പര്യടനത്തില്‍ അദ്ദേഹത്തിനു ദേശീയ ടീമിലേക്കു വഴിയൊരുക്കുകയായിരുന്നു. മുംബൈയുടെ നീലക്കുപ്പായത്തില്‍ നിന്നും ടീം ഇന്ത്യയുടെ നീല ജഴ്‌സിയിലേക്കു വന്നപ്പോഴും തിലക് മാറിയില്ല.
വിന്‍ഡീസിനെതിരായ ആദ്യ ടി20യിലൂടെ അരങ്ങേറിയ ഇടംകൈയന്‍ ബാറ്റര്‍ തുടക്കം മോശമാക്കിയില്ല. ഇന്ത്യയുടെ മറ്റു ബാറ്റര്‍മാരെല്ലാം റണ്ണെടുക്കാനാവാതെ മുട്ടുവിറച്ച് നിന്നപ്പോള്‍ 22 ബോളില്‍ 39 റണ്‍സോടെ തിലക് ടീമിന്റെ രക്ഷകനായി മാറി. ആദ്യ മല്‍സരത്തില്‍ നിര്‍ത്തിയ ഇടത്തു നിന്നാണ് രണ്ടാമങ്കത്തില്‍ താരം തുടങ്ങിയത്. 41 ബോളില്‍ 51 റണ്‍സെടുത്ത തിലക് കന്നി ഫിഫ്റ്റി സ്വന്തം പേരിലേക്കു കൂട്ടിച്ചേര്‍ത്തു.

അവസാനമായി നടന്ന മൂന്നാമത്തെ കളിയില്‍ ഇന്ത്യ ഏഴു വിക്കറ്റ് ജയം കൊയ്തപ്പോള്‍ പുറത്താവാതെ 49 റണ്‍സോടെ തിലക് ക്രീസിലുണ്ടായിരുന്നു. മൂന്നു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 139 റണ്‍സുമായി നിലവില്‍ പരമ്പരയിലെ ടോപ്‌സ്‌കോറര്‍ കൂടിയാണ് താരം. കന്നി പരമ്പരയില്‍ തന്നെ ഇത്രയും സ്ഥിരതയും പക്വതയുമുള്ള ഇന്നിങ്‌സുകള്‍ കളിച്ചതോടെ തിലകിനെ വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ലോകകപ്പിലുമെല്ലാം ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയരുകയാണ്.
കളിച്ച മൂന്നു ടി20കളിലും തിളങ്ങിയതോടെ ഐസിസി റേറ്റിങ് പോയിന്റിലും തിലക് വലിയ കുതിപ്പാണ് നടത്തിയിരിക്കുന്നത്. 503 റേറ്റിങ് പോയിന്റുമായി റാങ്കിങില്‍ താരം 46ാം സ്ഥാനത്തു എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റുമായ സുരേഷ് റെയ്‌നയോടാണ് പലരും ഇപ്പോള്‍ തിലകിനെ ഉപമിക്കുന്നത്.
താരത്തിന്റെ ചില ഷോട്ടുകള്‍ റെയ്‌നയെ ഓര്‍മിപ്പിക്കുന്നതാണെന്നും അവര്‍ പറയുന്നു. റെയ്‌നയുടെ പിന്‍ഗാമിയാവാന്‍ ഏറ്റവും യോഗ്യന്‍ തിലകാണെന്നാണ് ആരാധകര്‍ ഉറപ്പിച്ചുപറയുന്നത്. റെയ്‌നയുമായി തിലകിന്റെ ബാറ്റിങിനു സാമ്യതകള്‍ വരാന്‍ ഒരു കാരണം കൂടിയുണ്ട്.
ബാറ്റിങില്‍ അദ്ദേഹം മാതൃകയാക്കിയിരിക്കുന്നത് റെയ്‌നയെ തന്നെയാണെന്നതു പലര്‍ക്കും അറിയാത്ത രഹസ്യമാണ്. തന്റെ ആരാധനാപാത്രത്തിന്റെ വഴിയെ തന്നെയാണ് തിലകിന്റെയും യാത്രയെന്നു പറയേണ്ടി വരും. കാരണം ഇരുവരും തമ്മില്‍ അതിശയിപ്പിക്കുന്ന ഒമ്പതു സാമ്യങ്ങളുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

റെയ്‌നയും തിലകും ജനിച്ചത് നവംബര്‍ മാസത്തിലാണെന്നതാണ് ആദ്യത്തെ സാമ്യം. ഇരുവരും ഇടംകൈയന്‍ ബാറ്റര്‍മാരാണെന്നതു രണ്ടാമത്തെ സാമ്യമാണ്. ഇരുവരും വലംകൈ ഓഫ്‌ബ്രേക്ക് ബൗളര്‍മാരാണ്. കരിയറിലെ രണ്ടാമത്തെ അന്താരാഷ്ട്ര ടി20യിലാണ് റെയ്‌നയും തിലകും ആദ്യത്തെ ഫിഫ്റ്റി നേടിയിരിക്കുന്നത്. ഐപിഎല്ലിന്റെ ആദ്യത്തെ രണ്ടു സീസണുകളിലും ഇരുവരും 350 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്തുവെന്നത് അഞ്ചാമത്തെ സാമ്യമാണ്.
20ാം വയസ്സിലാണ് റെയ്‌നയും തിലകും ഇന്ത്യക്കു വേണ്ടി ആദ്യത്തെ അന്താരാഷ്ട്ര ടി20 മല്‍സരം കളിച്ചത്. അരങ്ങേറ്റത്തില്‍ ഇരുവരും രണ്ടു ക്യാച്ചുകള്‍ വീതമെടുത്തുവെന്നത് അടുത്ത സാമ്യതയാണ്. റെയ്‌ന കന്നി ടി20 ഫിഫ്റ്റി കുറിച്ച മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
തിലക് കന്നി ഫിഫ്റ്റി നേടിയ കളിയിലും ടീമിനു തോല്‍വി തന്നെയായിരുന്നു. ഈ രണ്ടു മല്‍സരങ്ങളിലും എതിര്‍ ടീം 18.5 ഓവറില്‍ വിജയറണ്‍സ് നേടിയെന്നതും കൗതുകമാണ്. റെയ്‌നയും തിലകും തമ്മിലുള്ള ഒമ്പതാമത്തെ സാമ്യം ഇന്ത്യ റണ്‍ ചേസ് നടത്തി ജയിച്ച കളിയില്‍ ഇരുവരും പുറത്താവാതെ 49 റണ്‍സ് വീതം നേടിയിരുന്നുവെന്നതാണ്.