IND vs AUS: യോര്‍ക്കര്‍ കിങ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലും, ഉമേഷിനു പകരം നടരാജന് 'നറുക്ക്'
സിഡ്‌നി: ഏകദിനം, ടി20 എന്നിവയ്ക്കു പിന്നാലെ ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറാന്‍ പേസര്‍ ടി നടരാജന് അവസരമൊരുങ്ങി. പരിക്കിനെ തുടര്‍ന്നു ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന അടുത്ത രണ്ടു ടെസ്റ്റുകളില്‍ നിന്നും പിന്‍മാറിയ ഉമേഷ് യാദവിനു പകരം ഇന്ത്യ 'നട്ടു'വിനെ ടീമിലുള്‍പ്പെടുത്തി. നടരാജന്‍ സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി കളിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ കുറച്ചു ദിവസങ്ങളായി പരന്നിരുന്നു. പക്ഷെ ടീമിന്റെ ഭാഗമായിരുന്നില്ല അദ്ദേഹം. എന്നാല്‍ നടരാജനെ ഔദ്യോഗികമായി ഇപ്പോള്‍ ടീമിലെടുത്തതായി അറിയിച്ചിരിക്കുകയാണ് സെലക്ഷന്‍ കമ്മിറ്റി.

ദിവസങ്ങള്‍ക്കു മുമ്പ് മറ്റൊരു പകരക്കാരനെയും പ്രഖ്യാപിച്ചിരുന്നു. ഒന്നാം ടെസ്റ്റില്‍ പരിക്കേറ്റ മുഹമ്മദ് ഷമിക്കു പകരം ശര്‍ദ്ദുല്‍ താക്കൂറായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോള്‍ മറ്റൊരു പകരക്കാരനെ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടു പേരില്‍ ആര്‍ക്കായിരിക്കും മൂന്നാം ടെസ്റ്റില്‍ അവസരം ലഭിക്കുകയെന്നു മാത്രമാണ് ഇനി അറിയാനുള്ളത്. പരിക്കില്‍ നിന്നും മോചിതരാവുന്നതിനു വേണ്ടി ഷമിയും ഉമേഷും ഉടന്‍ തന്നെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു തിരിക്കും.
അതേസമയം, നേരത്തേ നടന്ന ഏകദിനം, ടി20 എന്നിവയില്‍ നടത്തിയ മിന്നുന്ന പ്രകടനമാണ് നടരാജന് ടെസ്റ്റ് സംഘത്തിലും സ്ഥാനം നേടിക്കൊടുത്തിരിക്കുന്നത്. ഏകദിന പരമ്പരയിലെ അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിലായിരുന്നു ഇടംകൈയന്‍ പേസര്‍ ദേശീയ ടീമിനായി അരങ്ങേറിയത്. കളിയില്‍ രണ്ടു വിക്കറ്റുമായി നട്ടു മിന്നുകയും ചെയ്തു. ഇതോടെ തുടര്‍ന്നു നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും നടരാജന് ടീമില്‍ സ്ഥാനം നേടിക്കൊടുത്തു. 29 കാരന്‍ നിരാശപ്പെടുത്തിയില്ല. മൂന്നു കളികളില്‍ നിന്നും ആറു വിക്കറ്റുമായി പരമ്പരയില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത ബൗളറായി അദ്ദേഹം മാറുകയും ചെയ്തു.
കഴിഞ്ഞ ഐപിഎല്ലില്‍ ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി നടത്തിയ ഉജ്ജ്വല ബൗളിങാണ് നടരാജന് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തത്. ഐപിഎല്ലില്‍ നിരവധി യോര്‍ക്കറുകളെറിഞ്ഞ് നട്ടു എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ കുഴക്കിയിരുന്നു. ഓസീസ് പര്യടനത്തില്‍ ആദ്യം നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ മാത്രമേ പേസര്‍ ഉള്‍പ്പെട്ടിരുന്നുള്ളൂ. എന്നാല്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി പരിക്കു കാരണം ഓസീസ് പര്യടനത്തില്‍ നിന്നും പിന്‍മാറിയതോടെ നടരാജന് ടീമില്‍ സ്ഥാനം ലഭിക്കുകയായിരുന്നു. ഇപ്പോഴിതാ മറ്റൊരു പരിക്കിന്റെ രൂപത്തില്‍ അദ്ദേഹത്തെ വീണ്ടും ഭാഗ്യം തേടിയെത്തിയിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications