
സുനില്‍ ഗവാസ്‌കറും കപില്‍ ദേവും രവി ശാസ്ത്രിയും മദന്‍ ലാലും എല്ലാം ഉള്‍പ്പെട്ട ഇന്ത്യന്‍ ടീമിനൊപ്പം 17ാം വയസില്‍ കളിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പാരമ്പര്യത്തിന്റെയോ ശുപാര്‍ശകളുടെയോ പിന്‍ബലമില്ലാതെ തന്റെ കരുത്ത് തെളിയിച്ചാണ് അവന്‍ ഇന്ത്യയുടെ സ്വപ്‌ന ജഴ്‌സിയിലേക്ക് നടന്നുകയറിയത്. 12ാം വയസില്‍ ശിവരാമകൃഷ്ണന്‍ തന്റെ കൈവിരലുകളുടെ മാന്ത്രികത തിരിച്ചറിഞ്ഞു. മദ്രാസ് ഇന്റര്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു മത്സരത്തില്‍ രണ്ട് റണ്‍സ് വിട്ടുകൊടുത്ത് അദ്ദേഹം വീഴ്ത്തിയത് ഏഴ് വിക്കറ്റ്.
ലോക ക്രിക്കറ്റിന് തന്നെ വലിയൊരു സന്ദേശമായിരുന്നു അദ്ദേഹം നല്‍കിയത്. 15ാം വയസില്‍ അണ്ടര്‍ 19 ക്രിക്കറ്റിലേക്കെത്തുമ്പോള്‍ രവി ശാസ്ത്രിയുടെ കീഴിലുള്ള ഇന്ത്യന്‍ നിരയിലെ പ്രായം കുറഞ്ഞ താരം. തമിഴ്‌നാടിനൊപ്പം ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും അരങ്ങേറിയ ശിവരാമകൃഷ്ണന്‍ 1981-82ലെ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡല്‍ഹിക്കെതിരേ 28 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് നേടിയത് ശ്രദ്ധിക്കപ്പെട്ടു. പ്രായം പരിഗണിക്കാതെ പ്രതിഭക്ക് സെലക്ടര്‍മാര്‍ മാര്‍ക്കിട്ടതോടെ ശിവരാമകൃഷ്ണന് ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയുമെത്തി.

വെറും മൂന്ന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ അനുഭവസമ്പത്തുമായാണ് അദ്ദേഹം ഇന്ത്യക്കായി അരങ്ങേറിയത്. ആദ്യ ഇന്നിങ്‌സില്‍ 25 ഓവര്‍ പന്തെറിഞ്ഞ് 95 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല. എന്നാല്‍ ആ പ്രകടനം സെലക്ടര്‍മാര്‍ കാര്യമാക്കിയില്ല. ശിവരാമകൃഷ്ണനില്‍ വിശ്വാസം അര്‍പ്പിച്ചവര്‍ക്ക് തെറ്റിയില്ല. ഇംഗ്ലണ്ടിനെതിരേ അദ്ദേഹം തന്റെ വിശ്വരൂപം കാട്ടി. 6-64, 6-117 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 1981ന് ശേഷം ഇംഗ്ലണ്ടിനെതിരേ ആദ്യ ജയമെന്ന അഭിമാന നേട്ടത്തിലേക്കാണ് 17കാരന്‍ ഇന്ത്യയെ എത്തിച്ചത്.
പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി തമിഴ്‌നാട്ടുകാരന്‍ വലിയ ചര്‍ച്ചാവിഷയമായി. അവന്റെ സ്പിന്‍ മികവിനെ എതിര്‍ ബാറ്റ്‌സ്മാന്‍മാരെ ഭയക്കാന്‍ തുടങ്ങിയപ്പോഴേക്കും ഇന്ത്യന്‍ ടീമിലിന്റെ വാതില്‍ അദ്ദേഹത്തിന് മുന്നില്‍ അടക്കപ്പെട്ടു. മോശം ഫോമിനെത്തുടര്‍ന്ന് ടീമിന് പുറത്തായ താരം തിരിച്ചുവരവിനായി പരമാവധി ശ്രമിച്ചെങ്കിലും സെലക്ടര്‍മാര്‍ കനിഞ്ഞില്ല. ഒടുവില്‍ 1983ല്‍ തുടങ്ങിയ കരിയറിന് 1987ല്‍ അവസാനം കുറിക്കേണ്ടി വന്നു.

മോഹിച്ച കരിയര്‍ വീണുടഞ്ഞിട്ടും ക്രിക്കറ്റിനെ അദ്ദേഹം നെഞ്ചോട് ചേര്‍ത്തു. കമന്റേറ്ററായും ഐസിസി ക്രിക്കറ്റ് കമ്മിറ്റി അംഗമായുമെല്ലാം ശിവരാമകൃഷ്ണന്‍ ക്രിക്കറ്റിനോട് ചേര്‍ന്നുനിന്നു. ഇന്നും അദ്ദേഹം ക്രിക്കറ്റിന്റെ പിന്നാമ്പുറങ്ങളില്‍ സജീവമാണെങ്കിലും കരിയറിലേക്ക് നോക്കുമ്പോള്‍ കണ്ണീരണിയിക്കുന്ന ഓര്‍മ മാത്രം. 9 ടെസ്റ്റില്‍ നിന്ന് 26 വിക്കറ്റും 16 ഏകദിനത്തില്‍ നിന്ന് 15 വിക്കറ്റും മാത്രം വീഴ്ത്തിയ എല്‍എസ് നിങ്ങള്‍ ഇന്നും ആരാധക മനസിലുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ തോറ്റവരുടെ ചരിത്രത്തിനൊപ്പമല്ല, മറിച്ച് വിജയിച്ചവരുടെ സിംഹാസനത്തില്‍ തന്നെയാണ്.


Click it and Unblock the Notifications
