T20 World Cup: ഇന്ത്യയെ 'കൊതിപ്പിച്ച്' നമീബിയ കീഴടങ്ങി, ഇനി പ്രതീക്ഷ അഫ്ഗാനില്‍ മാത്രം
ഷാര്‍ജ: ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രാര്‍ഥന നമീബിയയെയും രക്ഷിച്ചില്ല. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ ന്യൂസിലാന്‍ഡിനോടു 52 റണ്‍സിനു നമീബിയ പരാജയപ്പെടുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍ക്കുകയും ചെയ്തു. ഇനി അഫ്ഗാനിസ്താനില്‍ മാത്രമാണ് ഇന്ത്യയുടെ ഏക പ്രതീക്ഷ. അവസാന റൗണ്ടില്‍ അഫ്ഗാനിസ്താനെയും ന്യൂസിലാന്‍ഡ് തോല്‍പ്പിച്ചാല്‍ ഇന്ത്യക്കു സെമി കാണാതെ നാട്ടിലേക്കു മടങ്ങാം. പാകിസ്താനോടൊപ്പം ഗ്രൂപ്പില്‍ നിന്നും ന്യൂസിലാന്‍ഡ് സെമിയില്‍ കടക്കുകയും ചെയ്യും.
ന്യൂസിലാന്‍ഡിനെതിരേ അട്ടിമറി വിജയം നേടിയേക്കുമെന്ന് ഇന്ത്യയെ മോഹിപ്പിച്ചാണ് നമീബിയ പരാജയത്തിലേക്കു വഴുതിവീണത്. 164 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു നമീബിയക്കു കിവികള്‍ നല്‍കിയത്. അവര്‍ പൊരുതിനോക്കിയെങ്കിലും ഡെത്ത് ഓവറുകളില്‍ ന്യൂസിലാന്‍ഡിന്റെ ഉജ്ജ്വല ബൗൡങിനു മുന്നില്‍ പിഴയ്ക്കുകയായിരുന്നു. ഏഴു വിക്കറ്റിന് 111 റണ്‍സാണ് ന്യൂസിലാന്‍ഡിനു നേടാനായത്. മൈക്കല്‍ വാന്‍ ലിന്‍ഗന്‍ (25), സെയ്ന്‍ ഗ്രീന്‍ (23), സ്റ്റീഫന്‍ ബാര്‍ഡ് (21) എന്നിവരാണ് നമീബിയയുടെ പ്രധാന സ്‌കോറര്‍മാര്‍. ന്യൂസിലാന്‍ഡിനായി ട്രെന്റ് ബോള്‍ട്ടും ട്ിം സൗത്തിയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. മിച്ചെല്‍ സാന്റ്‌നര്‍, ജെയിംസ് നീഷാം, ഇഷ് സോധി എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതം ലഭിച്ചു.

കിവീസിന്റെ തിരിച്ചുവരവ്
10 ഓവര്‍ കഴിയുമ്പോള്‍ 56 റണ്‍സിന് മൂന്നു വിക്കറ്റെന്ന നിലയിലായിരുന്നു നമീബിയ. എന്നാല്‍ അടുത്ത 10 ഓവറില്‍ മികച്ച ബൗളിങിലൂടെ നമീബിയയെ ന്യൂസിലാന്‍ഡ് വരിഞ്ഞുമുറുക്കി. ആദ്യ പവര്‍പ്ലേയില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ന്യൂസിലാന്‍ഡിന്റെ ശക്തമായ ബൗളിങ് ലൈനപ്പിനെതിരേ പിടിച്ചുനില്‍കന്‍ നമീബിയക്കു കഴിഞ്ഞു. എട്ടാം ഓവറിലായിരുന്നു അവരുടെ ആദ്യ വിക്കറ്റ് വീണത്.
ഓപ്പണിങ് വിക്കറ്റില്‍ ബാര്‍ഡ്-ലിന്‍ഗെന്‍ ജോടി 47 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ സ്പിന്നര്‍മാര്‍ വന്നതോടെ നമീബിയക്കു അടിതെറ്റി. ലിന്‍ഗനെയും ബാര്‍ഡിനെയും അടുത്തടുത്ത ഓവറുകളില്‍ യഥാക്രമം സാന്റ്‌നറും നീഷാമും ബൗള്‍ഡാക്കിയതോടെ ന്യൂസിലാന്‍ഡ് തിരിച്ചുവന്നു. രണ്ടു റണ്‍സ് കൂടി നേടുന്നതിനിടെ നായകന്‍ ഇറാസ്മസിനെ മറ്റൊരു സ്പിന്നറായ സോധിയും പുറത്താക്കിയതോടെ നമീബിയ മൂന്നിന് 55ലേക്കു വീണു

ന്യൂസിലാന്‍ഡിനെ വിറപ്പിച്ചു
ബൗളിങിലും മികവ് പുലര്‍ത്താന്‍ നമീബിയക്കു കഴിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ന്യൂസിലാന്‍ഡ് നാലു വിക്കറ്റിന് 163 റണ്‍സാണ് നേടിയത്. ഗ്ലെന്‍ ഫിലിപ്‌സ് (39*), ജെയിംസ് നീഷാം (35*) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഒരു ഘട്ടത്തില്‍ പതറിയ കിവികളെ കരകയറ്റിയത്. ഫിലിപ്‌സ് 21 ബോളില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചപ്പോള്‍ നീഷാം 23 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും നേടി. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ ഈ ജോടി ചേര്‍ന്നെടുത്ത 82 റണ്‍സാണ് കിവികളെ 160ലെത്തിച്ചത്. 16 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ന്യൂസിലാന്‍ഡിന് നാലിന് 96 റണ്‍സെന്ന നിലയിലായിരുന്നു.
