ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സ് നേടിയ സച്ചിന്റെ ലോക റെക്കോഡ് തകര്‍ക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഒരു സമയത്ത് മുന്‍ ഇംഗ്ലണ്ട് നായകന്‍ അലെസ്റ്റര്‍ കുക്ക് സച്ചിന്റെ ടെസ്റ്റ് റണ്‍സ് റെക്കോഡ് തകര്‍ക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഈ നേട്ടത്തിലേക്കെത്താന്‍ കാത്തുനില്‍ക്കാതെ കുക്ക് വിരമിച്ചു.
വിരാട് കോലി സച്ചിന്റെ ഏകദിന സെഞ്ച്വറികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും ടെസ്റ്റില്‍ സച്ചിന്റെ റണ്‍റെക്കോഡിനെ മറികടക്കാനാവില്ലെന്നുറപ്പ്. എന്നാലിപ്പോള്‍ സച്ചിന്റെ ടെസ്റ്റ് റണ്‍സ് റെക്കോഡുകള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായി ജോ റൂട്ട്. അയര്‍ലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിലൂടെ 11000 റണ്‍സ് ക്ലബ്ബിലേക്ക് റൂട്ട് എത്തിയിരിക്കുകയാണ്. 130 ടെസ്റ്റില്‍ നിന്നായി 238 ഇന്നിങ്‌സ് കളിച്ചാണ് റൂട്ട് 11000 റണ്‍സ് ക്ലബ്ബിലേക്കെത്തിയത്.

50.46 ശരാശരിയില്‍ കളിക്കുന്ന റൂട്ട് 29 സെഞ്ച്വറിയും 58 ഫിഫ്റ്റിയും നേടിയിട്ടുണ്ട്. 254 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 32കാരനായ റൂട്ട് നിലവില്‍ ടെസ്റ്റില്‍ മാത്രമാണ് സജീവമായിട്ടുള്ളത്. ഏകദിനത്തില്‍ റൂട്ടിനെ ഇംഗ്ലണ്ട് കാര്യമായി പരിഗണിക്കുന്നുമില്ല. അതുകൊണ്ട് തന്നെ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ടെസ്റ്റില്‍ കളി തുടരാന്‍ റൂട്ടിന് സാധിക്കും. എന്നാല്‍ സച്ചിന്റെ ടെസ്റ്റ് റണ്‍സ് റെക്കോഡ് തകര്‍ക്കാന്‍ റൂട്ടിന് സാധിക്കുമോ?. പരിശോധിക്കാം.
നിലവിലെ താരത്തിന്റെ പ്രായവും പ്രകടനവും പരിഗണിക്കുമ്പോള്‍ റൂട്ട് സച്ചിനെ മറികടക്കാന്‍ സാധ്യത കൂടുതലാണെന്ന് പറയാം. റൂട്ടിന്റെ പ്രായം തന്നെയാണ് പ്രധാന കാരണം. 32 വയസിനുള്ളില്‍ 11,000 റണ്‍സിലേക്കെത്താന്‍ റൂട്ടിനായി. വലിയ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ബാധിച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷമെങ്കിലും റൂട്ട് കളിക്കും. ഈ കാലയളവിനുള്ളില്‍ സച്ചിനെ മറികടക്കാന്‍ റൂട്ടിന് സാധിക്കുമെന്ന് തന്നെ വിലയിരുത്താം. അതിനനുസരിച്ചുള്ള പ്രകടനമാണ് ഇപ്പോള്‍ താരം കാഴ്ചവെക്കുന്നത്.

രണ്ടാമത്തെ കാര്യം ഇംഗ്ലണ്ട് ടീമിന്റെ ടെസ്റ്റ് മത്സരങ്ങളുടെ എണ്ണമാണ്. കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ടീമാണ് ഇംഗ്ലണ്ട്. അതുകൊണ്ട് തന്നെ ഒരു വര്‍ഷം നാലിലധികം ടെസ്റ്റ് പരമ്പരയെങ്കിലും ഇംഗ്ലണ്ട് കളിക്കും. ഇതോടെ സച്ചിന്റെ റെക്കോഡ് തകര്‍ക്കാന്‍ ആവിശ്യമായ മത്സരങ്ങള്‍ റൂട്ടിന് ലഭിക്കുമെന്നുറപ്പാണ്. നിലവിലെ റൂട്ടിന്റെ ഫോമും വിലയിരുത്തുമ്പോള്‍ സച്ചിനെ കടത്തിവെട്ടാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നുറപ്പ്.
ഒരു വര്‍ഷം ആയിരത്തിലധികം റണ്‍സ് നിരവധി തവണ നേടിയിട്ടുള്ള താരമാണ് റൂട്ടെന്നതും അദ്ദേഹം ഈ റെക്കോഡിലേക്കെത്താനുള്ള സാധ്യതകള്‍ ഉയര്‍ത്തുന്നു. 2012ല്‍ അരങ്ങേറ്റം കുറിച്ച റൂട്ട് 2014ല്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കി. 2017ല്‍ 5000 റണ്‍സെന്ന നാഴികക്കല്ലും റൂട്ട് പിന്നിട്ടു. 2018, 2019, 2021, 2022, 2023 സീസണുകളിലെല്ലാം 1000 റണ്‍സിലധികം അദ്ദേഹം നേടിയിട്ടുണ്ട്. ഈ കണക്കുകള്‍ നോക്കിയാല്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ത്തന്നെ സച്ചിനെ റൂട്ട് മറികടന്നേക്കും.
എന്നാല്‍ കുക്കിന് സംഭവിച്ചതുപോലെ അവസാന സമയങ്ങളില്‍ പരിക്ക് റൂട്ടിനെ വലക്കുമോയെന്നാണ് കണ്ടറിയേണ്ടത്. വലിയൊരു പരിക്ക് നേരിട്ടാല്‍ അതിനെ മറികടക്കുക റൂട്ടിന് എളുപ്പമാവില്ല. അല്ലാത്ത പക്ഷം റൂട്ട് സച്ചിനെ അനായാസമായി മറികടക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ടെസ്റ്റ് ക്രിക്കറ്റിനായി ശേഷിക്കുന്ന കരിയര്‍ റൂട്ട് മാറ്റിവെച്ചേക്കും. ഈ സീസണില്‍ ഐപിഎല്ലില്‍ റൂട്ട് കളിച്ചിരുന്നു. എന്നാല്‍ വരുന്ന സീസണ്‍ മുതല്‍ ടെസ്റ്റില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നുറപ്പാണ്.