Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വരുന്നു, ക്രിക്കറ്റ് ലോകകപ്പ്... സെമി ഫൈനലില്‍ ആരൊക്കെ? സാധ്യത ഇങ്ങനെ

ലണ്ടന്‍: ഏകദിന ക്രിക്കറ്റ് ലോകകപ്പ് അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോകകപ്പിന്റെ 12ാമത്തെ എഡിഷനാണ് ക്രിക്കറ്റിന്റെ സ്വന്തം നാടായ ഇംഗ്ലണ്ടില്‍ അരങ്ങേറുന്നത്. 2019 മേയ് 30 മുതല്‍ ജൂലൈ 19 വരെയാണ് ലോകകപ്പ് നടക്കുക. വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യ പതിവുപോലെ ഇത്തവണ കിരീട ഫേവറിറ്റുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ആതിഥേയര്‍ കൂടിയായ ഇംഗ്ലണ്ടാണ് കിരീട സാധ്യതയില്‍ ഏറ്റവും മുന്നിലുള്ളത്.

ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രമുഖ ടീമുകളെല്ലാം അതിനുള്ള പടയൊരുക്കം ആരംഭിച്ചു കഴിഞ്ഞു. അടുത്ത ലോകകപ്പിന്റെ സെമി ഫൈനലില്‍ കടക്കാന്‍ സാധ്യതയുള്ള ടീമുകള്‍ ഏതൊക്കെയെന്നു നോക്കാം.

ന്യൂസിലാന്‍ഡ്

ന്യൂസിലാന്‍ഡ്

ക്യാപ്റ്റന്‍സിയുടെ പേരില്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന ന്യൂസിലാന്‍ഡ് അടുത്ത ലോകകപ്പിന്റെ സെമി ഫൈനലിലെത്താന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ്. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിലെത്തിയ കിവീസ് ഓസ്‌ട്രേലിയയോട് പൊരുതിവീഴുകയായിരുന്നു.
സൂപ്പര്‍ താരങ്ങളായ ബ്രെന്‍ഡന്‍ മക്കുല്ലത്തിന്റെയും ഡാനിയേല്‍ വെറ്റോറിയുടെയും വിടവാങ്ങലിനു ശേഷം വില്ല്യംസണ്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നതാണ് കണ്ടത്. ട്രെന്റ് ബോള്‍ട്ടും ടിം സോത്തിയും നയിക്കുന്ന പേസാക്രമണവും വില്ല്യംസണിന്റെ ക്യാപ്റ്റന്‍സിയുമാണ് ന്യൂസിലാന്‍ഡിന്റെ ഏറ്റവും വലിയ കരുത്ത്. മധ്യനിരയില്‍ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ അഭാവമാണ് കിവീസിന്റെ ഏക വീക്ക്‌നെസ്.

തുറുപ്പുചീട്ടുകള്‍: വില്ല്യംസണ്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, റോസ് ടെയ്‌ലര്‍ (ബാറ്റിങ്)
ട്രെന്റ് ബോള്‍ട്ട്, ടിം സോത്തി (ബൗളിങ്)

ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

ഏകദിന റാങ്കിങില്‍ തലപ്പത്തു നില്‍ക്കുന്ന ഇംഗ്ലണ്ടിന് കന്നി ലോകകിരീടം സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച അവസരമാണിത്.
മൂന്നു തവണ ലോകകപ്പിന്റെ ഫൈനലില്‍ കളിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഇത്തവണ സ്വന്തം നാട്ടില്‍ തന്നെയാണ് ലോകകകപ്പ് നടക്കുന്നത് എന്നതും ഇംഗ്ലണ്ടിന് പ്ലസ് പോയിന്റാണ്. സെമി ഫൈനലില്‍ കളിക്കുന്ന രണ്ടാമത്തെ ടീം ഇംഗ്ലണ്ടായിരിക്കുമെന്നതില്‍ സംശയില്ല. 2017ല്‍ നാട്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയുടെ സെമിയിലെത്താന്‍ ഇംഗ്ലണ്ടിനായിരുന്നു.
ജാസണ്‍ റോയ്, ജോസ് ബട്‌ലര്‍, അലെക്‌സ് ഹെയ്ല്‍സ്, ജോണി ബെയര്‍സ്‌റ്റോ എന്നിവരടങ്ങിയ ശക്തമായ ബാറ്റിങ് ലൈനപ്പാണ് ഇംഗ്ലണ്ടിനുള്ളത്. നിശ്ചിത ഓവര്‍ക്രിക്കറ്റിലെ ക്യാപ്റ്റനായ ഇയോന്‍ മോര്‍ഗന്‍ മികച്ച രീതിയിലാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്.
മധ്യനിര ബാറ്റിങിലും ബൗളിങിലുമാണ് ഇംഗ്ലണ്ടിന് അല്‍പ്പമെങ്കിലും ആശങ്കയുള്ളത്. ഓസ്‌ട്രേലിയയെ സ്വന്തം തടകത്തില്‍ 5-0നു തൂത്തുവാരിയായിരുന്നു ഇംഗ്ലണ്ട് ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കുയര്‍ന്നത്.

തുറുപ്പുചീട്ടുകള്‍
ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ഇയോന്‍ മോര്‍ഗന്‍ (ബാറ്റിങ്)
മാര്‍ക്ക് വുഡ്, ആദില്‍ റഷീദ് (ബൗളിങ്)

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക

ക്രിക്കറ്റിലെ ഏറ്റവും വലിയ നിര്‍ഭാഗ്യരെന്നു വിശേഷിപ്പിക്കപ്പെടുന്ന ടീമാണ് ദക്ഷിണാഫ്രിക്ക. എല്ലാ ടൂര്‍ണമെന്റിലും മികച്ച ടീമായി എത്തുന്ന ദക്ഷിണാഫ്രിക്കയ്ക്കു പക്ഷെ നിര്‍ണായക കളിയില്‍ അപ്രതീക്ഷിത തോല്‍വി നേരിടുകയാണ് പതിവ്. ഇത്തവണ ഇംഗ്ലണ്ടില്‍ ഇതിനൊരു മാറ്റം വരുത്താമെന്ന ആത്മവിശ്വാസത്തിലാണ് അവര്‍. അടുത്ത ലോകകപ്പിന്റെ സെമി ഫൈനലിലെത്താന്‍ സാധ്യതയുള്ള മൂന്നാമത്തെ ടീം ദക്ഷിണാഫ്രിക്കയാണ്.
ഫഫ് ഡുപ്ലെസി നയിക്കുന്ന ദക്ഷിണാഫ്രിക്ക ഏകദിന റാങ്കിങില്‍ നിലവില്‍ മൂന്നാംസ്ഥാനത്തുണ്ട്.
ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സിന്റെ അപ്രതീക്ഷിത വിരമിക്കല്‍ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കു തിരിച്ചടിയായേക്കും. ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള എബിഡിയുടെ പിന്‍ഗാമിയെ കണ്ടെത്തുകയാണ് ദക്ഷിണാഫ്രിക്കയ്ക്കു മുന്നിലുള്ള വെല്ലുവിളി.
കാഗിസോ റബാദയും ലുംഗി എന്‍ഗിഡിയും നയിക്കുന്ന ശക്തമായ പേസാക്രമണ നിരയാണ് അവര്‍ക്കുള്ളത്. ബാറ്റിങില്‍ ഹാഷിം അംല, ഡുപ്ലെസി, ക്വിന്റണ്‍ ഡിക്കോക്ക് എന്നിവരുടെ സാന്നിധ്യവും ദക്ഷിണാഫ്രിക്കയ്ക്കു കരുത്താവും. മധ്യനിര ബാറ്റിങാണ് ദക്ഷിണാഫ്രിക്കയുടെ പ്രധാന വീക്ക്‌നസ്.

തുറുപ്പുചീട്ടുകള്‍
ഹാഷിം അംല, ഫഫ് ഡുപ്ലെസി, ക്വിന്റണ്‍ ഡികോക്ക് (ബാറ്റിങ്)
കാഗിസോ റബാദ, ലുംഗി എന്‍ഗിഡി (ബൗളിങ്)

ഇന്ത്യ

ഇന്ത്യ

നിലവിലെ ഫോമില്‍ ലോകകപ്പിലെ നാലാമത്തെ സെമി ഫൈനലിസ്റ്റുകള്‍ തീര്‍ച്ചയായും ഇന്ത്യ തന്നെയായിരിക്കും. വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യ ഏകദിന റാങ്കിങില്‍ ഇപ്പോള്‍ രണ്ടാംസ്ഥാനത്തുണ്ട്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഫൈനലിലെത്തിയ ഇന്ത്യ ചിരവൈരികളായ പാകിസ്താനോടു തോല്‍ക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരേ അവസാനമായി കളിച്ച ഏകദിന പരമ്പര 1-2നു കൈവിട്ടെങ്കിലും അതു ലോകകപ്പില്‍ ഇന്ത്യന്‍ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നില്ല. റിസ്റ്റ് സ്പിന്‍ ബൗളിങാണ് ഇപ്പോള്‍ ഇന്ത്യയുടെ പ്രധാന ആയുധം.
മധ്യനിര ബാറ്റിങാണ് ഇന്ത്യയുടെ ഏക വീക്ക്‌നെസ്. നാല് മുതല്‍ ഏഴു വരെയുള്ള സ്ഥാനങ്ങളില്‍ ആരെയൊക്കെ ഇറക്കുമെന്ന കാര്യത്തില്‍ ഇന്ത്യക്കു ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്.

തുറുപ്പുചീട്ടുകള്‍
വിരാട് കോലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ (ബാറ്റിങ്)
ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് (ബൗളിങ്)

Story first published: Thursday, August 2, 2018, 12:28 [IST]
Other articles published on Aug 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+