T20 World Cup: കുഴപ്പം ടോസിന്റേയല്ല, ഇന്ത്യന്‍ ബാറ്റിങിന്റേത്! പുറത്താവലിനെക്കുറിച്ച് അഗാര്‍ക്കര്‍
ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമി ഫൈനല്‍ പോലുമെത്താതെ പുറത്തായത് ആരാധകരെ മുഴുവന്‍ നിരാശരാക്കിയിട്ടുണ്ട്. വന്‍ പ്രതീക്ഷകളോടെ ലോകകപ്പിനെത്തിയ വിരാട് കോലിക്കും സംഘത്തിനും സൂപ്പര്‍ 12ലെ സ്വന്തം ഗ്രൂപ്പില്‍ ആദ്യ രണ്ടില്‍പ്പോലും ഫിനിഷ് ചെയ്യാനായില്ല. പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ വലിയ തോല്‍വികള്‍ക്കു ശേഷം അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ് എന്നിവര്‍ക്കെതിരേ ഗംഭീര വിജയവുമായി ഇന്ത്യ ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. പക്ഷെ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു.
ടൂര്‍ണമെന്റില്‍ ടോസ് മല്‍സരഫലങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നതായി പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യക്കാവട്ടെ നാലു മല്‍സരങ്ങളില്‍ അവസാനത്തേതില്‍ മാത്രമാണ് ടോസ് വിജയിക്കാനായത്. പക്ഷെ ഇന്ത്യയുടെ പതനത്തിനു കാരണം ടോസല്ലെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ അജിത് അഗാര്‍ക്കര്‍. ഇന്ത്യയുടെ മോശം പ്രകടനത്തിന് ടോസിനെ മാത്രം പഴിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടോസും മല്‍സരഫലവും
ഈ ടൂര്‍ണമെന്റില്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ തീര്‍ച്ചയായും ടോസ് വലിയൊരു ഘടകമായിട്ടുണ്ടെന്നു നമുക്ക് കാണാന്‍ കഴിയും. കഴിഞ്ഞ 41 മല്‍സരങ്ങളില്‍ 15 എണ്ണത്തില്‍ മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത ടീമിനു വിജയിക്കാനായത്. ശേഷിച്ച മല്‍സരങ്ങളെല്ലാം വിജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവരായിരുന്നു. ടോസ് ലഭിക്കുന്ന ടീമുകളെല്ലാം തന്നെ അതുകൊണ്ട് ബൗളിങായിരുന്നു തിരഞ്ഞെടുത്തത്. ചുരുക്കം ചില ടീമുകള്‍ മാത്രമേ ഈ പതിവ് തെറ്റിച്ചുള്ളൂ. രാത്രിയില്‍ നടക്കുന്ന മല്‍സരങ്ങളില്‍ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് രണ്ടാമത്ത് ബാറ്റ് ചെയ്യുന്ന ടീമിന് ആനുകൂല്യം ലഭിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ബൗളിങ് കോച്ച് ഭരത് അരുണും കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ ടോസും ഇന്ത്യയുടെ പരാജയങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു.

ഭരത് അരുണ്‍ പറഞ്ഞത്
ഇന്ത്യക്കു ആദ്യത്തെ രണ്ടു മല്‍സരങ്ങളിലേറ്റ പരാജയത്തിന് ഞാന്‍ ഒഴികഴിവ് പറയാന്‍ ശ്രമിക്കുകയല്ല, പക്ഷെ ഈ ലോകകപ്പില്‍ ടോസ് ലഭിക്കുന്ന ടീമിന് മുന്‍തൂക്കം ലഭിക്കുന്നതായി താന്‍ കരുതുന്നുണ്ടെന്നായിരുന്നു നമീബിയക്കെതിരായ മല്‍സരത്തിനു മുന്നോടിയായി ഭരത് അരുണ്‍ പറഞ്ഞത്.
പ്രത്യേകിച്ചും ദുബായില്‍ കളിക്കുമ്പോള്‍ ടോസ് ജയിക്കുന്ന ടീമിന് വളരെയധികം മുന്‍തൂക്കം ലഭിക്കുന്നുണ്ട്. രണ്ടാമത് ബൗള്‍ ചെയ്യുമ്പോള്‍ വിക്കറ്റില്‍ നിന്നും ബൗളര്‍മാര്‍ക്കു ഒരു സഹായവും ലഭിക്കുന്നില്ല. ഇതു കാരണം ബാറ്റിങ് എളുപ്പമാവുകയും ചെയ്യുന്നു. പക്ഷെ ഇതു ഇന്ത്യയുടെ മോശം പ്രകടനത്തിന്റെ ഒഴികഴിവല്ല. നമ്മള്‍ കുറേക്കൂടി നന്നായി ബാറ്റ് ചെയ്യേണ്ടിയിരുന്നു. പാകിസ്താനെതിരായ ആദ്യ കളിയല്‍ നമുക്ക് മികച്ചൊരു ടോട്ടല്‍ പ്രതിരോധിക്കാനുണ്ടായിരുന്നു. പക്ഷെ നമ്മുടെ പ്രകടനം ശരാശരിക്കും താഴെയായിരുന്നുവെന്നും ഭരത് അരുണ്‍ വ്യക്തമാക്കിയിരുന്നു.

ബാറ്റിങ് മോശമെന്നു അഗാര്‍ക്കര്‍
ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് മോശമായിരുന്നുവെന്നും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ബാറ്റര്‍മാരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും അഗാര്‍ക്കര്‍ വിലയിരുത്തി. ഇന്ത്യയുടെ പരാജയങ്ങളില്‍ ടോസ് വലിയ റോള്‍ വഹിച്ചതായി തോന്നുന്നില്ല. ഇന്ത്യ നന്നായി ബാറ്റ് ചെയ്തില്ലെന്നതാണ് യാഥാര്‍ഥ്യമെന്നാണ് ഞാന്‍ കരുതുന്നത്. ശക്തമായ ബാറ്റിങ് നിരയുണ്ടായിട്ടും നിര്‍ഭാഗ്യവശാല്‍ അതു തന്നെയാണ് ഇന്ത്യയുടെ പുറത്താവലിനും വഴിയൊരുക്കിയത്.
ഇന്ത്യ ഒരുപാട് റണ്‍സ് നേടിയിട്ടാണ് കളി തോറ്റതെങ്കില്‍ നിങ്ങള്‍ക്കു ടോസിനെ കുറ്റപ്പെടുത്താമായിരുന്നു. ടോസ് നിര്‍ണായക പങ്കുവഹിച്ചുവെന്ന് ആദ്യം പറയുക ഇന്ത്യന്‍ ടീം തന്നെയായിരിക്കുമെന്ന് എനിക്കുറപ്പാണ്. പക്ഷെ ടീമിന്റെ പരാജയത്തിനു കാരണം ഇതല്ലെന്നും അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂസിലാന്‍ഡിനെതിരായ സൂപ്പര്‍ 12ലെ രണ്ടാമത്തെ കളിയിലായിരുന്നു ഇന്ത്യ ബാറ്റിങ് നിര ഏറ്റവുമധികം നിരാശപ്പെടുത്തിയത്. കളിയില്‍ ഏഴു വിക്കറ്റിനു 110 റണ്‍സ് മാത്രമേ ഇന്ത്യക്കു സ്‌കോര്‍ ചെയ്യാനായിരുന്നുള്ളൂ. ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ തന്നെ ന്യൂസിലാന്‍ഡിന്റെ വിജയം ഉറപ്പായിരുന്നു. വെറും 14.3 ഓവറില്‍ കിവീസ് ലക്ഷ്യത്തിലെത്തുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications