ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകന്‍ 'പാട് പെടും', മുന്നില്‍ മൂന്ന് വമ്പന്‍ വെല്ലുവിളികള്‍, പരിഹാരം കടുപ്പം

മുംബൈ: വിരാട് കോലി ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് പെട്ടെന്ന് പടിയിറങ്ങിയതോടെ വലിയൊരു ശൂന്യതയാണ് ഇന്ത്യക്ക് മുന്നിലുള്ളതെന്ന് പറയാം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെയാണ് അപ്രതീക്ഷിതമായി വിരാട് കോലി ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. എംഎസ് ധോണി ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം ഒഴിയുമ്പോള്‍ വിരാട് കോലിയെന്ന ഉത്തമ പകരക്കാരന്‍ അവിടെ ഉണ്ടായിരുന്നു. എന്നാല്‍ കോലി നായകസ്ഥാനം ഒഴിയുമ്പോള്‍ പകരമാരെന്നത് വലിയ ചോദ്യമായി നിലകൊള്ളുന്നു.
രോഹിത് ശര്‍മയാണ് നിലവിലെ ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍. അതുകൊണ്ട് തന്നെ സ്വാഭാവികമായി ചിന്തിച്ചാല്‍ കോലി കളമൊഴിയുമ്പോള്‍ രോഹിത് ശര്‍മയാവണം നായകസ്ഥാനത്തേക്കെത്തേണ്ടത്. എന്നാല്‍ 35കാരനായ രോഹിത്തിന്റെ പ്രായവും ഫിറ്റ്‌നസും പ്രശ്‌നമാണ്. പിന്നീട് പരിഗണിക്കാന്‍ സാധിക്കുന്ന താരം കെ എല്‍ രാഹുലാണ്. എന്നാല്‍ നായകനായുള്ള രാഹുലിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. റിഷഭ് പന്താണ് പിന്നീട് പരിഗണിക്കാന്‍ സാധിക്കുന്ന താരം. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ മിടുക്കനാണെങ്കിലും അനുഭവസമ്പത്ത് പ്രശ്‌നമാണ്.
എന്തായാലും ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് പിന്നാലെ ഇന്ത്യയുടെ പുതിയ നായകനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുറപ്പ്. ശ്രീലങ്കയ്‌ക്കെതിരേ നാട്ടിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. പുതിയതായി എത്തുന്ന ഇന്ത്യന്‍ നായകന് കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരിക്കില്ലെന്നുറപ്പ്. വിരാട് കോലി ഇന്ത്യയെ അത്യുന്നതങ്ങളിലാണ് എത്തിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അതേ പ്രകടനം നിലനിര്‍ത്തുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനെ കാത്തിരിക്കുന്ന മൂന്ന് പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

മികച്ചൊരു മധ്യനിരയെ കണ്ടെത്തണം
ഇന്ത്യയുടെ ഇതുവരെയുള്ള ടീമില്‍ നിന്ന് വലിയൊരു അഴിച്ചുപണി തന്നെ അടുത്ത പരമ്പര മുതല്‍ ഉണ്ടാവും. അതുകൊണ്ട് തന്നെ പുതിയ ക്യാപ്റ്റന് പണി കൂടും. ചേതശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ ഇനി ഇന്ത്യന്‍ ടീമിലുണ്ടാവാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ ഉത്തമ പകരക്കാരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്. ടെസ്റ്റില്‍ സ്ഥിരതയോടെ കളിക്കാന്‍ കഴിയുന്ന താരങ്ങളെ കണ്ടെത്തുകയെന്നത് തന്നെ വളരെ കടുപ്പമുള്ള കാര്യമാണ്. നിലവില്‍ ഹനുമ വിഹാരി, ശ്രേയസ് അയ്യര്‍, ശുബ്മാന്‍ ഗില്‍ എന്നിവരൊക്കെ ടീമിന്റെ മധ്യനിരയിലേക്ക് പരിഗണിക്കാവുന്നവരാണ്. എന്നാല്‍ ഇവരെക്കൊണ്ട് മികച്ച പ്രകടനത്തിലേക്കെത്തിക്കുകയെന്നത് വളരെ പ്രയാസം തന്നെയായിരിക്കും. മികച്ച ടീം കണ്ടെത്തുകയെന്നത് തന്നെ മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്ന് പറയാം.

വലിയ ടൂര്‍ണമെന്റുകളില്‍ വിജയിപ്പിക്കണം
വിരാട് കോലി ഇന്ത്യന്‍ നായകസ്ഥാനത്ത് നിന്നിറങ്ങുമ്പോള്‍ ടീം അത്യുന്നതങ്ങളിലാണ്. കോലി നായകനാവുമ്പോള്‍ ഇന്ത്യ ഏഴാം സ്ഥാനത്തായിരുന്നു. ഇവിടെ നിന്നാണ് ഇന്ത്യന്‍ ടീമിനെ ഒന്നാം സ്ഥാനത്തേക്ക് കോലിയെത്തിച്ചത്. വിദേശ പര്യടനങ്ങളിലടക്കം പരമ്പര നേടുന്നതെങ്ങനെയെന്ന് കോലി കാട്ടിത്തത്തു. ഓസ്‌ട്രേലിയയില്‍ ആദ്യമായി ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടിക്കൊടുത്ത നായകന്‍ കോലിയാണ്. ഇംഗ്ലണ്ടിലും ഗംഭീര പ്രകടനം നടത്തി. പുതിയ നായകനെത്തുമ്പോള്‍ ഇതേ പ്രകടന നിലവാരം നിലനിര്‍ത്തേണ്ടതായുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീം ഏത് വമ്പന്മാരെയും വിറപ്പിക്കുന്നവരാണ്. എന്നാല്‍ പുതിയ നായകന്റെ കീഴില്‍ ഈ മികവ് ഇന്ത്യക്ക് തുടരാനാവാത്ത പക്ഷം പുതിയ നായകന്‍ നന്നായി പ്രയാസപ്പെടുമെന്നുറപ്പാണ്.

ടീമിന്റെ ഒത്തൊരുമയും ആക്രമണോത്സകതയും
പുതിയ നായകന്‍ എല്ലാ താരങ്ങളെയും ഒന്നിച്ച് കൊണ്ടുപോകാന്‍ കെല്‍പ്പുള്ളവനായിരിക്കണം. അല്ലാത്ത പക്ഷം വലിയ തിരിച്ചടി നേരിടേണ്ടി വരും. കൂടാതെ വിരാട് കോലിയുടെ കീഴില്‍ ഇന്ത്യ വളരെ ആക്രമണോത്സകതയുള്ള ടീമായിരുന്നു. ഈ ആക്രമണോത്സകതയാണ് പല വലിയ മത്സരങ്ങളിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. കോലിക്ക് ശേഷമെത്തുന്നയാള്‍ ഇതേ ആക്രമണോത്സകത നിലനിര്‍ത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇതേ വീര്യത്തോടെ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാനാവില്ല. വിരാട് കോലിയും ബിസിസി ഐ മാനേജ്‌മെന്റും തമ്മിലുള്ള ഉടക്ക് ടീമിനെ ബാധിക്കാതെ നോക്കുകയെന്നതും പുതിയ നായകന് മുന്നിലെ വെല്ലുവിളിയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications