എട്ടാമത് ഐ പി എല്‍ ക്രിക്കറ്റിനുളള ലേലത്തില്‍ ഒഴിവാക്കപ്പെട്ട താരങ്ങള്‍ക്ക് വേണ്ടി ശശി തരൂര്‍ എം പി രംഗത്തെത്തി. ഇവരെല്ലാവരും ചേര്‍ന്ന് ഒരു ടീമുണ്ടാക്കിയാല്‍ ലോകത്തെ ഏത് ടീമിനെയും തോല്‍പിക്കാന്‍ പറ്റുമെന്നും തരൂര്‍ പറഞ്ഞു. എട്ടാം സീസണ് വേണ്ടിയുള്ള താരലേലത്തില്‍ 66 കളിക്കാരെയാണ് വിവിധ ടീമുകള്‍ ചേര്‍ന്ന് വിളിച്ചെടുത്തത്. 151 പേരെ ആരും ലേലത്തില്‍ വിളിച്ചില്ല.
പ്രധാനപ്പെട്ട പല കളിക്കാരെയും സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ താല്‍പര്യം കാട്ടിയില്ല. ഏകദിന റാങ്കിംഗില്‍ ഒന്നാമതുള്ള ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംല, ശ്രീലങ്കയുടെ മഹേള ജയവര്‍ധനെ, സങ്കക്കാര, ദില്‍ഷന്‍ തുടങ്ങിയ കളിക്കാരെ ആരും വിളിച്ചില്ല. ഇര്‍ഫാര്‍ പത്താന്‍, മുനാഫ് പട്ടേല്‍ തുടങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും ആവശ്യക്കാരുണ്ടായില്ല.

മികച്ച കളിക്കാരെ ഫ്രാഞ്ചൈസികള്‍ വിളിക്കാത്തതാണ് ക്രിക്കറ്റ് ആരാധകന്‍ കൂടിയായ തരൂരിനെ വിഷമിപ്പിച്ചത്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലാണ് തരൂര്‍ തന്റെ അഭിപ്രായം പറഞ്ഞത്. തരൂരിന് ഐ പി എല്‍ ക്രിക്കറ്റുമായുള്ള ബന്ധം ഏറെ പ്രശസ്തമാണ്. കേരളത്തിന്റെ ഐ പി എല്‍ ടീമായ കൊച്ചി ടസ്‌കേഴ്‌സ് സാധ്യമായത് തരൂരിന്റെ കൂടി ശ്രമഫലമായാണ്.
16 കോടി മുടക്കി ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് ഈ സീസണിലെ ഏറ്റവും വില കൂടിയ താരത്തെ വാങ്ങിയത്. യുവരാജ് സിംഗിനാണ് ഈ റെക്കോര്‍ഡ് തുക കിട്ടിയത്. അതേസമയം റോസ് ടെയ്‌ലറെ പോലുള്ള മാച്ച് വിന്നര്‍മാരെ വാങ്ങാന്‍ ആരും തയ്യാറായതുമില്ല.