മുംബൈ: ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കങ്ങളിലേക്ക് ടീമുകളെല്ലാം കടന്ന് കഴിഞ്ഞു. ജൂണ്‍ 1 മുതല്‍ 29വരെ നടക്കുന്ന ടി20 ലോകകപ്പിന് അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് വേദിയാവുന്നത്. അതുകൊണ്ടുതന്നെ ടീമുകള്‍ക്കൊന്നും കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും നേടാനാവാത്ത ഇന്ത്യന്‍ ടീമിന് വരുന്ന ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടാനാവാതെ പോയാല്‍ വലിയ പൊളിച്ചെഴുത്ത് ടീമിലുണ്ടാവുമെന്നുറപ്പാണ്.
ടി20 ലോകകപ്പിന് ശേഷം ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ വരുത്തണമെന്ന് ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം പരിശീലക സ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് മാറണം. രാഹുല്‍ ദ്രാവിഡിന് കീഴില്‍ നോക്കൗട്ട് മത്സരങ്ങളില്‍ ഇന്ത്യയുടെ പ്രകടനം മോശമാണ്. പരിശീലകനെന്ന നിലയില്‍ താരങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ ദ്രാവിഡ് തയ്യാറാവുന്നുണ്ട്. എന്നാല്‍ വ്യത്യസ്തമായ പദ്ധതികള്‍ ഇന്ത്യക്കായി ഒരുക്കാന്‍ അദ്ദേഹത്തിനാവുന്നില്ല.
ടി20 ഫോര്‍മാറ്റില്‍ വലിയ അനുഭവസമ്പത്ത് ദ്രാവിഡിന് അവകാശപ്പെടാനാവില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്തി ആത്മവിശ്വാസത്തോടെ താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കണമെങ്കില്‍ അത്തരത്തിലുള്ള പരിശീലകന്റെ സാന്നിധ്യം അത്യാവശ്യമാണ്. ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനായപ്പോള്‍ ടീമിലുണ്ടായ മാറ്റങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുപോലെ തന്നെ ഇന്ത്യക്ക് മികച്ചൊരു വെടിക്കെട്ട് താരത്തെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരേണ്ടതായുണ്ട്.
വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവര്‍ ഇന്ത്യയുടെ പരിശീലക സ്ഥാനം നോട്ടമിടുന്നവരാണ്. എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇവരെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. ഇന്ത്യ വിദേശ പരിശീലകരെ കൊണ്ടുവരണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. വിദേശ പര്യടനങ്ങളിലെ ടീമിന്റെ പ്രകടനം മെച്ചപ്പെടാന്‍ മികച്ച വിദേശ പരിശീലകരെ ഇന്ത്യ പരിഗണിക്കേണ്ടതായുണ്ട്. റിക്കി പോണ്ടിങ്, മാത്യു ഹെയ്ഡന്‍ തുടങ്ങിയവരിലൊരാളെ ഇന്ത്യ ടി20 പരിശീലകനാക്കിയാല്‍ അത് വലിയ മാറ്റംകൊണ്ടുവന്നേക്കും.

ഇന്ത്യയുടെ ഉപദേഷ്ടാവായി മികച്ചൊരാള്‍ വേണം. തനിക്ക് ഇന്ത്യയുടെ ഉപദേഷ്ടാവാകാന്‍ താല്‍പര്യമുണ്ടെന്ന് യുവരാജ് സിങ് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഏറ്റവും ബെസ്റ്റ് ഉപദേഷ്ടാവാണ് യുവരാജ് സിങ്ങെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ബാറ്റ്‌സ്മാന്‍ എന്നതിലുപരിയായി മികച്ച ഓള്‍റൗണ്ടറായിരുന്നു യുവി. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ നേടിയത് യുവിയുടെ മികവിലായിരുന്നു.
പന്തുകൊണ്ടും വലിയ ഇംപാക്ട് സൃഷ്ടിച്ച യുവി താരങ്ങള്‍ക്കെല്ലാം വലിയ പ്രചോദനമാണ്. അര്‍ബുദത്തോട് പൊരുതി ഇന്ത്യക്കായി ലോകകപ്പ് നേടിക്കൊടുത്ത ഹീറോയാണ് യുവരാജ്. ജീവിതംകൊണ്ടും കരിയറുകൊണ്ടും യുവരാജ് എല്ലാവര്‍ക്കും മാതൃകയാണെന്ന് പറയാം. ഇന്ത്യയുടെ ഫീല്‍ഡിങ് നിലവാരത്തിലും മാറ്റം വരുത്താനുണ്ട്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ താരങ്ങളുടെ ഫീല്‍ഡിങ് നിലവാരം താഴോട്ട് പോയിട്ടുണ്ടെന്ന് നിസംശയം പറയാം.
യുവരാജ് സിങ്, മുഹമ്മദ് കൈഫ്, സുരേഷ് റെയ്‌ന എന്നിവരെല്ലാം ഉണ്ടായിരുന്നപ്പോള്‍ ഡൈവിങ് ക്യാച്ചുകളെടുക്കാന്‍ ധൈര്യം കാട്ടിയിരുന്നു. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയേയും രവീന്ദ്ര ജഡേജയേയും മാറ്റിനിര്‍ത്തിയാല്‍ ഫീല്‍ഡിങ്ങില്‍ വലിയ മികവ് കാട്ടുന്നവര്‍ ഇല്ലെന്ന് പറയാം. ഇന്ത്യയുടെ ഫീല്‍ഡിങ് നിലവാരം മെച്ചപ്പെടാന്‍ മുഹമ്മദ് കൈഫിനെപ്പോലൊരാള്‍ ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകനാവേണ്ടത് അത്യാവശ്യമാണ്.
ബൗളിങ് പരിശീലകനായി സഹീര്‍ ഖാനെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാണ് സഹീര്‍. ഇന്ത്യക്ക് ഏറെക്കാലമായി മികച്ച ഇടം കൈയന്‍ ബൗളര്‍മാരില്ല. ഈ പ്രശ്‌നം പരിഹരിക്കാനും പേസ് ബൗളര്‍മാര്‍ക്ക് വലിയ മത്സരങ്ങളില്‍ തിളങ്ങാനും സഹീറിനെപ്പോലൊരു പരിശീലകന്റെ സാന്നിധ്യം സഹായിക്കുമെന്നുറപ്പ്.