
അബുദാബി: പാകിസ്താന്റെ ഓപ്പണിങ് ജോടികളായ ക്യാപറ്റന്‍ ബാബര്‍ ആസവും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് ഒരു വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. ടി20 ലോകകപ്പില്‍ നമീബിയക്കെതിരായ സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ട് മല്‍സരത്തില്‍ ഓപ്പണിങ് വിക്കറ്റില്‍ 113 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണിത്. ടി20യില്‍ അഞ്ചു തവണ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ആദ്യ ജോടികളെന്ന റെക്കോര്‍ഡാണ് ബാബര്‍- റിസ്വാന്‍ സഖ്യത്തെ തേടിയെത്തിയത്. എല്ലാം ഈ വര്‍ഷം തന്നെയായിരുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇന്ത്യയുടെ രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ ഓപ്പണിങ് സഖ്യത്തിന്റെ പേരിലായിരുന്ന റെക്കോര്‍ഡാണ് പാക് ജോടി തിരുത്തിയത്. നേരത്തേ നാലു സെഞ്ച്വറി കൂട്ടുകെട്ടോടെയായിരുന്നു രോഹിത്- ധവാന്‍ സഖ്യം ഒന്നാമതുണ്ടായിരുന്നത്.
കൂടുതല്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ഓപ്പണിങ് സഖ്യമെന്ന റെക്കോര്‍ഡ് മാത്രമല്ല മറ്റൊരു വമ്പന്‍ നാഴികക്കല്ലും കൂടി ബാബര്‍- റിസ്വാന്‍ ജോടി പിന്നിട്ടു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20 ഫോര്‍മാറ്റില്‍ 1000ത്തിന് മുകളില്‍ റണ്‍സെടുത്ത ആദ്യത്തെ ബാറ്റിങ് ജോടികളായി ഇവര്‍ മാറി. നേരത്തേ ടെസ്റ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സിനു മുകളില്‍ നേടിയ ആദ്യ ജോടി ഓസ്‌ട്രേലിയയുടെ ബില്‍ ലൗറി- ബോബ് സിംസണ്‍ സഖ്യമാണ്. ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സിന് മുകളില്‍ നേടിയ സഖ്യാമവട്ടെ ഓസ്‌ട്രേലിയയുടെ തന്നെ ഡേവിഡ് ബൂണ്‍- ജെഫ് മാര്‍ഷ് എന്നിവരുമാണ്. 1986ലായിരുന്നു ഇവരുടെ ചരിത്രനേട്ടം.

അതേസമയം, ടി20 ലോകകപ്പിലെ പാകിസ്താന്‍- നമീബിയ മല്‍സരത്തിലേക്കു വരികയാണെങ്കില്‍ ബാബറും റിസ്വാനും ടീമിനു വേണ്ടി ഫിഫ്റ്റികള്‍ നേടി. ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ രണ്ടു വിക്കറ്റിന് 189 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. റിസ്വാന്‍ പുറത്താവാതെ 79 റണ്‍സെടുത്തപ്പോള്‍ ബാബര്‍ 70 റണ്‍സിന് മടങ്ങി. 50 ബോളില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് റിസ്വാന്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. ബാബര്‍ 49 ബോളില്‍ ഏഴു ബൗണ്ടറികളടിച്ചു. ഫഖര്‍ സമാന്‍ അഞ്ചു റണ്‍സിന് പുറത്തായപ്പോള്‍ മുഹമ്മദ് ഹഫീസ് 16 ബോളില്‍ അഞ്ചു ബൗണ്ടറികളടക്കം 32 റണ്‍സുമായി റിസ്വാനോടൊപ്പം പുറത്താവാതെ നിന്നു. ഈ ഇന്നിങ്‌സോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരമായി റിസ്വാന്‍ മാറി. 1661 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. 2015ല്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ 1665 റണ്‍സെടുത്തതാണ് ഓള്‍ടൈം റെക്കോര്‍ഡ്. ഇതു റിസ്വാന്‍ ഇത്തവണ തിരുത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
ശ്രദ്ധയോടെയായിരുന്നു ബാബര്‍- റിസ്വാന്‍ ജോടി തുടങ്ങിയത്. ആദ്യത്തെ 10 ഓവറില്‍ 59 റണ്‍സ് മാത്രമേ പാകിസ്താന്റെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ അടുത്ത 10 ഓവറില്‍ പാകിസ്താന്‍ റണ്‍മഴ പെയ്യിച്ചു. 130 റണ്‍സാണ് അവര്‍ വാരിക്കൂട്ടിയത്. നഷ്ടപ്പെടുത്തിയതാവട്ടെ രണ്ടു വിക്കറ്റുകള്‍ മാത്രമായിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ടോട്ടല്‍ കൂടിയാണ് ഈ കളിയില്‍ പാകിസ്താന്‍ കുറിച്ചത്. സ്‌കോട്ട്‌ലാന്‍ഡിനെതിരേ അഫ്ഗാനിസ്താന്‍ നേടിയ നാലു വിക്കറ്റിന് 190 റണ്‍സെന്നതാണ് ഒന്നാംസ്ഥാനത്ത്.