മലയാളി താരം സഞ്ജു സാംസണും കേരളാ ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ വീണ്ടുമൊരിക്കല്‍ക്കൂടി ടീമിനായി കളിക്കുമോയെന്ന കാര്യം സംശയമാണ്. കാരണമറിയിക്കാതെ പരിശീലന ക്യാംപിനെത്തിയില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളാ ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
വിജയ് ഹസാരെയില്‍ കളിക്കാത്തതിനാല്‍ തന്നെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിലും സഞ്ജുവിനു സ്ഥാനം ലഭിച്ചില്ല. ഇതിനു ശേഷം കെസിഎയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളുമായി സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ വിശ്വനാഥും രംഗത്തു വന്നു. കെസിഎയിലെ ചിലര്‍ക്കു മകനോടു ഇഷ്ടക്കേടുണ്ടെന്നും ഈ കാരണത്താല്‍ മനപ്പൂര്‍വ്വം ഒതുക്കുകയാണെന്നുമായിരുന്നു അദ്ദേഹം ആരോപിച്ചത്.
കെസിഎക്കെതിരേ ഈ തരത്തിലുള്ള വിമര്‍ശനങ്ങള്‍ സാംസണ്‍ വിശ്വനാഥ് ഉന്നയിച്ചതിനാല്‍ കേരളാ ടീമിലേക്കു ഇനി സഞ്ജുവിനെ പരിഗണിക്കുമോയെന്നതും സംശയമാണ്. അടുത്ത സീസണില്‍ ഒരുപക്ഷെ മറ്റൊരു ടീമിനു വേണ്ടിയാവും ആഭ്യന്തര ക്രിക്കറ്റില്‍ സഞ്ജു കളിച്ചേക്കുക. കേരളം വിടുകയാണെങ്കില്‍ അദ്ദേഹത്തിനു ഏറ്റവും യോജിച്ച മൂന്നു ടീമുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

രാജസ്ഥാന്‍
ആഭ്യന്തര ക്രിക്കറ്റില്‍ സഞ്ജു സാംസണിനു അനുയോജ്യമായ ടീമുകളിലൊന്ന് രാജസ്ഥാനാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടി ആയതിനാല്‍ അദ്ദേഹത്തോടു പ്രത്യേക ഇഷ്ടവും താല്‍പ്പര്യവുമെല്ലാം രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഐപിഎല്ലില്‍ റോയല്‍സിന്റെ ഭാഗമാണ് സഞ്ജു. അതുകൊണ്ടു തന്നെ അവരെ സംബന്ധിച്ച് ദത്തുപുത്രന്‍ തന്നെയാണ് അദ്ദേഹമെന്നു നിസംശയം പറയാം.
നിലവില്‍ ദീപക് ഹൂഡയാണ് രാജസ്ഥാന്‍ ടീമിന്റെ നായകന്‍. എന്നാല്‍ രഞ്ജി ട്രോഫി ടീം സെലക്ഷനുമായി ബന്ധപ്പെട്ട് അസോസിയേഷനുമായി അദ്ദേഹത്തിനു ചില അഭിപ്രായഭിന്നതകളുണ്ട്. അതുകൊണ്ടു തന്നെ ഹൂഡ ടീം വിട്ടേക്കുകയും ചെയ്യും.
അങ്ങനെയെങ്കില്‍ പകരക്കാരനായി സഞ്ജു പുതിയ നായകനുമായി മാറിയേക്കും. 2011-12നു ശേഷം രഞ്ജി ട്രോഫിയില്‍ രാജസ്ഥാന്‍ ജേതാക്കളായിട്ടില്ല. മികച്ച താരങ്ങളുടെ അസാന്നിധ്യമാണ് ഇതിനു കാരണം. സഞ്ജുവിനെ കൊണ്ടുവരാനായാല്‍ അതു രാജസ്ഥാനു കരുത്താവും. കൂടാതെ ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആരാധക പിന്തുണയും അവര്‍ക്കു കിട്ടും.
തമിഴ്‌നാട്
ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നായ തമിഴ്‌നാടാണ് സഞ്ജു സാംസണിനു മുന്നിലുള്ള രണ്ടാമത്തെ ഓപ്ഷന്‍. രാജസ്ഥാനൊപ്പം തമിഴ്‌നാടും അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ ഇതിനകം താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ലോകോത്തര താരങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ചവരാണ് തമിഴ്‌നാട്.
പക്ഷെ നിലവിലെ ടീമില്‍ വലിയ താരമൂല്യമുള്ള കളിക്കാര്‍ അധികമില്ല. എന്നാല്‍ സഞ്ജുവിനെ സ്വന്തമാക്കാനായാല്‍ അവര്‍ക്കു ഈ ക്ഷീണം തീര്‍ക്കാം. മാത്രമല്ല, തമിഴ് സിനിമളെ ഇഷ്ടപ്പെടുന്ന, രജനീകാന്തിന്റെ കട്ട ഫാനുമായ സഞ്ജു ഏറ്റവുമധികം കളിക്കാന്‍ ഇഷ്ടപ്പെടുന്ന ടീമും തമിഴ്‌നാട് തന്നെയായിരിക്കും.
കേരളത്തിലേതു പോലെ അവിടെയും അദ്ദേഹത്തിനു ഒരുപാട് ആരാധകരുണ്ട്. തമിഴ്‌നാട്ടിലേക്കുള്ള കൂടുമാറ്റം ക്രിക്കറ്ററെന്ന നിലയിലും സഞ്ജുവിനു ഗുണം ചെയ്യും. മാത്രമല്ല, കേരളത്തിനൊപ്പമുള്ള കിരീടവരള്‍ച്ച അവസാനിപ്പിക്കാന്‍ തമിഴ്‌നാട്ടിലേക്കു മാറിയാല്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തേക്കും.

വിദര്‍ഭ
വിദര്‍ഭയാണ് സഞ്ജു സാംസണിനു ഏറ്റവും അനുയോജ്യമായ ആഭ്യന്തര ക്രിക്കറ്റിലെ മൂന്നാമത്തെ ടീം. സമീപകാലത്തു ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ടീമാണ് അവര്‍. കഴിഞ്ഞ രഞ്ജി ട്രോഫിയിലെ റണ്ണറപ്പായിരുന്നു വിദര്‍ഭ ടീം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മികച്ച കളിക്കാരെയെത്തിക്കുന്നതില്‍ മിടുക്കരാണ് അവര്‍. മറുനാടന്‍ മലയാളിയായ കരുണ്‍ നായര്‍ ഇതിനു നല്ലൊരു ഉദാഹരണമാണ്.
കര്‍ണാടക വിട്ടാണ് അദ്ദേഹം വിദര്‍ഭയിലെത്തിയത്. ഇവിടെ വലിയ റണ്‍വേട്ടയും കരുണ്‍ നടത്തുന്നു. കഴിഞ്ഞ വിജയ് ഹസാരെയില്‍ അഞ്ചു സെഞ്ച്വറികളടക്കം നേടി അദ്ദേഹം ഞെട്ടിച്ചിരുന്നു. ടൂര്‍ണമെന്റില്‍ വിദര്‍ഭ ഫൈനലില്‍ വീഴുകയായിരുന്നു. കരുണിനെക്കൂടാതെ നേരത്തേ വസീം ജാഫര്‍, എസ് ബദരീനാഥ്, കരണ്‍ ശര്‍മ തുടങ്ങിയവരെല്ലാം മറ്റു ടീമുകള്‍ വിട്ട് വിദര്‍ഭയിലേക്കു വന്നിരുന്നു.