ഐപിഎല്ലിലൂടെ ക്രിക്കറ്റ് ലോകത്തേക്ക് ശക്തമായി തിരികെ വന്നിരിക്കുകയാണ് റിഷഭ് പന്ത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായി കയ്യടി നേടാന്‍ പന്തിന് സാധിച്ചിരുന്നു. ഒരു വര്‍ഷത്തില്‍ അധികമായിരുന്നു പന്തിന് വാഹനാപകടത്തെ തുടര്‍ന്ന് ക്രിക്കറ്റ് മൈതാനത്തു നിന്നും വിട്ടു നില്‍ക്കേണ്ടി വന്നത്. തന്റെ കരിയറിന്റെ പീക്കില്‍ എത്തി നില്‍ക്കെയായിരുന്നു പന്ത് അപ്രതീക്ഷിതമായി വാഹനാപകടം നേരിടേണ്ടി വരുന്നത്. പന്തിന്റെ അഭാവത്തില്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനം കെഎല്‍ രാഹുലിലേക്ക് എത്തി.
ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന പന്ത് ഇപ്പോഴിതാ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കും മടങ്ങി വരികയാണ്. അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിലൂടെ. പന്തിനെ ഇന്ത്യന്‍ ജഴ്‌സില്‍ കാണാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീം യാത്ര പുറപ്പെട്ടത്. മുംബൈ വിമാനത്താവളത്തില്‍ നിന്നായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ വിമാനം കയറിയത്.

ഇതിനിടെ ഇപ്പോഴിതാ വിമാനത്താവളത്തില്‍ നിന്നുള്ളൊരു വീഡിയോ വൈറലായി മാറുകയാണ്. പന്തിനെ കണ്ടതും ആരാധകര്‍ പൊതിയുന്നുണ്ട്. ഓട്ടോഗ്രാഫുകളും സെല്‍ഫിയുമൊക്കെ ചോദിച്ച് പന്തിന് ചുറ്റും കൂടുകയായിരുന്നു ആരാധകര്‍. ആരാധകര്‍ക്കൊപ്പം പോസ് ചെയ്യാനും ഓട്ടോഗ്രാഫുകളില്‍ ഒപ്പുവെക്കാനുമെല്ലാം പന്ത് ഒരുക്കമാവുകയും ചെയ്തു. ഇതിനിടെ പാപ്പരസികളില്‍ ഒരാള്‍ താരത്തോട് ഒരു അഭ്യര്‍ത്ഥനയുമായി എത്തുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് നേടണമെന്നായിരുന്നു പാപ്പരാസികളില്‍ ഒരാള്‍ പറഞ്ഞത്. അയാള്‍ക്ക് പന്ത് മറുപടി നല്‍കുകയും ചെയ്തു. തീര്‍ച്ചയായും എന്നായിരുന്നു പന്തിന്റെ മറുപടി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
അതേസമയം പന്ത് നയിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ ഐപിഎല്‍ യാത്ര ഈ സീസണില്‍ അവസാനിപ്പിക്കുന്നത് ആറാം സ്ഥാനത്താണ്. പതിനാല് മത്സരങ്ങളില്‍ നിന്നും പതിനാല് പോയന്റുകളാണ് ഡല്‍ഹിയ്ക്ക് നേടാന്‍ സാധിച്ചത്. ഏഴ് മത്സരങ്ങള്‍ വിജയിക്കുകയും ഏഴ് മത്സരങ്ങള്‍ പരാജയപ്പെടുകയും ചെയ്തു ഡല്‍ഹി. ഡല്‍ഹിയുടെ ഉയര്‍ന്ന റണ്‍ സ്‌കോററും പന്താണ്. പതിമൂന്ന് മത്സരങ്ങളില്‍ നിന്നായി 446 റണ്‍സാണ് പന്ത് നേടിയത്. 155 ന് മുകളിലായിരുന്നു പന്തിന്റെ സ്‌ട്രൈക്ക് റേറ്റ്. മൂന്ന് അര്‍ധ സെഞ്ചുറികളും പന്തിന് നേടാന്‍ സാധിച്ചു.
രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പന്തിനൊപ്പമുള്ളത് സഞ്ജു സാംസണ്‍ ആണ്. പന്തിനായിരിക്കും പ്രഥമ പരിഗണന എന്നാണ് കരുതപ്പെടുന്നത്. കെഎല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്, ധ്രുവ് ജുറേല്‍, ജിതേഷ് ശര്‍മ എന്നിവരെ പിന്നിലാക്കിയാണ് പന്തും സഞ്ജുവും ലോകകപ്പ് ടീമിലിടം നേടിയത്. വലിയൊരു പരുക്കില്‍ നിന്നും തിരികെ വന്ന പന്തിനെ നേരിട്ട് ലോകകപ്പ് ടീമിലേക്ക് എടുത്തത് ചോദ്യം ചെയ്യപ്പെട്ടിരുന്നു.
രോഹിത് നയിക്കുന്ന ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. വിരാ്ട കോലി, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശിവം ദൂബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വന്ദ്രേ ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. ശുബ്മന്‍ ഗില്‍, റിങ്കു സിംഗ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ റിസര്‍വ് താരങ്ങളായുമുണ്ട്.