ഈ ഘട്ടത്തില്‍ നമീബിയ അട്ടിമറി വിജയം കൊയ്യാമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷെ അടുത്ത നാലോവര്‍ കൊണ്ട് കിവികള്‍ കളി തട്ടിയെടുത്തു. നാലോവറില്‍ ഫിലിപ്‌സ്- നീഷാം സഖ്യം വാരിക്കൂട്ടിയത് 67 റണ്‍സാണ്. 18ാം ഓവറില്‍ 21ഉം 20ാം ഓവറില്‍ 18ഉം റണ്‍സ് ഇരുവരും നേടി. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (18), ഡാരില്‍ മിച്ചെല്‍ (19), നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (28), ഡെവന്‍ കോണ്‍വേ (17) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലാന്‍ഡിനു നഷ്ടമായത്. നാലിന് 87 റണ്‍സെന്ന നിലയില്‍ വച്ചാണ് ഫിലിപ്‌സ്- നീഷാം സഖ്യം ക്രീസില്‍ ഒരുമിച്ചത്. സ്‌കോള്‍സ്, വീസെ, ഇറാസ്മസ് എന്നവര്‍ നമീബിയക്കായി ഓരോ വിക്കറ്റ് വീതമെടുത്തു. നീഷാമാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ന്യൂസിലാന്‍ഡിന്റെ തുടക്കം തോല്‍വിയോടെ
സൂപ്പര്‍ 12ല്‍ ന്യൂസിലാന്‍ഡ് തോല്‍വിയോടെയായിരുന്നു തുടങ്ങിയത്. ആദ്യ കളിയില്‍ പാകിസ്താനോടു അഞ്ചു വിക്കറ്റിനായിരുന്നു അവര്‍ പരാജയപ്പെട്ടത്. എന്നാല്‍ കിവീസ് രണ്ടാമത്തെ കളിയില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി. ഇന്ത്യയെ എട്ടു വിക്കറ്റിന് വില്ല്യംസണും സംഘവും വാരിക്കളയുകയായിരുന്നു. വിജയമാര്‍ജിന്‍ സൂചിപ്പിക്കുന്നതു പോലെ തികച്ചും ഏകപക്ഷീയമായിരുന്നു മല്‍സരം. കഴിഞ്ഞ മല്‍സരത്തില്‍ സ്‌കോട്ട്‌ലാന്‍ഡിനെയായിരുന്നു കിവീസ് 16 റണ്‍സിനു തോല്‍പ്പിച്ചത്.
നമീബിയയാവട്ടെ യോഗ്യതാ റൗണ്ട് കളിച്ചാണ് സൂപ്പര്‍ 12ലേക്കു വന്നത്. അവരുടെ കന്നി ടി20 ലോകകപ്പ് കൂടിയാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്. സൂപ്പര്‍ 12ലെ കന്നിയങ്കം വിജയത്തോടെ തന്നെ ആഘോഷിക്കാന്‍ നമീബിയക്കായിരുന്നു. സ്‌കോട്ട്‌ലാന്‍ഡിനെ നാലു വിക്കറ്റിനായിരുന്നു അവര്‍ തോല്‍പ്പിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ അഫ്ഗാനിസ്താനോടു 62 റണ്‍സിനും പാകിസ്താനോടു 45 റണ്‍സിനും നമീബിയ തോല്‍ക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍
ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചെല്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഡെവന്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, ജിമ്മി നീഷാം, മിച്ചെല്‍ സാന്റ്‌നര്‍, ആദം മില്‍നെ, ടിം സൗത്തി, ഇഷ് സോധി, ട്രെന്റ് ബോള്‍ട്ട്.
നമീബിയ- സ്റ്റീഫന്‍ ബാര്‍ഡ്, മൈക്കല്‍ വാന്‍ലിന്‍ഗന്‍, ജെറാഡ് ഇറാസ്മസ് (ക്യാപ്റ്റന്‍), സെയ്ന്‍ ഗ്രീന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് വീസ്സെ, ജെജെ സമിത്ത്, യാന്‍ നിക്കോള്‍ ലോഫ്റ്റി ഇറ്റണ്‍, ക്രെയ്ഗ് വില്ല്യംസ്, റുബെന്‍ ട്രെംപെല്‍മാന്‍, കാള്‍ ബിര്‍കെന്‍സ്റ്റോക്ക്, ബെര്‍നാര്‍ഡ് സ്‌കോള്‍സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications