
ഐസിസിയുടെ ടി20 ലോകകപ്പില്‍ പാകിസ്താന്റെ പുതിയ ഫിനിഷിങ് ഹീറോയായി മാറിയ യുവതാരം ആസിഫ് അലിക്കു ഐസിസി പുരസ്‌കാരം. ഐസിസിയുടെ പ്ലെയര്‍ ഓഫ് മന്ത് പുരസ്‌കാരമാണ് അലിയെ തേടിയെത്തിയത്. ഒക്ടോബറിലെ മികച്ച പുരുഷ ക്രിക്കറ്ററായാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്‍, നമീബിയയുടെ ഡേവിഡ് വീസെ എന്നിവരെ പിന്തള്ളിയാണ് അലി പുരസ്‌കാരത്തിനു അവകാശിയായത്.
പാകിസ്താനെ ലോകകപ്പിന്റെ സെമി ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ് അദ്ദേഹം. ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കെതിരേയായിരുന്നു അലിയുടെ മാച്ച് വിന്നിങ് പ്രകടനങ്ങള്‍. രണ്ടു കളികളിലും പാക് ടീം സമ്മര്‍ദ്ദത്തില്‍ നില്‍ക്കെയായിരുന്നു ക്രീസിലെത്തിയ അലി തീപ്പൊരി ബാറ്റിങിലൂടെ ടീമിന്റെ വിജയശില്‍പ്പിയായി മാറിയത്.
ലോകകപ്പിനുള്ള പാകിസ്താന്‍ ടീമില്‍ അവസാന മിനിറ്റില്‍ ഇടം പിടിച്ച താരം കൂടിയാണ് അലി. തന്നെ ടീമിലെടുത്ത സെലക്ടര്‍മാരുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് താരം പിന്നീട് കാഴ്ചവച്ചത്. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 247.82 സ്‌ട്രൈക്ക് റേറ്റോടെ 57 റണ്‍സ് അലി നേടിയിട്ടുണ്ട്. പുറത്താവാതെ നേടിയ 27 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഏഴു സിക്‌സറുകളും ഒരു ബൗണ്ടറിയുമാണ് താരം പായിച്ചത്.
ന്യൂസിലാന്‍ഡിനെതിരായ രണ്ടാമത്തെ കളിയിലെ പ്രകടനത്തോടെയാണ് അലി ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. 12 ബോളില്‍ നിന്നും പുറത്താവാതെ 27 റണ്‍സ് താരം അടിച്ചെടുക്കുകയായിരുന്നു. പക്ഷെ അഫ്ഗാനിസ്താനെതിരായ തൊട്ടടുത്ത കളിയിലെ ഇന്നിങ്‌സ് ഇതിനേക്കാള്‍ ഗംഭീരമായിരുന്നു. പാകിസ്താന് അവസാനത്തെ രണ്ടോവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 24 റണ്‍സായിരുന്നു. പക്ഷെ 19ാം ഓവറില്‍ തന്നെ അലിയുടെ മാജിക്കല്‍ ഇന്നിങ്‌സ് പാകിസ്താനെ ലക്ഷ്യത്തിലെത്തിച്ചു. നാലു സിക്‌സറുകളടക്കം ഏഴു ബോളില്‍ അലി പുറത്താവാതെ 25 റണ്‍സ് വാരിക്കൂട്ടി. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.
പരാജയത്തിന്റെ വക്കില്‍ നിന്നും ടീമിനെ വിജയിക്കാന്‍ സഹായിച്ചുവെന്നതാണ് ആസിഫ് അലിയെ സ്‌പെഷ്യലാക്കുന്നത്. ഒരു തവണയല്ല, മറിച്ച് രണ്ടു തവണയാണ് അദ്ദേഹം ഇതാവര്‍ത്തിച്ചതെന്നും ഐസിസിയുടെ വോട്ടിങ് അക്കാദമി മെമ്പറും ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറുമായ ഇര്‍ഫാന്‍ പഠാന്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു. പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റു രണ്ടു താരങ്ങളായ ഷാക്വിബുല്‍ ഹസന്‍, ഡേവിഡ് വീസെ എന്നവരേക്കാള്‍ കുറച്ച് റണ്‍സാണ് അലി നേടിയതെങ്കിലും സമ്മര്‍ദ്ദ ഘട്ടത്തിലായിരുന്നു താരത്തിന്റെ രണ്ടു സംഭാവനകളും. ടീമിനെ രണ്ടു തവണയും വിജയിപ്പിക്കാന്‍ സാധിക്കുകയും ചെയ്തു. ഇതാണ് അലിയെ ജേതാവാക്കിയതെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഐസിസിയുടെ ഒക്ടോബറിലെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം അയര്‍ലാന്‍ഡ് ക്യാപ്റ്റന്‍ കൂടിയായ ലോറ ഡെലാനിക്കാണ്. സിംബാബ്‌വെയക്കെതിരായ ഏകദിന പരമ്പര 3-1ന് അയര്‍ലാന്‍ഡിനു നേടിക്കൊടുക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഓള്‍റൗണ്ടര്‍ കൂടിയായ ഡെലാനി 63 ശരാശരിയില്‍ 189 റണ്‍സും 27 ശരാശരിയില്‍ നാലു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. 88, 35, 63 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. നാലാമത്തെ കളിയില്‍ ഡെലാനിക്കു ബാറ്റ് ചെയ്യേണ്ടിയും വന്നില്ല.