മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് വലിയ പോരാട്ടമാണ് നടക്കുന്നത്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരാണ് ഈ സ്ഥാനത്തിനായി പ്രധാനമായും പോരടിക്കുന്നത്. ഇതില്‍ സഞ്ജു സാംസണെക്കാള്‍ പരിഗണന മറ്റ് രണ്ട് താരങ്ങള്‍ക്കും ലഭിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ഇവരിലാരെ പരിഗണിക്കണമെന്നത് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള തലപുകയ്ക്കുന്ന ചോദ്യമാണ്.
ഇപ്പോഴിതാ ഇവരെയാരെയും പരിഗണിക്കേണ്ടെന്നും വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ മതിയെന്നുമാണ് ആകാശ് ചോപ്ര പറയുന്നത്. ഇതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നു. 'അഫ്ഗാനെതിരായ രണ്ടാം ടി20യില്‍ ജിതേഷ് തന്റെ വിക്കറ്റ് വലിച്ചെറിയുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇങ്ങനെ കളിച്ച് മുന്നോട്ട് പോവുക ജിതേഷിന് എളുപ്പമാവില്ല. കാരണം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍ എന്നിവരുമായാണ് ജിതേഷ് മത്സരിക്കേണ്ടത്.
ദ്രുവ് ജുറേലും പ്രതിഭകാട്ടി വളര്‍ന്നുവരുന്നു. ഐപിഎല്ലില്‍ താരങ്ങള്‍ കളിക്കുന്നത് ഇന്ത്യന്‍ ടീമിലെ സ്ഥാനം ലക്ഷ്യമാക്കിയാവും. രണ്ട് വ്യത്യസ്ത റോള്‍ ഉള്ളവരാണെങ്കിലും ജിതേഷ് ശര്‍മയും ശിവം ദുബേയും തമ്മിലുള്ള പോരാട്ടമാവും അവസാനം നടക്കുക. എന്നാല്‍ കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി എത്തുകയാണെങ്കില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും. ശിവം ദുബെയെ കളിപ്പിക്കുകയും സംതുലിതമായ ടീമിനെ സൃഷ്ടിക്കാനുമാവും' ആകാശ് ചോപ്ര പറഞ്ഞു.
കെ എല്‍ രാഹുല്‍ മികച്ച ബാറ്റ്‌സ്മാനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അദ്ദേഹത്തിന്റെ ടി20 റെക്കോഡുകള്‍ ഗംഭീരമാണ്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനാണ് രാഹുല്‍. എന്നാല്‍ നിലവില്‍ ഇന്ത്യയുടെ ടി20 ടീമില്‍ രാഹുലിന് സ്ഥാനമില്ല. രാഹുലിന്റെ ശൈലിയാണ് പ്രശ്‌നം. ആദ്യത്തെ ഓവര്‍ മെയ്ഡനാക്കാന്‍ ശ്രമിക്കുന്ന ഓപ്പണറാണ് രാഹുലെന്ന് പറയാം. പതിയെ നിലയുറപ്പിച്ച ശേഷം ആക്രമിക്കുന്നതാണ് രാഹുലിന്റെ രീതി.

എന്നാല്‍ ഈ ശൈലിക്ക് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വലിയ പ്രാധാന്യം നല്‍കുന്നില്ല. ഓപ്പണിങ്ങില്‍ തല്ലിത്തകര്‍ക്കുന്ന യശ്വസി ജയ്‌സ്വാളും പ്രതിഭാശാലികളായ റുതുരാജ് ഗെയ്ക് വാദും ശുബ്മാന്‍ ഗില്ലുമെല്ലാം ഉള്ളപ്പോള്‍ രാഹുലിന് ഓപ്പണിങ്ങില്‍ അവസരം നല്‍കാനാവില്ല. മധ്യനിരയിലേക്ക് നോക്കുമ്പോള്‍ റിങ്കു സിങ്, ശിവം ദുബെ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഉള്ളപ്പോള്‍ രാഹുലിനെ എവിടെ ഉള്‍ക്കൊള്ളിക്കുമെന്നതാണ് പ്രശ്‌നം.
അതുകൊണ്ടുതന്നെ രാഹുലിനെ ഇന്ത്യ ടി20 ലോകകപ്പ് കളിപ്പിക്കാന്‍ സാധ്യത വളരെ കുറവാണെന്നതാണ് വസ്തുത. ഇഷാന്‍ കിഷനെ ഇന്ത്യ ടി20 ലോകകപ്പില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതകളേറെയായിരുന്നെങ്കിലും സമീപകാലത്തെ പ്രശ്‌നങ്ങള്‍ തിരിച്ചടിയായിരിക്കുകയാണ്. മാനസിക വിശ്രമം ആവശ്യപ്പെട്ട് ടീമില്‍ നിന്ന് ഇടവേളയെടുത്ത് കറങ്ങാന്‍ പോയ ഇഷാനെ ഇപ്പോള്‍ ഇന്ത്യ പൂര്‍ണ്ണമായും തഴഞ്ഞിരിക്കുകയാണ്. ടി20 ലോകകപ്പില്‍ താരം കളിക്കാന്‍ സാധ്യത കുറവാണെന്ന് പറയാം.
എന്നാല്‍ ഇഷാന്‍ തഴയപ്പെട്ടാല്‍ സഞ്ജുവിന് മുന്നില്‍ വഴിതുറന്നേക്കും. ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുന്ന ബാറ്റ്‌സ്മാനാണ് സഞ്ജു. എന്നാല്‍ സ്ഥിരതയാണ് പ്രശ്‌നം. അഫ്ഗാന്‍ പരമ്പരയില്‍ സഞ്ജു ഉള്‍പ്പെട്ടെങ്കിലും ആദ്യത്തെ രണ്ട് ടി20യിലും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. മൂന്നാം ടി20യില്‍ സഞ്ജുവിന് അവസരം ലഭിക്കാനാണ് സാധ്യത. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു. കടന്നാക്രമിച്ച് കളിച്ച് മികച്ച സ്‌കോര്‍ നേടാനായാല്‍ സഞ്ജുവിന് സ്ഥാനം പ്രതീക്ഷിക്കാം.
ജിതേഷ് ശര്‍മയും ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന താരമാണ്. അതുകൊണ്ടുതന്നെ ജിതേഷിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നു. ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനം നിലവില്‍ ജിതേഷിനുണ്ട്. എന്നാല്‍ ഐപിഎല്ലിലെ പ്രകടനം ജിതേഷിനും നിര്‍ണ്ണായകമായിരിക്കും.