അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-2നാണ് ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോലി (80*),രോഹിത് ശര്‍മ (64),ഹര്‍ദിക് പാണ്ഡ്യ (39*),സൂര്യകുമാര്‍ യാദവ് (32) എന്നിവരെല്ലാം ഇന്ത്യക്കായി ബാറ്റിങ്ങില്‍ തിളങ്ങി. കരുത്തരായ ഇംഗ്ലണ്ട് ബൗളിങ് നിരയ്‌ക്കെതിരേ 224 എന്ന വമ്പന്‍ സ്‌കോറും അടിച്ചെടുക്കാന്‍ ഇന്ത്യക്കായി.
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന പരമ്പര നേട്ടമാണിത്. ടി20 ലോകകപ്പിലെ ഇന്ത്യയുടെ ടീം ഘടന എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് സൂചന നല്‍കിയിരിക്കുകയാണ് രോഹിത് ശര്‍മ. 'ദൗര്‍ഭാഗ്യവശാല്‍ കെ എല്‍ രാഹുലിനെ അവസാന മത്സരത്തില്‍ കെ എല്‍ രാഹുലിനെ പുറത്തിരുത്തേണ്ടി വന്നു. പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ ഞങ്ങളുടെ നിര്‍ണ്ണായക താരമാണ് രാഹുല്‍. എന്നാല്‍ നിലവിലെ ഫോം പരിഗണിച്ചാണ് ടീം മാനേജ്‌മെന്റ് മികച്ച 11 തിരഞ്ഞെടുത്തത്'-രോഹിത് പറഞ്ഞു.
ടി20 ലോകകപ്പിനോട് അടുക്കുമ്പോള്‍ കാര്യങ്ങള്‍ക്ക് ഇനിയും മാറ്റമുണ്ടാകും. കെ എല്‍ രാഹുലിനെ അവസാന മത്സരത്തില്‍ നിന്ന് ഒഴിവാക്കിയത് ടി20 ലോകകപ്പിലേക്ക് അവനെ പരിഗണിക്കില്ലെന്ന സൂചനയല്ല നല്‍കുന്നത്. ടോപ് ഓഡറിലെ അവന്റെ മികവും നല്‍കാന്‍ കഴിയുന്ന സംഭാവനയും ഞങ്ങള്‍ക്കറിയാം. അതിനാല്‍ത്തന്നെ ഇപ്പോള്‍ കൂടുതലായി ഒന്നും പറയുന്നില്ലെന്നും രോഹിത് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ബാറ്റിങ് ഓഡര്‍ ടീമിന് വിജയം സമ്മാനിക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നു. എന്നാല്‍ ആ സമയത്ത് ക്യാപ്റ്റന്‍ എന്താണോ ചിന്തിക്കുന്നത് അതിനനുസരിച്ചാവും കാര്യങ്ങള്‍. ടീമിന്റെ മുന്നേറ്റത്തിന് വേണ്ടി കൂടിയിരുന്ന് ചര്‍ച്ചകളും വിശകലനങ്ങളും അവലോകനങ്ങളും വേണമെന്നും രോഹിത് ശര്‍മ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലുടെനീളം കെ എല്‍ രാഹുല്‍ നിരാശപ്പെടുത്തി. ആദ്യ മത്സരത്തില്‍ ഒരു റണ്‍സും പിന്നീടുള്ള രണ്ട് മത്സരത്തില്‍ ഡെക്കിനുമാണ് രാഹുല്‍ പുറത്തായത്. നാലാം മത്സരത്തിലും നിരാശപ്പെടുത്തിയതോടെയാണ് ടീമിലെ സ്ഥാനം നഷ്ടപ്പെട്ടത്. എന്നാല്‍ ടി20യില്‍ ഇന്ത്യ വളരെയധികം പ്രതീക്ഷവെക്കുന്ന താരമാണ് രാഹുല്‍. ലോകകപ്പില്‍ ടീമില്‍ രാഹുലിനും ഇടമുണ്ടാകുമെന്നുറപ്പാണ്.
നിലവിലെ റിപ്പോര്‍ട്ടനുസരിച്ച് ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായാവും ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കുക. ഇതുവരെ ഒരു ഐസിസി കിരീടം പോലും നേടാത്ത വിരാട് കോലിയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ് ലോകകപ്പ്. സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍ എന്നിവരെയും ടി20 ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. ഇത്തവണത്തെ ഐപിഎല്‍ യുവതാരങ്ങള്‍ക്ക് നിര്‍ണ്ണായകമാവും.