ആഷസ് 2019: കോലിയെ വെല്ലുവിളിച്ച സ്മിത്ത്, അഴിഞ്ഞാടി പേസര്‍മാരും... ഇതാണ് ടെസ്റ്റ് മാജിക്ക്
ലണ്ടന്‍: ടി20 ക്രിക്കറ്റിന്റെ ഗ്ലാമറിനു മുന്നില്‍ കണ്ണുമഞ്ഞളിച്ചു നില്‍ക്കുന്ന ആധുനിക ക്രിക്കറ്റിന് പുതിയ വെളിച്ചമാണ് ആഷസ് ടെസ്റ്റ് പരമ്പര നല്‍കിയത്. നിശ്ചിത ഓവര്‍ ക്രിക്കറ്റിനേക്കാള്‍ ഒട്ടും പിറകിലല്ല ടെസ്റ്റെന്ന് ഈ പരമ്പര അടിവരയിടുകയാണ്. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഒപ്പത്തിനൊപ്പം നിന്ന് പോരാടിയ അപൂര്‍വ്വ പരമ്പര കൂടിയായിരുന്നു ഇത്തവണത്തേത്.
മുന്‍ ആഷസുകള്‍ പരിശോധിക്കുമ്പോള്‍ ഏതെങ്കിലുമൊരു ടീമാണ് മേധാവിത്വം പുലര്‍ത്തിപ്പോന്നിരുന്നത്. പക്ഷെ ഇത്തവണ സ്ഥിതി മറിച്ചായിരുന്നു. അതുകൊണ്ടു തന്നെയാണ് അഞ്ചു മല്‍സരങ്ങളുടെ പരമ്പര 2-2ന് സമനിലയില്‍ പിരിഞ്ഞത്. എങ്കിലും കഴിഞ്ഞ ആഷസില്‍ കിരീടം നേടാന്‍ കഴിഞ്ഞുവെന്ന മുന്‍തൂക്കം ഓസ്‌ട്രേലിയയെ ട്രോഫി നിലനിര്‍ത്താന്‍ സഹായിക്കുകയായിരുന്നു. ഇത്തവണത്തെ ആഷസ് പരമ്പര ബാക്കി വയ്ക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ടെസ്റ്റ് ക്രിക്കറ്റിന്റെ മാസ്മരികത
രണ്ടു ടീമുകള്‍ വീറുറ്റ പ്രകടനം നടത്തിയാല്‍ ടെസ്റ്റ് ക്രിക്കറ്റ് എത്രത്തോളം ആവേശകരമാവുമെന്ന് തെളിയിച്ചു തന്നെ ആഷസ് പരമ്പര കൂടിയായിരുന്നു ഇത്തവണത്തേത്. ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കൂടി ഭാഗമായിരുന്നു ഇത്തവണത്തെ ആഷസെന്നത് ആവേശം ഇരട്ടിയാക്കിയെന്നു പറയാന്‍ കഴിയും.
ലോക ടെസ്റ്റിന്റെ തന്നെ വഴികാട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ് ആഷസ് പരമ്പര. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തങ്ങളുടെ പരമാവധി മികച്ച പ്രകടനം തന്നെ പരമ്പരയില്‍ പുറത്തെടുക്കാന്‍ ശ്രമിച്ചു. ഇനി വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകള്‍ക്കും പ്രചോദനമാവാന്‍ ആഷസിനു കഴിയുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആസ്വാദകര്‍.

കോലിയെ കടത്തിവെട്ടിയ സ്മിത്ത്
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനു വേണ്ടിയുള്ള പദവിക്കായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തുമാണ് പോരടിച്ചു കൊണ്ടിരിക്കുന്നത്. ആഷസ് പരമ്പരയില്‍ കോലിയെ നിഷ്പ്രഭനാക്കി സ്മിത്ത് ഉയരങ്ങളിലേക്കു കുതിക്കുന്നതിനും ക്രിക്കറ്റ് ലോകം സാക്ഷിയായി. പരമ്പരയില്‍ റണ്‍മഴ തന്നെ പെയിച്ച അദ്ദേഹം കോലിയെ പിന്തള്ളി ഐസിസി ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.
ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും 774 റണ്‍സാണ് സ്മിത്ത് വാരിക്കൂട്ടിയത്. 110 മുകളിലായിരുന്നു താരത്തിന്റെ ബാറ്റിങ് ശരാശരി. മുന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ ഒരു ആഷസ് പരമ്പരയില്‍ സ്ഥാപിച്ച 974 റണ്‍സെന്ന ലോക റെക്കോര്‍ഡിനെ വെല്ലുവിളിക്കുന്നതായിരുന്നു സ്മിത്തിന്റെ പ്രകടനം. പല റെക്കോര്‍ഡുകളും ഈ പരമ്പരയിലൂടെ താരം തിരുത്തിക്കുറിക്കുകയും ചെയ്തിരുന്നു.

തീപ്പൊരി പാറിച്ച് പേസര്‍മാര്‍
ബാറ്റിങില്‍ സ്മിത്തിന്റെ വണ്‍മാന്‍ ഷോ മാറ്റിനിര്‍ത്തിയാല്‍ ആഷസിലെ മറ്റൊരു ആകര്‍ഷണം പേസ് ബൗളര്‍മാരുടെ പ്രകടനമായിരുന്നു. ഓരോ പിച്ചിലും അക്ഷരാര്‍ഥത്തില്‍ തീപ്പൊരി പാറിക്കുകയായിരുന്നു പേസര്‍മാര്‍. ഇംഗ്ലണ്ടിന്റെ അരങ്ങേറ്റക്കാരന്‍ ജോഫ്ര ആര്‍ച്ചര്‍ ആഷസിലൂടെ സെന്‍സേഷനായി മാറിയപ്പോള്‍ ഓസീസ് പേസര്‍മാരായ പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസ്ല്‍വുഡ് എന്നിവരും മികച്ചുനിന്നു. ഇരുവരും കൂടി അഞ്ചു ടെസ്റ്റുകളില്‍ നിന്നും കൊയ്‌തെടുത്തത് 49 വിക്കറ്റുകളാണ്. മിച്ചെല്‍ സ്റ്റാര്‍ക്ക്, ജെയിംസ് പാറ്റിന്‍സണ്‍ എന്നിവരും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി. ഇംഗ്ലണ്ട് നിരയില്‍ ആര്‍ച്ചറിനെ കൂടാതെ ജെയിംസ് ആന്‍ഡേഴ്‌സന്റെ അഭാവം നികത്തിയ സ്റ്റുവര്‍ട്ട് ബ്രോഡും കൈയടിയര്‍ഹിക്കുന്നു. 23 വിക്കറ്റുകളാണ് പേസര്‍ക്കു ലഭിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications