Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ ഇന്ത്യ പതറുന്നു, വിജയവഴിയിലെത്താന്‍ ദീപക് ഒപ്പം വേണം! കാരണങ്ങളിതാ

ടി20 ലോകകപ്പ് അടുത്ത വര്‍ഷം നടക്കാന്‍ പോവുകയാണ്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന കുട്ടിക്രിക്കറ്റ് മാമാങ്കത്തിനായുള്ള പടയൊരുക്കം ഇപ്പോഴേ ടീമുകള്‍ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യ യുവതാരങ്ങളെ വളര്‍ത്തി ടി20 ലോകകപ്പിനിറക്കാമെന്ന കണക്കുകൂട്ടലിലാണ്. അതിനായി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കുകയും രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയേഴ്‌സിനെയെല്ലാം ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ നിന്ന് തഴയുകയും ചെയ്തു.

ഇന്ത്യയുടെ യുവനിരയില്‍ പ്രതീക്ഷ ഏറെയായിരുന്നെങ്കിലും അതിനൊത്ത പ്രകടനം യുവനിരയില്‍ നിന്ന് ഉണ്ടാകുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യത്തെ രണ്ട് ടി20യും ഇന്ത്യ തോറ്റു. ഇതോടെ ഇന്ത്യയുടെ യുവനിരയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പറയാം. ഇന്ത്യയുടെ നിലവിലെ ടീം സാഹചര്യം വിലയിരുത്തുമ്പോള്‍ ദീപക് ചഹാര്‍ ഇന്ത്യന്‍ ടീമിനൊപ്പമെത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ദീപക്കിന്റെ സാന്നിധ്യം നിര്‍ണ്ണായകമാണെന്ന് പറയാനുള്ള കാരണങ്ങള്‍ പരിശോധിക്കാം.

ഒന്നാമത്തെ കാര്യം ന്യൂബോളിലുള്ള മികവാണ്. പന്തിനെ രണ്ടുവശത്തേക്കും സ്വിങ് ചെയ്യിക്കാന്‍ കഴിവുള്ള ബൗളറാണ് ദീപക്. അദ്ദേഹത്തിന്റെ ബൗളിങ്ങില്‍ സ്വാഭാവികമായി സ്വിങ്ങുണ്ട്. അതുകൊണ്ടുതന്നെ തുടക്കത്തിലേ വിക്കറ്റ് വീഴ്ത്താന്‍ കഴിവുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ മുകേഷ് കുമാറും അര്‍ഷദീപ് സിങ്ങുമാണ് ഇന്ത്യയുടെ പേസ് നിരയെ നയിക്കുന്നത്. രണ്ട് പേര്‍ക്കും ന്യൂബോളില്‍ വലിയ മികവ് കാട്ടാനാവുന്നില്ല. ഏത് പിച്ചിലും മികവ് കാട്ടുന്ന ചഹാറിനെ മടക്കി എത്തിക്കുന്നതിന് ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നു.

ന്യൂബോളിലാണ് അദ്ദേഹം കൂടുതല്‍ വിക്കറ്റ് നേടിയത്. 29 ടി20 വിക്കറ്റുകളില്‍ 15 വിക്കറ്റും ന്യൂബോളിലായിരുന്നു. പവര്‍പ്ലേയ്ക്കുള്ളില്‍ എതിരാളികളെ വിറപ്പിക്കാനും മത്സരം കൈപ്പിടിയിലാക്കാനും ദീപക്കിന് മികവുണ്ട്. പവര്‍പ്ലേയില്‍ അധികം റണ്‍സ് വഴങ്ങാതെ വിക്കറ്റ് നേടാന്‍ സാധിക്കുമെന്നതും അദ്ദേഹത്തിന്റെ മികവാണ്. ദീപക്കിനെപ്പോലൊരു ബൗളറെ ഇന്ത്യ നിലവില്‍ മിസ് ചെയ്യുന്നുണ്ടെന്നതാണ് വസ്തുത. ടി20 ലോകകപ്പില്‍ ദീപക് ഇന്ത്യയുടെ പ്ലേയിങ് 11 വേണം.

deepak chahar

രണ്ടാമത്തെ കാരണം ദീപക്കിന്റെ ബാറ്റിങ് മികവാണ്. നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ് ദീപക്. ഇന്ത്യയുടെ പേസ് നിരയെ നോക്കിയാല്‍ ടി20യില്‍ വലിയ റണ്‍സ് നേടാന്‍ കഴിവുള്ളവര്‍ ഇല്ല. അതുകൊണ്ടുതന്നെ ദീപക്കിനെപ്പോലൊരാള്‍ ടീമില്‍ വേണം. നിലവില്‍ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും കഴിഞ്ഞാല്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ വെടി തീര്‍ന്നു. എന്നാല്‍ ദീപക് അത്യാവശ്യം റണ്‍സടിക്കാന്‍ കഴിവുള്ളവനാണ്.

ഓള്‍റൗണ്ടറെന്ന് തന്നെ ദീപക്കിനെ വിശേഷിപ്പിക്കാം. ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയുടെ ബാറ്റിങ് നിര തകര്‍ന്നപ്പോള്‍ അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ ദീപക്കിനായിരുന്നു. ടി20യില്‍ ഒരു റണ്‍സ് പോലും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ദീപക്കിനെപ്പോലൊരു താരത്തെ ഒപ്പം കൂട്ടിയാല്‍ ഇന്ത്യയുടെ ബാറ്റിങ് കരുത്ത് ഉയരുകയും വിജയ സാധ്യത കൂടുകയും ചെയ്യും. 45 ഇന്നിങ്‌സില്‍ നിന്ന് 132.91 സ്‌ട്രൈക്കറേറ്റില്‍ 319 റണ്‍സാണ് ദീപക് നേടിയത്.

സിഎസ്‌കെ താരമായ ദീപക് ഓള്‍റൗണ്ട് പ്രകടനം നടത്തി കൈയടി നേടിയിട്ടുണ്ട്. മൂന്നാമത്തെ കാര്യം ഡെത്തോവറിലും മികവ് കാട്ടുന്നു എന്നതാണ്. യോര്‍ക്കറുകള്‍ എറിയാനും സ്ലോ കട്ടറുകള്‍ എറിയാനും ദീപക് മിടുക്കനാണ്. തന്ത്രശാലിയായ ബൗളറാണ് ദീപക്. അതുകൊണ്ടുതന്നെ ഡെത്തോവറുകളില്‍ മിടുക്കുകാട്ടാന്‍ കഴിവുണ്ട്. ടി20യില്‍ ഡെത്തോവറിലെ ബൗളിങ് പ്രകടനം നിര്‍ണ്ണായകമാണ്. മത്സരഫലത്തെ മാറ്റുന്നതില്‍ ഈ ഓവറുകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്.

അതുകൊണ്ടുതന്നെ ഡെത്തോവറില്‍ ദീപക്കിനെപ്പോലൊരു ബൗളറെ ഇന്ത്യക്ക് അത്യാവശ്യമാണ്. വെസ്റ്റ് ഇന്‍ഡീസ് പരമ്പര പുരോഗമിക്കുമ്പോള്‍ ദീപക്കിനെപ്പോലൊരു ഓള്‍റൗണ്ടറുടെ അഭാവം ഇന്ത്യയെ കാര്യമായിട്ട് ബാധിച്ചിട്ടുണ്ടെന്ന് പറയാം.

Story first published: Tuesday, August 8, 2023, 13:55 [IST]
Other articles published on Aug 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+