ആന്റിഗ്വ: ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഒടുവില്‍ ടീം ഇന്ത്യയും അക്കൗണ്ട് തുറന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ നേടിയ വമ്പന്‍ ജയമാണ് ഇന്ത്യയെ പട്ടികയിലെത്തിച്ചത്. വന്‍ മാര്‍ജിനിലുള്ള ജയത്തിന്റെ മികവില്‍ ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തിട്ടുണ്ട്. ഒമ്പതു ടീമുകളുടെ ചാംപ്യന്‍ഷിപ്പില്‍ 60 പോയിന്റുമായാണ് ഇന്ത്യ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഇതേ പോയിന്റുമായി ശ്രീലങ്കയാണ് ഇന്ത്യക്കു തൊട്ടു താഴെ യുള്ളത്.

കഴിഞ്ഞ ദിവസം നടന്ന ആഷസിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയ ഓസ്‌ട്രേലിയയാണ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത്. കംഗാരുപ്പടയ്ക്കു 32 പോയിന്റുണ്ട്. ഓസീസിനെതിരേ മൂന്നാം ടെസ്റ്റില്‍ നേടിയ ത്രസിപ്പിക്കുന്ന ജയം ഇംഗ്ലണ്ടിനെ പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറക്കാന്‍ സഹായിച്ചു. 31 പോയിന്റുമായി ഓസീസിനു പിറകില്‍ നാലാമതാണ് ലോക ചാംപ്യന്‍മാര്‍.
ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നിവരാണ് പോയിന്റ് പട്ടികയിലെ മറ്റു ടീമുകള്‍. ഇവരില്‍ ന്യൂസിലാന്‍ഡും വിന്‍ഡീസും ഓരോ ടെസ്റ്റുകള്‍ വീതം കളിച്ചെങ്കിലും രണ്ടിലും പരാജയപ്പെടുകയായിരുന്നു. മറ്റു ടീമുകളാവട്ടെ ഒരു ടെസ്റ്റില്‍ പോലും കളിച്ചിട്ടില്ല.