സൗത്ത് ആഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിന് ശേഷം പുറത്ത് വന്ന ന്യൂസിലാൻഡിനെതിരെയും ലോകകപ്പിനുമായുള്ള സംയുക്ത ടീമിൽ നിന്ന് ജിതേഷ് ശർമ്മയുടെ പേര് കാണാതെ പോയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആദ്യം കേട്ടപ്പോൾ ഞെട്ടലുണ്ടായിരുന്നെങ്കിലും തന്റെ അച്ഛന്റെ അവസാന നാളുകളിൽ കൂടെ നിൽക്കാൻ ഇതുകൊണ്ട് സാധിച്ചു എന്നും ജിതേഷ് ശർമ്മ പറഞ്ഞിരുന്നു. എന്നാലിപ്പോൾ മറ്റൊരു ഹൃദയസ്പർശിയായ ക്വാട്ടുമായി ജിതേഷ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
IPL 2026: സഞ്ജു ഇല്ലെങ്കിലെന്താ, പിള്ളാർ സ്ട്രോങ്ങാ, ആർആർ പ്രാക്ടീസ് മാച്ചിൽ റൺമഴ; സിക്സുകൾ അടിച്ചുകൂട്ടി താരം
2026-ലെ ടി20 ലോകകപ്പ് ടീമിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തായപ്പോൾ തന്നെ ആദ്യം തേടിയെത്തിയത് സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ സന്ദേശമാണെന്ന് വെളിപ്പെടുത്തി ജിതേഷ് ശർമ്മ. രൺവീർ അല്ലാബാദിയയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ്, തനിക്ക് ലോകകപ്പ് നഷ്ടമായ നിമിഷത്തെക്കുറിച്ചും ഹാർദിക് നൽകിയ പിന്തുണയെക്കുറിച്ചും ജിതേഷ് മനസ്സ് തുറന്നത്.

ഹാർദിക്കിന്റെ 'സർപ്രൈസ്' മെസ്സേജ്!
ലോകകപ്പ് ടീമിൽ ജിതേഷിന് പകരം ഇഷാൻ കിഷനെയും റിങ്കു സിംഗിനെയും ഉൾപ്പെടുത്താനായിരുന്നു സെലക്ടർമാരുടെ തീരുമാനം. "ടീമിൽ എന്റെ പേര് ഇല്ലെന്ന് കണ്ടപ്പോൾ ആദ്യം മെസ്സേജ് അയച്ചത് ഹാർദിക് ഭായി ആയിരുന്നു. ഈ സാഹചര്യത്തിൽ നിന്ന് ഒരു വ്യക്തി എന്ന നിലയിലും ക്രിക്കറ്റർ എന്ന നിലയിലും കൂടുതൽ വളരാൻ ശ്രമിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്," ജിതേഷ് ഓർത്തെടുത്തു. ബറോഡ ടീമിൽ ജിതേഷിന്റെ സഹതാരം കൂടിയാണ് ഹാർദിക്. മറ്റ് സഹതാരങ്ങളായ അർഷ്ദീപ്, ആവേശ് ഖാൻ, രവി ബിഷ്‌ണോയ് എന്നിവരും തന്നെ ആശ്വസിപ്പിച്ചിരുന്നതായി ജിതേഷ് കൂട്ടിച്ചേർത്തു.
സഞ്ജുവിനോടുള്ള പോരാട്ടവും പുറത്താകലും!
ടീം ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറാകാൻ ജിതേഷ് ശർമ്മയും സഞ്ജു സാംസണും തമ്മിൽ കടുത്ത പോരാട്ടമായിരുന്നു നടന്നിരുന്നത്. 2025-ൽ അഞ്ച് ടി20 ഇന്നിംഗ്‌സുകളിൽ നിന്ന് 158.97 സ്‌ട്രൈക്ക് റേറ്റിൽ 31 ശരാശരിയുമായി ജിതേഷ് മികച്ച ഫോമിലായിരുന്നു. എന്നാൽ ടോപ്പ് ഓർഡറിൽ കളിക്കാൻ കഴിയുന്ന വിക്കറ്റ് കീപ്പറെ വേണമെന്ന സെലക്ടർമാരുടെ താല്പര്യമാണ് ജിതേഷിന് തിരിച്ചടിയായത്. ഇതോടെ സഞ്ജു സാംസൺ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

ആർസിബിക്കായി വീണ്ടും വെടിക്കെട്ട്!
കഴിഞ്ഞ സീസണിൽ ആർസിബിയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ജിതേഷ്, ഇത്തവണയും മികച്ച ഫോമിലാണ്. അടുത്തിടെ നടന്ന ഇൻട്രാ-സ്ക്വാഡ് പരിശീലന മത്സരത്തിൽ വെറും 37 പന്തിൽ നിന്ന് 81 റൺസാണ് താരം അടിച്ചുകൂട്ടിയത്. മാർച്ച് 28 ശനിയാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള ഉദ്ഘാടന മത്സരത്തിൽ ജിതേഷ് വീണ്ടും ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാറ്റേന്തും.
"ലോകകപ്പ് ടീമിലേക്ക് തന്നെ തിരഞ്ഞെടുത്തില്ല എന്ന് ആദ്യം മനസിലാക്കിയപ്പോൾ വിഷമം തോന്നി. എന്നാൽ, ടീമിൽ ഇടം നേടിയിരുന്നെങ്കിൽ ഫെബ്രുവരിയിൽ തന്നെ ടീമിനൊപ്പം ജോയിൻ ചെയ്യേണ്ടി വരുമായിരുന്നു. അങ്ങനെ ആയിരുന്നു എങ്കിൽ അച്ഛന്റെ അവസാന നാളുകളിൽ എനിക്ക് അച്ഛനോടൊപ്പം ഇരിക്കാനും അദ്ദേഹത്തെ പരിചരിക്കാനും ഉള്ള അവസരം ലഭിക്കുമായിരുന്നില്ല. അച്ഛന്റെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും." ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ശേഷം ജിതേഷ് ശർമ്മ പങ്കുവെച്ച കുറിപ്പാണിത്.