അന്താരാഷ്ട്ര ക്രിക്കറ്റില്‍ തനിക്കെതിരേ വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുള്ളവരില്‍ നിന്നും ഏറ്റവും മികച്ച താരങ്ങളെ തിരഞ്ഞെടുത്ത് ഓള്‍ടൈം ഇലവന്‍ തയ്യാറാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ കോച്ച് കോച്ച് ഗൗതം ഗംഭീര്‍. ചില വമ്പന്‍ താരങ്ങള്‍ ഈ ഇലവനില്‍ നിന്നും തഴയപ്പെട്ടുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ റിക്കി പോണ്ടിങ്, മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍, പാകിസ്താന്റെ മുന്‍ പേസ് വിസ്മയം വസീം അക്രം തുടങ്ങിയവരൊന്നും ഈ ഇലവനില്‍ ഉള്‍പ്പെട്ടിട്ടില്ല.
ഓസ്‌ട്രേലിയ, പാകിസ്താന്‍ താരങ്ങളുടെ ആധിപത്യമാണ് ഗംഭീര്‍ തിരഞ്ഞെടുത്തിരിക്കുന്ന ഇലവനില്‍ കാണാന്‍ സാധിക്കുക. 11 പേരില്‍ ആറു പേരും ഈ രണ്ടു രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. മൂന്നു വീതം കളിക്കാര്‍ രണ്ടു ടീമുകളില്‍ നിന്നും ഗംഭീറിന്റെ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്.

സൗത്താഫ്രിക്കയുടെ രണ്ടും ശ്രീലങ്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരുടെ ഓരോ കളിക്കാര്‍ വീതവും ഇലവനിലെത്തി. പക്ഷെ ന്യൂസിലാന്‍ഡിന്റെ ഒരു താരത്തെപ്പോലും ഗംഭീര്‍ പരിഗണിക്കുകയും ചെയ്തിട്ടില്ല.
ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ജോടികളായ മാത്യു ഹെയ്ഡനെയും വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിനെയുമാണ് ഇലവനിലെ ഓപ്പണര്‍മാരായി ഗംഭീര്‍ ഉള്‍പ്പെടുത്തിയത്. മൂന്നു ഫോര്‍മാറ്റുകളിലും ഓസീസിന്റെ ഐക്കോണിക്ക് ഓപ്പണിങ് ജോടികളായിരുന്നു ഇവര്‍. ബൗളര്‍മാരുടെ പേടിസ്വപ്‌നമായിരുന്ന ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ ബോര്‍ഡില്‍ കൂറ്റന്‍ സ്‌കോറും ഉറപ്പായിരുന്നു.
ഗംഭീറിന്റെ ഇലവനില്‍ മൂന്നാം നമ്പറിലുള്ളത് 360 ബാറ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ഐപിഎല്ലിലും ഏറെക്കാലം എബിഡിക്കെതിരേ കളിക്കാന്‍ ഗംഭീറിനായിട്ടുണ്ട്. ഇലവനില്‍ നാലാം നമ്പറിലുള്ളത് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ ബാറ്റര്‍ ബ്രയാന്‍ ലാറയാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലാറയുടെ പേരില്‍ ഭദ്രമായി തന്നെ തുടരുകയാണ്.

ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ട്‌സാണ് ലാറയ്ക്കു ശേഷം ഗംഭീറിന്റെ ഇലവനില്‍ അഞ്ചാം നമ്പറിലുള്ളത്. ഓസീസിന്റെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരിലൊരാളായിരുന്നു അദ്ദേഹം. സൈമണ്ട്‌സിനു ശേഷമുള്ളത് രണ്ടു പാകിസ്താന്‍ താരങ്ങളാണ്. മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായിരുന്ന ഇന്‍സമാം ഉള്‍ഹഖും മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖുമാണിത്.
ഇലവനില്‍ അടുത്തതായുള്ളത് ശ്രീലങ്കയുടെ മുന്‍ സ്പിന്‍ കിങായിട്ടുള്ള മുത്തയ്യ മുരളീധരനാണ്. അതിനു ശേഷമുള്ളയാള്‍ പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറാണ്. ഇലവനിലെ ശേഷിച്ച രണ്ടു പേര്‍ സൗത്താഫ്രിക്കയുട മുന്‍ ഫാസ്റ്റ് ബൗളര്‍ മോര്‍നെ മോര്‍ക്കലും ഇംഗ്ലണ്ടിന്റെ മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്‌ളിന്റോഫുമാണ്.
ഇന്ത്യന്‍ കോച്ചായ ശേഷം തന്റെ പരിശീലക സംഘത്തില്‍ മോര്‍ക്കലിനെയും ഗംഭീര്‍ അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു. നിലവില്‍ ടീം ഇന്ത്യയുടെ ബൗളിങ് കോച്ചാണ് അദ്ദേഹം.
ഗംഭീര്‍ തിരഞ്ഞെടുത്ത ഓള്‍ടൈം 11
ആദം ഗില്‍ക്രിസ്റ്റ്, മാത്യു ഹെയ്ഡന്‍, എബി ഡിവില്ലിയേഴ്‌സ്, ബ്രയാന്‍ ലാറ, ആന്‍ഡ്രു സൈമണ്ട്‌സ്, ഇന്‍സമാമുള്‍ ഹഖ്, അബ്ദുള്‍ റസാഖ്, മുത്തയ്യ മുരളീധരന്‍, ഷുഐബ് അക്തര്‍, മോര്‍നെ മോര്‍ക്കല്‍, ആന്‍ഡ്രു ഫ്‌ളിന്റോഫ്.