മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരമായ മിതാലി രാജിന്റെ ജീവചരിത്രം വെള്ളിത്തിരയിലേക്ക്. മിതാലിയുടെ ആത്മകഥ പ്രമേയമാക്കി നിര്‍മിക്കുന്ന ബോളിവുഡ് ചിത്രത്തിന് സബാഷ് മിത്തുവെന്നാണ് പേരിട്ടിരിക്കുന്നത്. ബോളിവുഡിലെ യുവ നടിമാരില്‍ ശ്രദ്ധിക്കപ്പെട്ട തപ്‌സി പന്നുവാണ് മിതാലിയാവുന്നത്. മിതാലിയുടെ പിറന്നാള്‍ ദിനമായ ഇന്ന് (ഡിസംബര്‍ മൂന്ന്) സിനിമയെക്കുറച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്. മിതാലിയെ സന്ദര്‍ശിച്ച ശേഷം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചാണ് തപ്‌സി താനാണ് മുഖ്യ റോള്‍ ചെയ്യുകയെന്ന ആഹ്ലാദം പങ്കുവച്ചത്. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം പങ്കുവച്ചത്.

ഹാപ്പി ബെര്‍ത്ത്‌ഡേ ക്യാപ്റ്റന്‍. എന്തു സമ്മാനമാണ് നിങ്ങള്‍ക്കു നല്‍കേണ്ടതെന്നു അറിയില്ല. എന്നാല്‍ തിരശീലയില്‍ ഏറ്റവും മികച്ചത് തന്നെ നല്‍കുമെന്നും അതു നിങ്ങള്‍ക്കു സ്വയം അഭിമാനിക്കാന്‍ വക നല്‍കുന്നതായിരിക്കുമെന്ന് ഉറപ്പു നല്‍കുന്നുവെന്ന് തപ്‌സി ട്വീറ്റ് ചെയ്തു. മിതാലിയോടൊപ്പം കേക്ക് മുറിച്ചു പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളോടൊപ്പമായിരുന്നു തപ്‌സി ഇങ്ങനെ കുറിച്ചത്.
വെള്ളിത്തിരയില്‍ മിതാലിയായി ജീവിക്കാന്‍ അവസരം ലഭിച്ചത് വലിയ അംഗീകാരമായാണ് കാണുന്നതെന്നും ഇത്രയും വലിയൊരു താരത്തിന്റെ റോള്‍ ചെയ്യുന്നതിന്റെ സമ്മര്‍ദ്ദം തനിക്കുണ്ടെന്നും തപ്‌സി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ബോളിവുഡില്‍ ഒരു പിടി മികച്ച ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള രാഹുല്‍ ധൊലാക്കിയയാണ് സബാഷ് മിത്തുവിന്റെ സംവിധായകന്‍.