T20 World Cup 2021: വെസ്റ്റ് ഇന്‍ഡീസിനെ ഭയക്കണം, ഓസീസിനെ നാണം കെടുത്തിയത് മുന്നറിയിപ്പ്
കിങ്‌സ്ടൗണ്‍: ടി20 ലോകകപ്പ് വരാനിരിക്കെ പ്രവചനങ്ങളും വിലയിരുത്തലുകളും സജീവമാണ്. ഒക്ടോബര്‍ 17ന് ആരംഭിക്കുന്ന ടി20 ലോകകപ്പിന് യുഎഇയാണ് വേദി. ഇന്ത്യ,ഓസ്‌ട്രേലിയ,ന്യൂസീലന്‍ഡ്,ദക്ഷിണാഫ്രിക്ക,പാകിസ്താന്‍ തുടങ്ങിയ പല വമ്പന്മാരും ടി20 ലോകകപ്പ് കിരീട മോഹത്തോടെയാണ് ഇറങ്ങുന്നത്. എന്നാല്‍ ഇവരാരും കിരീടമോഹത്തോടെ ഇറങ്ങേണ്ടെന്ന മുന്നറിയിപ്പ് നല്‍കുകയാണ് വെസ്റ്റ് ഇന്‍ഡീസ്.
ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സര ടി20 പരമ്പര 4-1നാണ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്. കരുത്തരായ ഓസ്‌ട്രേലിയ മികച്ച ടീമുമായിത്തന്നെ ഇറങ്ങിയിട്ടും അനായാസമായാണ് വെസ്റ്റ് ഇന്‍ഡീസ് ജയം സ്വന്തമാക്കിയത്. അഞ്ചാം മത്സരത്തില്‍ 16 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസ് ജയം നേടിയത്.ബാറ്റിങ് നിരയും ബൗളിങ്‌നിരയും ഒരുപോലെ തിളങ്ങുന്നുണ്ട് എന്നത് വെസ്റ്റ് ഇന്‍ഡീസിനെ സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

ഓരോ മത്സരത്തിലും ഓരോ താരങ്ങളാണ് ശോഭിക്കുന്നതെന്നത് വെസ്റ്റ് ഇന്‍ഡീസിനെ സംബന്ധിച്ച് കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാക്കുന്ന കാര്യമാണ്. എവിന്‍ ലെവിസ് (79) ബാറ്റുകൊണ്ട് തിളങ്ങിയപ്പോള്‍ നായകന്‍ നിക്കോളാസ് പുരാനും (31) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ജോഷ് ഹെയ്‌സല്‍വുഡ്,ജേസന്‍ ബെഹറന്‍ഡോര്‍ഫ്,മിച്ചല്‍ സ്വീപ്‌സെന്‍,ആന്‍ഡ്രേ ടൈ തുടങ്ങിയവരെയെല്ലാം നേരിട്ടാണ് വെസ്റ്റ് ഇന്‍ഡീസ് മികച്ച പ്രകടനം കാഴ്ചവെച്ചതെന്നാണ് ശ്രദ്ധേയം.
വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ് നിര ഏത് എതിരാളികളെയും വിറപ്പിക്കുന്നതാണ്.എലിന്‍ ലെവിസ്,ക്രിസ് ഗെയ്ല്‍,ലിന്‍ഡല്‍ സിമ്മന്‍സ്,നിക്കോളാസ് പുരാന്‍,ആന്‍ഡ്രേ റസല്‍,കീറോണ്‍ പൊള്ളാര്‍ഡ്,ഡാരന്‍ ബ്രാവോ തുടങ്ങിയവരെല്ലാം ബാറ്റിങ്ങില്‍ തകര്‍ത്താടുമ്പോള്‍ ബൗളിങ് നിരയില്‍ ഷെല്‍ഡോന്‍ കോട്രല്‍,ഒഷെയ്ന്‍ തോമസ്,ഫാബിയന്‍ അലന്‍ തുടങ്ങിയവരുമുണ്ട്.
ടീമിലെ മിക്കവരും ഓള്‍റൗണ്ട് മികവുള്ളവരാണെന്നതാണ് വെസ്റ്റ് ഇന്‍ഡീസിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. വാലറ്റം വരെയും മത്സരഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്. രണ്ട് തവണ ടി20 ലോകകപ്പ് കിരീടം നേടിയ വെസ്റ്റ് ഇന്‍ഡീസ് മൂന്നാം കിരീടം ഇത്തവണ ഉയര്‍ത്താനുള്ള സാധ്യത കൂടുതലാണ്. ടീം കരുത്തില്‍ മാത്രമല്ല യുഎഇയിലെ പിച്ചിലെ കളി പരിചയവും കാരിബീയന്‍സിന് കരുത്താവും.
ഒട്ടുമിക്ക വെസ്റ്റ് ഇന്‍ഡീസ് താരങ്ങളും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാണ്. ഇവരെല്ലാം ഐപിഎല്‍,പിഎസ്എല്‍ എന്നിവയിലൂടെ നിരവധി തവണ യുഎഇയില്‍ കളിച്ചിട്ടുള്ളവരാണ്. അതിനാല്‍ത്തന്നെ പെരുമ പറഞ്ഞെത്തുന്ന പല കൊമ്പന്മാര്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന നിരയായി വെസ്റ്റ് ഇന്‍ഡീസ് ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications