ന്യൂസിലന്‍ഡിനെതിരെ പരമ്പര തൂത്തുവാരിയത് ഇന്ത്യന്‍ ടീമോ അതോ അശ്വിന്‍ ഒറ്റയ്‌ക്കോ, ഇതൊന്ന് നോക്കൂ!
തട്ടുപൊളിപ്പന്‍ കളിയായിരുന്നു ക്യാപ്റ്റന്‍ ഹോട്ട് വിരാട് കോലിയുടെ കീഴില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ പുറത്തെടുത്തത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 3 - 0 ന് കീശയിലാക്കി. പരമ്പരയ്‌ക്കൊപ്പം ഐ സി റാങ്കിംഗില്‍ ഒന്നാം സ്ഥാനവും. താരതമ്യേന പുതുമുഖങ്ങളുമായി വന്ന ന്യൂസിലന്‍ഡിന് ഇന്ത്യയുടെ മുന്നില്‍ ഒന്ന് പിടിച്ചുനില്‍ക്കാന്‍ പോലും പറ്റിയില്ല.
Read Also: ആരെയും തോല്‍പ്പിക്കുമെന്ന് കോലി, ആരെ വേണമെങ്കിലും ഔട്ടാക്കുമെന്ന് അശ്വിന്‍... ടീം ഇന്ത്യ ഡാ!
രണ്ട് ടെസ്റ്റുകള്‍ വെറും നാല് ദിവസം കൊണ്ട് തീര്‍ന്നു. വിരാട് കോലി, രഹാനെ, പൂജാര, രോഹിത് ശര്‍മ തുടങ്ങിയവര്‍ ബാറ്റ് കൊണ്ടും ജഡേജ, ഷമി, ഭുവനേശ്വര്‍ തുടങ്ങിയവര്‍ പന്ത് കൊണ്ടും മികച്ചുനിന്നു. എന്നാല്‍ ഇവരെയെല്ലാം ഒറ്റയ്ക്ക് പിന്തള്ളുന്ന പ്രകടനം പുറത്തെടുത്ത ഒരുതാരം ഇന്ത്യന്‍ നിരയിലുണ്ട്. മറ്റാരുമല്ല മാന്‍ ഓഫ് ദ സീരിസായ അശ്വിന്‍ തന്നെ. ഈ ഒരൊറ്റ പരമ്പര കൊണ്ട് അശ്വിന്‍ താണ്ടിയ ഉയരങ്ങള്‍ നോക്കൂ..

മൂന്ന് ടെസ്റ്റ് 27 വിക്കറ്റുകള്‍
മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 6 വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 7 വിക്കറ്റ് വീഴ്ത്തിയാണ് ന്യൂസിലന്‍ഡിനെ ഞെട്ടിച്ചത്. ആകെ മൂന്ന് ടെസ്റ്റുകളിലായി 27 വിക്കറ്റുകള്‍. ന്യൂസിലന്‍ഡിനെതിരെ മൂന്ന് ടെസ്റ്റ് പരമ്പരയില്‍ രണ്ടാമത്തെ മികച്ച പ്രകടനമാണിത്.

അശ്വിന്റെ കരിയര്‍ ബെസ്റ്റ്
ഇന്‍ഡോറില്‍ അശ്വിന്റെ പ്രകടനം കരിയര്‍ ബെസ്റ്റാണ്. 59 റണ്‍സിന് 7 വിക്കറ്റ്. 2015 നവംബറില്‍ നാഗ്പൂരില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 66 റണ്‍സിന് 7 വിക്കറ്റ് എടുത്തതായിരുന്നു ഇതിന് മുമ്പത്തെ മികച്ച പ്രകടനം. 140 റണ്‍സിന് 13 വിക്കറ്റ് എന്നത് ഒരു ടെസ്റ്റിലെ മികച്ച പ്രകടനവും.

കുംബ്ലെ മാത്രം മുന്നില്‍
39 ടെസ്റ്റുകള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ഇതിനോടകം 6 തവണ അശ്വിന്‍ ഒരു ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേട്ടം കൈവരിച്ചുകഴിഞ്ഞു. 8 തവണ ഈ നേട്ടം കൈവരിച്ച അനില്‍ കുംബ്ലെ മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യയില്‍ അശ്വിന് മുന്നില്‍. കുംബ്ലെ 132 ടെസ്റ്റുകള്‍ കളിച്ചിട്ടാണ് ഈ നേട്ടത്തിലെത്തിയത് എന്ന് ഓര്‍മ വേണം.

ലോകത്ത് ഒന്നാമന്‍
2016 ല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയ താരവും മറ്റാരുമല്ല. 7 ടെസ്റ്റില്‍ 44 വിക്കറ്റുകളാണ് അശ്വിന്റെ സമ്പാദ്യം. ശരാശരി വെറും 19.86. ന്യൂസിലന്‍ഡിനെതിരെ കളിച്ച 5 ടെസ്റ്റുകളില്‍ നിന്ന് മാത്രം അശ്വിന്‍ 45 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

ജയിപ്പിക്കാന്‍ പിറന്നവന്‍
അശ്വിന്‍ ആകെ കളിച്ച 39 ടെസ്റ്റില്‍ 21 എണ്ണത്തിലും ഇന്ത്യ ജയിച്ചു. ഫലമില്ലാതെ പോയതും സമനിലയും തോല്‍വിയുമായി ബാക്കി 18 എണ്ണം. ഇന്ത്യ ജയിച്ച മത്സരങ്ങളില്‍ അശ്വിന്റെ സംഭാവന 151 വിക്കറ്റുകളാണ്. 17 തവണ 5 വിക്കറ്റും 5 തവണ 10 വിക്കറ്റും വീഴ്ത്തി.

കുംബ്ലെയും ഹര്‍ഭജനും മുന്നില്‍
288 വിക്കറ്റുകളോടെ കുംബ്ലെയും 221 വിക്കറ്റുകളോടെ ഹര്‍ഭജന്‍ സിംഗും മാത്രമേ ഇക്കാര്യത്തില്‍ അശ്വിന്റെ മുന്നിലുള്ളൂ. രണ്ട് വര്‍ഷം കൂടി ഇതേ ഫോമില്‍ കളിച്ചാല്‍ അശ്വിന്‍ ഇരുവരെയും പിന്തള്ളും എന്ന കാര്യം ഉറപ്പ്. 30 വയസ്സേ അശ്വിന് ആയിട്ടുള്ളൂ.

മാന്‍ ഓഫ് ദ സീരിസ്
സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ് എന്നിവര്‍ 5 തവണ വീതമാണ് മാന്‍ ഓഫ് ദ സീരിസ് ആയിട്ടുള്ളത്. സച്ചിന്‍ 200 ടെസ്റ്റുകള്‍ കളിച്ചു എന്നോര്‍ക്കണം. 39 ടെസ്റ്റുകള്‍ കളിച്ച അശ്വിന്‍ ഇപ്പോള്‍ത്തന്നെ സച്ചിനെക്കാള്‍ രണ്ട് മാന്‍ ഓഫ് ദ സീരിസ് അവാര്‍ഡുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications