സെഞ്ച്വറിയടിച്ചിട്ടും കൂവല്‍! ഇന്ത്യക്കാരുടെ വേഗം കുറഞ്ഞ സെഞ്ച്വറികള്‍- കൂട്ടത്തില്‍ സച്ചിനും
സെഞ്ച്വറികള്‍ നേടുകയെന്നത് ഏതൊരു ക്രിക്കറ്ററുടെയും കരിയറിലെ അഭിമാന മുഹൂര്‍ത്തമാണ്. ഒരു ബാറ്റ്‌സ്മാന് ലോകം കൊടുക്കുന്ന അംഗീകാരത്തിന്റെ അളവ് കോല്‍ കൂടിയാണ് സെഞ്ച്വറി. എത്ര മികച്ച നേട്ടങ്ങള്‍ കൈവരിച്ചാലും മാച്ച് വിന്നിങ് ഇന്നിങുസള്‍ കളിച്ചാലും ഒരു ബാറ്റ്‌സ്മാന് അര്‍ഹിച്ച അംഗീകാരം ലഭിക്കണമെന്നില്ല. എന്നാല്‍ സ്വന്തം പേരില്‍ സെഞ്ച്വറിയുണ്ടെങ്കില്‍ ആ താരത്തിന്റെ വില ഒന്നു വേറെ തന്നെയാണ്.
എന്നാല്‍ സെഞ്ച്വറികള്‍ നേടിയിട്ടും അതിന്റെ പേരില്‍ പഴിയും പരിഹാസവുമെല്ലാം കേള്‍ക്കേണ്ടി വന്ന ചില താരങ്ങളുണ്ട്. ഒരുപാട് സമയം ക്രീസില്‍ ചെലവഴിച്ച്, കാണികളെ മുഴുവന്‍ ബോറടിപ്പിച്ച് സെഞ്ച്വറി നേടിയാലും അവര്‍ക്കു കൈയടി ലഭിക്കില്ല. ഇത്തരത്തില്‍ ഏകദിനത്തില്‍ ഏറ്റവും വേഗം കുറഞ്ഞ മൂന്നു സെഞ്ച്വറികള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം സെഞ്ച്വറികളെന്ന ലോക റെക്കോര്‍ഡിന് അവകാശിയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 49 സെഞ്ച്വറികള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാല്‍ ഇവയിലൊരു സെഞ്ച്വറിയുടെ പേരില്‍ സച്ചിന് സ്വന്തം ആരാധകരില്‍ നിന്നു പോലും ചീത്ത കേട്ടിട്ടുണ്ട്.
2000 ഒക്ടോബറില്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു കാണികളുടെ ക്ഷമ പരീക്ഷിച്ച സച്ചിന്റെ ഈ സെഞ്ച്വറി. അന്നു 100 റണ്‍സ് തികയ്ക്കാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ചെലവഴിച്ചത് 138 പന്തുകളായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 224 റണ്‍സെടുത്തെങ്കിലും ലങ്ക 43.5 ഓവറില്‍ ലക്ഷ്യം മറികടന്നു.
ഇതേ പ്രകടനം സച്ചിന്‍ കരിയറില്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചിട്ടുണ്ട്. 2012ലെ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരേയും സച്ചിന്‍ ഇത്രയും ബോളുകളിലാണ് സെഞ്ച്വറി കണ്ടെത്തിയത്.

അജയ് ജഡേജ
ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം അജയ് ജഡേജയും കരിയറില്‍ ഒരു തവണ വേഗം കുറഞ്ഞ സെഞ്ച്വറിയുടെ പേരില്‍ വിമര്‍ശനം നേരിട്ടിട്ടുണ്ട്. സച്ചിന്റേതിനു സമാനമായി ജഡേജും അന്നു സെഞ്ച്വറി തികയ്ക്കാന്‍ 138 പന്തുകളെടുത്തു. 1999ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.
അന്നു ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ ജഡേജയും റോബിന്‍ സിങും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 141 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി കരകയറ്റുകയായിരുന്നു. 283 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ നാലിന് 17 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിട്ടപ്പോഴായിരുന്നു ജഡേജ-റോബിന്‍ സഖ്യം ക്രീസില്‍ ഒന്നിച്ചത്. എന്നാല്‍ ഇവരൊഴികെ മറ്റാരും ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നില്ല. കളിയില്‍ ഇന്ത്യ 77 റണ്‍സിന്റെ കനത്ത തോല്‍വിയേറ്റു വാങ്ങുകയും ചെയ്തിരുന്നു.

സൗരവ് ഗാംഗുലി
വേഗം കുറഞ്ഞ ഇന്ത്യന്‍ സെഞ്ച്വറിക്കാരുടെ നിരയില്‍ മൂന്നാമതുള്ളത് മുന്‍ നായകനും ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണ്. സച്ചിനെയും ജഡേജയെയും കടത്തിവെട്ടിയ ദാദയ്ക്കു 100 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത് 141 പന്തുകളാണ്. 1999ല്‍ നാഗ്പൂരില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ഏകദിനത്തിലായിരുന്നു ഗാംഗുലിയുടെ ഈ പ്രകടനം. ഏകദിന ചരിത്രത്തിലെ തന്നെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറി കൂടിയാണിത്.
ഗാംഗുലിയെക്കൂടാതെ രാഹുല്‍ ദ്രാവിഡും സെഞ്ച്വറിയടിച്ചപ്പോള്‍ നാഗ്പൂര്‍ ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ നാലു വിക്കറ്റിന് 287 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. മല്‍സരത്തില്‍ ഇന്ത്യ 80 റണ്‍സിന്റെ ജയവും സ്വന്തമാക്കി. സെഞ്ച്വറിക്കൊപ്പം നാലു വിക്കറ്റുമായി ബൗളിങിലും തിളങ്ങിയ ഗാംഗുസിലാണ് അന്നു മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. 21 റണ്‍സ് വഴങ്ങിയാണ് ദാദ നാലു പേരെ പുറത്താക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications