ഐപിഎല്ലിന്റെ കൊടിയിറങ്ങാന്‍ ഇനി നാളുകള്‍ മാത്രമാണ് ബാക്കിയുള്ളത്. പക്ഷെ ക്രിക്കറ്റ് ലോകത്ത് ആവേശത്തിന് കുറവ് വരില്ല. പിന്നാലെ തന്നെ ട്വന്റി-20 ലോകകപ്പ് പോരാട്ടം ആരംഭിക്കും. ഇനി ദിവസങ്ങള്‍ മാത്രമാണ് ലോകകപ്പിനായി ബാക്കിയുള്ളത്. എന്നാല്‍ ലോകകപ്പ് കഴിയുന്നതോടെ ഇന്ത്യയ്ക്ക് മുന്നില്‍ വളരെ സുപ്രധാനമായൊരു ചോദ്യം ബാക്കിയാകും. രാഹുല്‍ ദ്രാവിഡിന് ശേഷം ആരാകും ഇന്ത്യയുടെ മുഖ്യ പരിശീലകന്‍.
ഇതിനോടകം തന്നെ പലരുടേയും പേരുകള്‍ രാഹുലിന്റെ പിന്‍ഗാമിയായി ഉയര്‍ന്നു വന്നിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരവും നിലവില്‍ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററുമായ ഗൗതം ഗംഭീര്‍ ഇന്ത്യയുടെ അടുത്ത പരിശീലകനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ പാക് താരം വസീം അക്രം.

ഇന്ത്യയുടെ പരിശീലകനായി ഗൗതം ഗംഭീര്‍ മികച്ച ഓപ്ഷനായിരിക്കുമെന്നാണ് അക്രം പറയുന്നത്. എന്നാല്‍ ഗംഭീര്‍ ഈ ഓഫര്‍ അംഗീകരിക്കുമോ എന്നറിയില്ല എന്നാണ് അക്രം പറയുന്നത്. ഗംഭീര്‍ സ്‌ട്രെയ്റ്റ് ഫോര്‍വേഡാണെന്നാണ് അക്രം പറയുന്നത്. പൊതുവെ തന്റെ അഗ്രസീവ് സ്വഭാവത്തിന്റെ പേരില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ഗംഭീര്‍. ഒരുപക്ഷെ ഗംഭീറിന്റെ ഈ സ്വഭാവം ഇന്ത്യന്‍ ടീമിനെ കൂടുതല്‍ അഗ്രസീവ് ആക്കിയേക്കുമെന്നും അക്രം പറയുന്നുണ്ട്.
''ഗംഭീര്‍ വളരെ സിമ്പിളാണ്. സ്‌ട്രെയ്റ്റ് ഫോര്‍വേഡ്. ഒട്ടും സങ്കീര്‍ണതയുള്ള മനുഷ്യനല്ല. രണ്ടാമത് ആലോചിക്കാതെ തുറന്നടിച്ചായിരിക്കും സംസാരിക്കുക. ഇന്ത്യന്‍ ക്രിക്കറ്റ് സംസ്‌കാരത്തില്‍ ഇല്ലാത്തൊരു ഗുണമാണത്. നമ്മള്‍ മറ്റുള്ളവരെ വേദനിപ്പിക്കാത്ത കാര്യങ്ങള്‍ മാത്രമേ പറയുകയുള്ളൂ. പക്ഷെ തനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ മുഖത്ത് നോക്കി പറയുന്ന ആളാണ് ഗൗതം ഗംഭീര്‍. അതാണ് അവന്റെ പ്രത്യേകത. അതുകൊണ്ടാണ് അവനെ എല്ലാവര്‍ക്കും ഇഷ്ടമാകുന്നതും. ചിലപ്പോള്‍ അഗ്രസീവ് ആകും. അവന്‍ അങ്ങനെയാണ്. അതേ അഗ്രഷന്‍ ടീമിലേക്കും കൊണ്ടു വരും. പക്ഷെ അത് കെട്ടടങ്ങുകയും ചെയ്യും'' എന്നാണ് അക്രം പറയുന്നത്.
അതേസമയം മറ്റ് ചില മുന്‍ ഇന്ത്യന്‍ താരങ്ങളേയും ബിസിസിഐ ഇന്ത്യയുടെ പരിശീക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവിഎസ് ലക്ഷ്മണ്‍, ആശിഷ് നെഹ്‌റ എന്നിവരുടെ പേരുകളും റിപ്പോര്‍ട്ടുകളില്‍ പറയപ്പെടുന്നുണ്ട്. അതേസമയം ഈ ഓഫര്‍ ലക്ഷ്മണ്‍ നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലക്ഷ്മണും നെഹ്‌റയും ദ്രാവിഡിന്റെ പിന്‍ഗാമിയാകാന്‍ അനുയോജ്യരാണെന്നാണ് അക്രം പറയുന്നത്.
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യന്മാരാക്കിയതിന്റേയും തുടര്‍ച്ചയായി രണ്ട് വട്ടം ഫൈനലില്‍ എത്തിച്ചതിന്റേയും മുന്‍തൂക്കം നെഹ്‌റയ്ക്കുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീക സ്ഥാനം പോലെ മുഴുവന്‍ സമയ ജോലി നെഹ്‌റ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്.
''ഞാന്‍ ചില പേരുകള്‍ കേട്ടു. അവര്‍ക്ക് ധാരാളം അനുഭവസമ്പത്തുണ്ട്. നെഹ്‌റ നല്ലതായിരുന്നു. എല്ലാവര്‍ക്കും അവനെ ഇഷ്ടമാണ്. അവനു ചുറ്റും കൂടാന്‍ ആളുകള്‍ ഇഷ്ടപ്പെടും. ലക്ഷ്മണും വളരെ നല്ല ചോയ്‌സ് ആണ്. എന്‍സിഎയുടെ തലവനാണ്. ഇന്ത്യയുടെ അണ്ടര്‍ 19 കോച്ചായ ശേഷം രാഹുല്‍ ദ്രാവിഡ് ചെയ്തിരുന്ന ജോലിയാണത്. സ്വന്തം ആളുകളില്‍ തന്നെ വിശ്വസിക്കുക. അവര്‍ നന്നായി ചെയ്യുന്നുണ്ട്. രാഹുല്‍ ഗംഭീരമായിരുന്നു. അതിന് മുമ്പ് രവി ശാസ്ത്രി വന്ന് മാതൃക കാണിച്ചു തന്നിരുന്നു'' എന്നാണ് അക്രം പറയുന്നത്.