Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ashes: പിങ്ക് ബോള്‍ ടെസ്റ്റിലും ചാരമായി ഇംഗ്ലണ്ട്, ഓസീസിനു വന്‍ വിജയം

1

അഡ്‌ലെയ്ഡ്: ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ ഓസ്‌ട്രേലിയ നാണംകെടുത്തി. പിങ്ക് ബോള്‍ ടെസ്റ്റില്‍ 275 റണ്‍സിന് ഇംഗ്ലണ്ടിനെ ഓസീസ് വാരിക്കളയുകയായിരുന്നു. 468 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമായിരുന്നു സ്റ്റീന് സ്മിത്ത് നയിച്ച ഓസീസ് ജോ റൂട്ടിനും സംഘത്തിനും നല്‍കിയത്. പക്ഷെ പൊരുതാന്‍ പോലുമാവാതെ ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു. അഞ്ചാമത്തെയും അവസാനത്തയും ദിനം വെറും 192 റണ്‍സിന് ഇംഗ്ലണ്ടിന്റെ റണ്‍ചേസ് അവസാനിച്ചു. ഈ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 2-0ന് മുന്നിലെത്തുകയും ചെയ്തു. തുടര്‍ച്ചയായി മൂന്നാം തവണയും ആഷസ് കിരീടം നിലനിര്‍ത്തുന്നതിന് അരികിലെത്തിയിരിക്കുകയാണ് കംഗാരുപ്പട. പരമ്പര ഇനി 2-2നു സമനിലയില്‍ അവസാനിച്ചാലും നിലവിലെ വിജയകളെന്ന നിലയില്‍ ഓസീസിന് ട്രോഫി നിലനിര്‍ത്താം.

റണ്‍ചേസില്‍ ഇംഗ്ലണ്ടിനു വേണ്ടി രണ്ടാമിന്നിങ്‌സില്‍ ആരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. വാലറ്റത്ത് 44 റണ്‍സോടെ പൊരുതിനോക്കിയ ക്രിസ് വോക്‌സാണ് ഓസ്‌ട്രേലിയയുടെ വിജയം അല്‍പ്പമെങ്കിലും വൈകിപ്പിച്ചത്. 97 ബോളില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ടീമിന്റെ ടോപ്‌സ്‌കോററും വോക്‌സായിരുന്നു. ഓപ്പണര്‍ റോറി ബേണ്‍സാണ് (34) 30ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം.

ജോസ് ബട്‌ലര്‍ (26), നായകന്‍ ജോ റൂട്ട് (24), ഡേവിഡ് മലാന്‍ (20), ബെന്‍ സ്‌റ്റോക്‌സ് (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. അഞ്ചു വിക്കറ്റുകളെടുത്ത ഫാസ്റ്റ് ബൗളര്‍ ജൈ റിച്ചാര്‍ഡ്‌സനാണ് ഇംഗ്ലണ്ടിന്റെ അന്തകനായത്. 19.1 ഓവറില്‍ ഒമ്പതു മെയ്ഡനുകളടക്കം 42 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം അഞ്ചു പേരെ പുറത്താക്കിയത്. മിച്ചെല്‍ സ്റ്റാര്‍ക്കും നതാന്‍ ലിയോണും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തപ്പോള്‍ മൈക്കല്‍ നെസറിനു ഒരു വിക്കറ്റ് ലഭിച്ചു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയുമടിച്ച ഓസീസ് താരം മാര്‍നസ് ലബ്യുഷെയ്‌നാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ആദ്യ ഇന്നിങ്‌സില്‍ 103 റണ്‍സെടുത്ത അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 51 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു.

2

നാലു വിക്കറ്റിന് 82 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട് അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. 110 റണ്‍സ് കൂടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ശേഷിച്ച ആറു വിക്കറ്റുകള്‍ ഇംഗ്ലണ്ടിനു നഷ്ടമാവുകയായിരുന്നു. അവസാനദിനം ആറു വിക്കറ്റുകള്‍ കൈവശമുണ്ടായിരുന്നതിനാല്‍ ഇംഗ്ലണ്ട് സമനിലയെങ്കിലും പൊരുതി നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ ഓസ്‌ട്രേലിയ വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിട്ടിരുന്നില്ല. ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇംഗ്ലണ്ട് ആറിന് 142 റണ്‍സെന്ന നിലയിലായിരുന്നു. 50 റണ്‍സ് കൂടി നേടുമ്പേഴേക്കും ശേഷിച്ച നാലു വിക്കറ്റുകള്‍ കൂടി പിഴുത് ഓസീസ് വമ്പന്‍ വിജയം സ്വന്തമാക്കി.

ടോസിനു ശേഷം ബാറ്റ് ചെയ്ത ഓസീസ് ഒമ്പതു വിക്കറ്റിന് 473 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ലബ്യുഷെയ്‌നിന്റെ സെഞ്ച്വറിയും ഡേവിഡ് വാര്‍ണര്‍ (95), നായകന്‍ സ്റ്റീവ് സ്മിത്ത് (93), അലെക്‌സ് കെയ്‌റി (51) എന്നിവരുടെ ഫിഫ്റ്റികളുമാണ് വന്‍ സ്‌കോറിലെത്തിച്ചത്. ഇംഗ്ലണ്ടിനു വേണ്ടി ബെന്‍ സ്‌റ്റോക്‌സ് മൂന്നും ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ടും വിക്കറ്റുകളെടുത്തു. മറുപടിയില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 236 റണ്‍സില്‍ അവസാനിച്ചു. ഡേവിഡ് മലാന്‍ (80), ക്യാപ്റ്റന്‍ റൂട്ട് (62) എന്നിവരൊഴികെ മറ്റാരും കാര്യമായ സംഭാവന നല്‍കിയില്ല. മിച്ചെല്‍ സ്റ്റാര്‍ക്ക് മൂന്നും നതാന്‍ ലിയോണ്‍ മൂന്നും കാമറോണ്‍ ഗ്രീന്‍ രണ്ടും വിക്കറ്റുകളെടുത്തു. 237 റണ്‍സിന്റെ തകര്‍പ്പന്‍ ലീഡുമായി വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഓസീസ് രണ്ടാമിന്നിങ്‌സില്‍ ഒമ്പതു വിക്കറ്റിന് 230 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 51 റണ്‍സ് വീതമെടുത്ത ലബ്യുഷെയ്‌നും ട്രാവിസ് ഹെഡുമാണ് 468 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വയ്ക്കാന്‍ ഓസീസിനെ സഹായിച്ചത്.

Story first published: Monday, December 20, 2021, 16:22 [IST]
Other articles published on Dec 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+