ഐപിഎല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഐപിഎല്‍ ചാമ്പന്യമാരെ കണ്ടെത്തിക്കഴിഞ്ഞാല്‍ ക്രിക്കറ്റ് ലോകത്തിന്റെ യാത്ര ലോക ചാമ്പ്യന്മാരെ തേടിയാകും. അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ലോകകപ്പിനായുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന ടീമിന്റെ ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.
തങ്ങളുടെ റഡാറിലുള്ളവരില്‍ മിക്കവരും മികച്ച ഫോമില്‍ കളിക്കുന്നതിനാലും യുവതാരങ്ങള്‍ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നതിനാലും ഏറെ പണിപ്പെട്ടായിരിക്കും സെലക്ടര്‍മാര്‍ ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുത്തത് എന്നുറപ്പാണ്. അതുകൊണ്ട് തന്നെ അമ്പരപ്പിക്കുന്ന പല തീരുമാനങ്ങളും എടുക്കേണ്ടി വന്നിട്ടുണ്ട്. ശുബ്ന്‍ ഗില്ലും റിങ്കു സിംഗും റിസര്‍വ് താരങ്ങളായാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആരാധകരെ വല്ലാതെ അസ്വസ്ഥരാക്കിയതായിരുന്നു ഈ തീരുമാനം.

അതേസമയം ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ റുതുരാജ് ഗെയ്ഗ്വാദ് സ്‌ക്വാഡിലും റിസര്‍വിലും ഇടം നേടിയിട്ടില്ല. റുതുരാജിനെ പുറത്തിരുത്താനുള്ള ഈ തീരുമാനം പക്ഷെ ഇന്ത്യയെ വേട്ടയാടുമോ എന്ന ആശങ്കയാണ് ആരാധകരില്‍ നിന്നും ഉയരുന്നത്.
സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന താരമാണ് റുതുരാജ് ഗെയ്ഗ്വാദ്. ഈ വര്‍ഷവും റിതു മികച്ച ഫോമിലാണുള്ളത്. ചെന്നൈയുടെ സ്വന്തം തട്ടകമായ ചെപ്പോക്കില്‍ പ്രത്യേകിച്ചും. ചെപ്പോക്കില്‍ നടന്ന എല്ലാ മത്സരങ്ങളിലും നല്ല പ്രകടനം പുറത്തെടുക്കാന്‍ റിതുരാജിന് സാധിച്ചിട്ടുണ്ട്. ഐപിഎല്ലിലെ മറ്റ് വേദികളെ അപേക്ഷിച്ച് കുറേകൂടി വേഗം കുറഞ്ഞ പിച്ചാണ് ചെപ്പോക്കിലേത്. ലോകകപ്പ് നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിലേയും യുഎസ്എയിലേയും പിച്ചുകളും സമാനമാണ്. ഈ സാഹചര്യത്തില്‍ റുതുവിന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് ഗുണം ചെയ്‌തേനെ.
ചെന്നൈയില്‍ നടന്ന എഴ് മത്സരങ്ങളില്‍ നിന്നും റുതുരാത് നേടിയത് 438 റണ്‍സാണ്. സീസണിലെ ആദ്യ മത്സരത്തില്‍ 15 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചിട്ടുള്ളതെങ്കിലും പിന്നീട് ചെപ്പോക്കില്‍ നടന്ന മത്സരങ്ങളിലെ റുതുരാജിന്റെ ആവറേജ് 40 ആണ്. അതിനാല്‍ ചെന്നൈയിലേതിന് സമാനമായ പിച്ചുകളുള്ള വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലും ലോകകപ്പ് നടക്കുമ്പോള്‍ റുതുരാജ് ടീമില്‍ വേണമായിരുന്നു എന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.
പിച്ചിനെ കണക്കിലെടുത്ത് നാല് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ലോകകപ്പിന് പോകുന്നത്. റുതുവും സ്‌ക്വാഡില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകുമായിരുന്നു എന്നാണ് ചില വിലയിരുത്തലുകള്‍.
എന്നിരുന്നാലും റുതുരാജിനെ ഒഴിവാക്കിയതിന് പിന്നിലെ യുക്തി വളരെ വ്യക്തമാണ്. റുതുരാജ് കളിക്കുന്ന ബാറ്റിംഗ് പൊസിഷനില്‍ മികവ് തെളിയിച്ച മറ്റുള്ളവരുണ്ട്. രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് തുടങ്ങിയവരുള്ളൊരു ടോപ് ഓര്‍ഡറില്‍ റുതുരാജിന് അവസരം ലഭിക്കുക ബുദ്ധിമുട്ടാണ്. ഇതേ കാരണം കൊണ്ട് തന്നെയാണ് ശുബ്മന്‍ ഗില്‍ റിസര്‍വിലേക്ക് മാറ്റപ്പെട്ടതും. എന്തായാലും റുതുരാജിനെ എടുക്കാതിരിക്കാനുള്ള തീരുമാനം ഇന്ത്യയെ തിരിഞ്ഞു കൊത്തില്ലെന്നു തന്നെ പ്രതീക്ഷിക്കാം.
അതേസമയം ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ ടീമിന്റെ ഭാവിയാണ് റുതുരാജ് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. രോഹിത്തും കോലിയുമൊക്കെ പടിയിറങ്ങുമ്പോള്‍ ഇന്ത്യയെ നയിക്കേണ്ടവരാണ് റുതുവും ഗില്ലും റിങ്കുവും യശസ്വിയുമെല്ലാം.