IPL 2021: മുംബൈയ്ക്കായി ഒരവസരം പോലും ഇവര്‍ക്കു ലഭിച്ചേക്കില്ല! എല്ലാം ഇന്ത്യന്‍ താരങ്ങള്‍
ഒരുപിടി മികച്ച ദേശീയ, അന്തര്‍ദേശീയ താരങ്ങളാല്‍ സമ്പന്നമാണ് ഐപിഎല്ലിലെ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ടീം. ഒരു ഫിക്‌സഡ് പ്ലെയിങ് ഇലവന്‍ തന്നെ അവര്‍ക്കുണ്ടെന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം ടീം കോമ്പിനേഷനില്‍ വലിയ പരീക്ഷണങ്ങള്‍ക്കു മുതിരാന്‍ ശ്രമിക്കാതെ വിന്നിങ് കോമ്പിനേഷനെ അതുപോലെ നിലനിര്‍ത്തുന്നുവെന്നതാണ് മുംബൈയുടെ വിജയരഹസ്യം. പരിക്ക് പോലുള്ള അപ്രതീക്ഷിത തിരിച്ചടികളുണ്ടായാല്‍ മാത്രമേ പലപ്പോഴും മുംബൈയുടെ ഈ കോമ്പിനേഷനില്‍ ചെറിയ മാറ്റം പോലും ഉണ്ടാവാറുള്ളൂ.
ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് പുതിയ സീസണില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ മുംബൈയുടെ പടയൊരുക്കം. ശക്തമായ ടീമിനെത്തന്നെയാണ് ഈ സീസണിലും മുംബൈ അണിനിരത്തുന്നത്. സംഘത്തിലെ ചില കളിക്കാര്‍ക്കു ചിലപ്പോള്‍ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. ഇവര്‍ ആരൊക്കെയാവുമെന്നു നമുക്കു പരിശോധിക്കാം.

ധവാല്‍ കുല്‍ക്കര്‍ണി
പേസര്‍ ധവാല്‍ കുല്‍ക്കര്‍ണിയാണ് ഈ ലിസ്റ്റില്‍ ആദ്യത്തെയാള്‍. കഴിഞ്ഞ സീസണില്‍ ഒരൊയൊരു കളിയില്‍ മാത്രമേ കുല്‍ക്കര്‍ണി മുംബൈയുടെ പ്ലെയിങ് ഇലവനില്‍ ഉണ്ടായിരുന്നുള്ളൂ. ഇതിലാവട്ടെ അദ്ദേഹത്തിനു വിക്കറ്റ് ലഭിച്ചതുമില്ല. ഐപിഎല്‍ കരിയറെടുത്താല്‍ 91 മല്‍സരങ്ങളില്‍ നിന്നും 86 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.
2016ലെ സീസണിലായിരുന്നു കുല്‍ക്കര്‍ണിയുടെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. അന്നു ഗുജറാത്ത് ലയണ്‍സ് ടീമിനായി 18 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു. എന്നാല്‍ അതിനു ശേഷം പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.
ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട് സൂപ്പര്‍ ജോടി തന്നെയായിരിക്കും ഈ സീസണിലും മുംബൈയുടെ പേസാക്രമണത്തിനു ചുക്കാന്‍പിടിക്കുക. മൂന്നാം പേസറായി നതാന്‍ കൂള്‍ട്ടര്‍നൈല്‍, ആദം മില്‍നെ എന്നിവരിലൊരാള്‍ വന്നേക്കും. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഈ സീസണില്‍ ബൗള്‍ ചെയ്യുമെന്നുറപ്പായതോടെ കുല്‍ക്കര്‍ണിയുടെ പ്രതീക്ഷ കൂടുതല്‍ മങ്ങിയിരിക്കുകയാണ്.

ജയന്ത് യാദവ്
കഴിഞ്ഞ സീസണിലെ ഐപിഎല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ മുംബൈയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്ന താരമാണ് ജയന്ത് യാദവ്. അന്നു ഡിസി ഓപ്പണര്‍ ശിഖര്‍ ധവാന്റെ വിലപ്പെട്ട വിക്കറ്റ് താരം വീഴ്ത്തുകയും ചെയ്തിരുന്നു. ഫൈനല്‍ കൂടാതെ മറ്റൊരു മല്‍സരത്തില്‍ക്കൂടി ജയന്തിന് കഴിഞ്ഞ തവണ അവസരം ലഭിച്ചു. രണ്ടു കളിയില്‍ നിന്നും താരം വീഴ്ത്തിയത് ഒരു വിക്കറ്റ് മാത്രമായിരുന്നു.
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറാണ് ജയന്ത്. പുതിയ സീസണില്‍ പരിചയസമ്പന്നനായ സ്പിന്നര്‍ പിയൂഷ് ചൗളയെ മുംബൈ തങ്ങളുടെ കൂടാരത്തിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ രാഹുല്‍ ചഹറും ക്രുനാല്‍ പാണ്ഡ്യയുമായിരുന്നു സ്പിന്‍ കൈകാര്യം ചെയ്തത്. ചൗളയുടെ വരവ് ജയന്തിന്റെ സാധ്യതകള്‍ക്കാണ് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. ക്രുനാല്‍- ചഹര്‍, ക്രുനാല്‍-ചൗള സഖ്യത്തെ മുംബൈ മാറി മാറി പരീക്ഷിക്കാനാണ് സാധ്യത.

സൗരഭ് തിവാരി
മധ്യനിര ബാറ്റ്‌സ്മാന്‍ സൗരഭ് തിവാരിയാണ് അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യത കുറവുള്ള മറ്റൊരു താരം. കഴിഞ്ഞ സീസണില്‍ ഏഴു മല്‍സരങ്ങളില്‍ തിവാരി മുംബൈയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഇത്രയും കളികളില്‍ നിന്നും 103 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. ഇതിനിടെ ഇഷാന്‍ കിഷന്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ടീമില്‍ സ്ഥാനമുറപ്പിച്ചതോടെ തിവാരി പുറത്താവുകയും ചെയ്തു.
സൂര്യകുമാര്‍ യാദവ്, ഇഷാന്‍, ഹാര്‍ദിക് പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ എന്നിവരുടെ സാന്നിധ്യം മുംബൈ മധ്യനിരയെ ശക്തമാക്കിയിട്ടുണ്ട്. ഇവരിലൊരാളെ പിന്തള്ളി ടീമിലെത്തുകയെന്നത് തിവാരിക്കു അസാധ്യമാവും. ഇടംകൈയന്‍ ബാറ്റ്‌സ്മാനായ തിവാരി 2014ലെ സീസണിലായിരുന്നു ഏറ്റവും മികച്ച പ്രകടനം നടത്തിയത്. അന്നു 16 ഇന്നിങ്‌സുകളില്‍ നിന്നും 419 റണ്‍സ് അദ്ദേഹം നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications