ഐപിഎല്ലിന് പിന്നാലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനായുള്ള പോരാട്ടം ആരംഭിക്കും. ടീമുകളൊക്കെ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഈ ലോകകപ്പ് ഏറെ നിര്‍ണായകമാണ്. 2013 ന് ശേഷം ഒരിക്കല്‍ പോലും ഐസിസി ട്രോഫി വിജയികളാകാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. പോയ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഫൈനലില്‍ എത്തിയിട്ടും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഈ വേദനയടക്കം മാറ്റിയെടുക്കേണ്ടതുണ്ട് ടീം ഇന്ത്യയ്ക്ക്.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടേയും സൂപ്പര്‍ താരം വിരാട് കോലിയുടേയും അവസാന ലോകകപ്പായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ചും രോഹിത് ശര്‍മയുടേത്. യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാന്‍, കാനഡ, അയര്‍ലണ്ട്, യുഎസ് എ ടീമുകളുള്‍പ്പെടുന്ന ഗ്രൂപ്പിലാണ്. ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. പിന്നാലെ ജൂണ്‍ ഒമ്പതിന് ഇന്ത്യ പാക്കിസ്ഥാനെ നേരിടും.

കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാനും ഇന്ത്യയും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ പിറന്നത് ട്വിന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരുന്നു. വിരാട് കോലിയുടെ ഐക്കോണിക് പ്രകടനത്തിന്റെ കരുത്തിലായിരുന്നു അന്ന് ഇന്ത്യ പാക്കിസ്ഥാനെ വീഴ്ത്തിയത്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുന്നതാണ് മുന്‍ പാക് നായകന്‍ മിസ്ബ ഉള്‍ ഹഖ്. ഇന്ത്യയുടെ കരുത്ത് ബൗളിംഗിലാണെന്നാണ് മിസ്ബ പറയുന്നത്.
''ഇത്തവണത്തേത് വ്യത്യസ്തമായൊരു ടീമാണ്. നല്ല ശക്തമായ ബൗൡഗ് ലൈനപ്പുള്ള ടീമാണ്. ബാറ്റിംഗ് എല്ലാ കാലത്തും കരുത്തുറ്റതായിരുന്നു. പക്ഷെ അവരുടെ ഫാസ്റ്റ് ബൗളിംഗിലുണ്ടായ വളര്‍ച്ച അവരുടെ കളിയുടെ നിലവാരം ഉയര്‍ത്തിയിട്ടുണ്ട്. ബുംറ, ഷമി, സിറാജ് എന്നീ ബൗളര്‍മാരും ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ക്വാളിറ്റി ഉയര്‍ത്തിയിട്ടുണ്ട്'' എന്നാണ് മിസ്ബ പറയുന്നത്.
''സമ്മര്‍ദ്ധത്തെ നേരിടാനുള്ള ഇന്ത്യയുടെ മികവും വര്‍ധിച്ചിട്ടുണ്ട്. ധാരാളം ക്രിക്കറ്റ് കളിക്കുന്നതിനാല്‍ അവരുടെ ആത്മവിശ്വാസവും കൂടിയിട്ടുണ്ട്. അതിനെ തകര്‍ക്കാന്‍ എതിര്‍ ടീമുകള്‍ക്ക് നല്ല പാടു പെടേണ്ടി വരും. ഓസ്‌ട്രേലിയയെ ഒന്നു നോക്കൂ. തങ്ങളുടെ മനക്കരുത്തു കൊണ്ടാണ് അവര്‍ പല കഠിനമായ വെല്ലുവിളികളും മറി കടന്നത്. വലിയ മാച്ചുകളും സമ്മര്‍ദ്ദങ്ങളും വരുമ്പോള്‍ അവര്‍ ശാന്തത കൈവരിക്കുകയാണ്'' എന്നും മിസ്ബ പറയുന്നു.
''എന്നാല്‍ പാക്കിസ്ഥാനും ഇന്ത്യയും ഉള്‍പ്പടെയുള്ള ഏഷ്യന്‍ ടീമുകള്‍ തങ്ങളുടെ വലിയ ആരാധകവൃന്ദവും പ്രതീക്ഷകളും നല്‍കുന്ന സമ്മര്‍ദ്ധത്തിലാണ്. ഈ സമ്മര്‍ദ്ധം പ്രകടനത്തെ സാരമായി തന്നെ ബാധിക്കും. കഴിഞ്ഞ കുറച്ച് വലിയ ടൂര്‍ണമെന്റില്‍ ഇന്ത്യയത് നേരിട്ടിട്ടുണ്ട്. അവരെ വരുമ്പോഴാണ് അവര്‍ക്ക് നന്നായി ഫിനിഷ് ചെയ്യാന്‍ സാധിക്കാതെ പോകുന്നത്'' എന്നും മിസ്ബ പറയുന്നുണ്ട്. ജൂണ്‍ രണ്ടിനാണ് ലോകകപ്പ് ആരംഭിക്കുക. യുഎസ്എയും കാനഡയും തമ്മിലാണ് ആദ്യത്തെ മത്സരം.
ഇന്ത്യയെ ലോകകപ്പില്‍ നയിക്കുന്നത് രോഹിത് ശര്‍മയാണ്. ഏകദിന ലോകകപ്പ് കൈയ്യകലുത്തു നിന്നും പോയതിന്റെ വേദന മറക്കാന്‍ രോഹിത്തിന് ഈ ലോകകപ്പ് വേണം. രോഹിത്തിനെപ്പോലെ ലെജന്ററിയായുള്ള കരിയറുള്ള താരത്തിന് ലോകകപ്പ് നേട്ടമില്ലാതെ കരിയര്‍ അവസാനിപ്പിക്കേണ്ടി വരുക എന്നത് സങ്കടകരമാണ്. ഈ ലോകകപ്പോടെ രോഹിത് ശര്‍മ ട്വന്റി-20 യില്‍ നിന്നും വിരമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഉപനായകന്‍. മലയാളി താരം സഞ്ജു സാംസണും ഇന്ത്യന്‍ ടീമിലുണ്ട്.
അതേസമയം ഇന്ത്യ ലോകകപ്പിനായി പോകുന്നത് കരുത്തുറ്റ സ്പിന്‍ നിരയുമായിട്ടാണ്. ബുംറയും മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിംഗുമാണ് ഇന്ത്യന്‍സ് സ്‌ക്വാഡിലെ പേസര്‍മാര്‍. ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും പന്തെറിയേണ്ടി വരും. ഓള്‍റൗണ്ടറായ ശിവം ദൂബെയും ടീമിലുണ്ട്. അതേസമയം, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരടങ്ങുന്ന സ്പിന്‍ നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ.