'ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ക്യാപ്റ്റനാവാന്‍ പാടില്ലേ?', ബുംറയെ ഇന്ത്യ ക്യാപ്റ്റനാക്കണമെന്ന് നെഹ്‌റ
ദുബായ്: ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. ടി20 നായകസ്ഥാനം കോലി ഒഴിയുന്നതിനാല്‍ പുതിയ നായകനെ ഇന്ത്യക്ക് ആവിശ്യമാണ്. പുതിയ പരിശീലകനായി രാഹുല്‍ ദ്രാവിഡും എത്തുന്നതോടെ വലിയ പൊളിച്ചെഴുത്ത് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടി20യില്‍ മാത്രമല്ല ഏകദിന ക്യാപ്റ്റന്‍സ്ഥാനത്ത് നിന്നും കോലിയെ മാറ്റി രണ്ട് ഫോര്‍മാറ്റിലും പുതിയ നായകനെത്തുമെന്നാണ് വിവരം.
നിലവിലെ സാധ്യതകള്‍ പ്രകാരം ഏറ്റവും മുന്‍തൂക്കം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കാണ്. കെ എല്‍ രാഹുല്‍,റിഷഭ് പന്ത് തുടങ്ങിയ പേരുകളും സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം രാഹുല്‍ ദ്രാവിഡാവും എടുക്കുക. ഇപ്പോഴിതാ ജസ്പ്രീത് ബുംറയെ ഇന്ത്യ നായകസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവിശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ.

ഫാസ്റ്റ് ബൗളര്‍മാരെ ക്യാപ്റ്റന്‍മാരാക്കരുതെന്ന് എവിടെയും എഴുതിവെച്ചിട്ടില്ലെന്നാണ് നെഹ്‌റ പറഞ്ഞത്. 'എന്നെ നായകനാക്കാതെ ഇന്ത്യ നേരത്തെ തന്നെ ഒരു അബദ്ധം ചെയ്തു. ഇനിയും ഇത്തരമൊരു അബദ്ധം ചെയ്യാതിരിക്കട്ടെ. കോര്‍ട്ടനി വാല്‍ഷ്,വസിം ആക്രം,വഖാന്‍ യൂനിസ് എന്നിവരൊക്കെ പേസ് ബൗളര്‍മാരായ നായകന്മാരായിരുന്നു. രോഹിത് ശര്‍മക്ക് ശേഷം റിഷഭ് പന്ത്,കെ എല്‍ രാഹുല്‍ എന്നിവരുടെ പേരുകളാണ് കൂടുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ ജസ്പ്രീത് ബുംറയേയും പരിഗണിക്കാവുന്നതാണ്. അജയ് ജഡേജ പറഞ്ഞപോലെ എല്ലാ ഫോര്‍മാറ്റിലും പ്ലേയിങ് 11ല്‍ ബുംറയുണ്ട്. ഫാസ്റ്റ് ബൗളര്‍മാരെ ക്യാപ്റ്റന്‍മാരാക്കാന്‍ പാടില്ലെന്ന് ഒരിടത്തും എഴുതിവെച്ചിട്ടില്ല'- നെഹ്‌റ പറഞ്ഞു.

നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരിലൊരാളാണ് ജസ്പ്രീത് ബുംറ. മൂന്ന് ഫോര്‍മാറ്റിലും സ്ഥിരമായി ടീമില്‍ ഉള്‍പ്പെടുന്ന അദ്ദേഹത്തിന് മികച്ച അനുഭവസമ്പത്തുമുണ്ട്. നിര്‍ണ്ണായക സമയത്ത് നായകന്മാരുടെ പ്രധാന ആശ്രയം ബുംറയുടെ ബൗളിങ്ങാണ്. ഡെത്ത് ഓവറിലെ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായ ബുംറയെ ഇന്ത്യ നായകനാക്കാനുള്ള സാധ്യത കുറവാണ്. ക്യാപ്റ്റനായി ഇതുവരെ കളിച്ചിട്ടില്ലാത്ത ബുംറക്ക് പെട്ടെന്നൊരു ദിവസം നായകസ്ഥാനം നല്‍കുന്നത് ഗുണം ചെയ്‌തേക്കില്ല.

കൂടാതെ ഇതിനോടകം നായകനായി മികവ് തെളിയിച്ച നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരൊക്കെ ഐപിഎല്ലില്‍ ടീമിനെ നയിച്ചിട്ടുള്ള താരങ്ങളാണ്. രവീന്ദ്ര ജഡേജയേയും ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. ഇത്രയും താരങ്ങളെ മറികടന്ന് ബുംറയെ നായകനാക്കാന്‍ സാധ്യതയില്ല. നായകസ്ഥാനം ലഭിച്ചാല്‍ ബുംറയുടെ ബൗളിങ് പ്രകടനത്തെ അത് ബാധിക്കാനുള്ള സാധ്യതയും ഏറെയാണ്.

ജസ്പ്രീത് ബുംറക്ക് ഒരു നായകന്റെ ബുദ്ധിയുണ്ടെന്ന് അജയ് ജഡേജയും അഭിപ്രായപ്പെട്ടു. 'വെള്ളബോള്‍ ക്രിക്കറ്റില്‍ എപ്പോഴും ടീമിലുള്ള താരമാണ് ബുംറ. മത്സരത്തെ മനസിലാക്കുകയെന്നതാണ് ഒരു നായകന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കഴിവ്. അത് ബുംറക്കുണ്ടെന്നതില്‍ സംശയം വേണ്ട. ബുംറക്ക് നായകന്റെ മനസും ബുദ്ധിയുമുണ്ട്. സാധ്യമാവുമെങ്കില്‍ ബുംറയെ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാക്കുക'- അജയ് ജഡേജ പറഞ്ഞു.

നിലവിലെ സാധ്യത പ്രകാരം രോഹിത് ശര്‍മ തന്നെ ഇന്ത്യയുടെ അടുത്ത നായകനാവും. വൈസ് ക്യാപ്റ്റനായി കെ എല്‍ രാഹുലും എത്തിയേക്കും. എന്നാല്‍ രാഹുലും റിഷഭും ടീമില്‍ സ്ഥാനം ഉറപ്പില്ലാത്തവരാണ്. മോശം പ്രകടനം തുടര്‍ന്നാല്‍ ഇരുവര്‍ക്കും സ്ഥാനം നഷ്ടമായേക്കും. രാഹുല്‍ ഓപ്പണിങ്ങില്‍ നിരാശപ്പെടുത്തിയാല്‍ പകരക്കാരായി ശുഭ്മാന്‍ ഗില്‍,പൃഥ്വി ഷാ എന്നിവരിലാര് വേണമെങ്കിലും വന്നേക്കും. റിഷഭ് മോശമാക്കിയാല്‍ അവസരം കാത്ത് ഇഷാന്‍ കിഷനും സഞ്ജു സാംസണുമുണ്ട്. എന്തായാലും ടി20 ലോകകപ്പിന് പിന്നാലെ തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications