T20 World Cup: കിവികളോടു കണക്കുതീര്‍ക്കണം, ദാദയ്ക്കു ശേഷം ആ ഭാഗ്യം കോലിക്കാവുമോ?
രണ്ടില്‍ പിഴച്ചാല്‍ മൂന്നുറപ്പെന്ന പഴഞ്ചൊല്ല് തിരുത്താനുറച്ചാണ് ടി20 ലോകകപ്പിലെ നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യ ഞായറാഴ്ച ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടുന്നത്. സൂപ്പര്‍ 12ന്റെ ഗ്രൂപ്പ് രണ്ടിലാണ് വിരാട് കോലിയുടെ ടീം ഇന്ത്യയും കെയ്ന്‍ വില്ല്യംസണിന്റെ ന്യൂസിലാന്‍ഡും ഏറ്റുമുട്ടുന്നത്. ആദ്യ മല്‍സരത്തില്‍ തോറ്റതിന്റെ ആഘാതത്തിലാണ് രണ്ടു ടീമുകളുടെയും വരവ്. ഇന്ത്യക്കും കിവികള്‍ക്കും പിഴച്ചത് ന്യൂസിലാന്‍ഡിനു മുന്നിലായിരുന്നു. അതുകൊണ്ടു തന്നെ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഞായറാഴ്ച രണ്ടു ടീമുകള്‍ക്കും ജയിക്കേണ്ടതുണ്ട്.
കോലിക്കു കീഴില്‍ ന്യൂസിലാന്‍ഡിനെതിരേ കഴിഞ്ഞ രണ്ടു ഐസിസി ടൂര്‍ണമെന്റുകളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്നാമതൊരു തോല്‍വി ഒഴിവാക്കിയാല്‍ മാത്രമേ ടി20 ലോകകപ്പില്‍ ഇന്ത്യക്കു നിലനില്‍പ്പുള്ളൂ. പക്ഷെ അതിനു കഴിയണമെങ്കില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ കോലിപ്പടയ്ക്കു പുറത്തെടുക്കേണ്ടി വരും. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള കഴിഞ്ഞ രണ്ടു ഐസിസി ടൂര്‍ണമെന്റുകളിലെയും മല്‍സരങ്ങളെക്കുറിച്ച് കൂടുതലറിയാം.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍
ഏറ്റവും അവസാനമായി ഇന്ത്യയും ന്യൂസിലാന്‍ഡും കൊമ്പുകോര്‍ത്തത് ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടില്‍ നടന്ന പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലായിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ഫൈനലിലേക്കു മുന്നേറിയ ഇന്ത്യ വലിയ പ്രതീക്ഷയിലാണ് കളിച്ചതെങ്കിലും കിവികള്‍ എട്ടു വിക്കറ്റിനു തകര്‍ത്തുവിടുകയായിരുന്നു.
ബാറ്റിങ് നിരയുടെ മോശം പ്രകടനമായിരുന്നു ഇന്ത്യയെ കനത്ത തോല്‍വിയിലേക്കു തള്ളിയിട്ടത്. മഴ കാരണം രണ്ടു ദിവത്തോളം കളി നടക്കാതിരുന്നിട്ടും ഇന്ത്യക്കു സമനില പോലും നേടിയെടുക്കാന്‍ സാധിച്ചില്ല. രണ്ടിന്നിങ്‌സുകളിലും കോലിയുടെ വിക്കറ്റെടുത്തത് കൈല്‍ ജാമിസണായിരുന്നു.
ടി20 ലോകകപ്പ് ടീമിന്റെ ഭാഗമായ രോഹിത് ശര്‍മ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരെല്ലാം അന്നത്തെ ഫൈനലില്‍ കളിച്ചിരുന്നു.

2019ലെ ലോകകപ്പ് സെമി
2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലും ഇന്ത്യക്കു കാലിടറിയത് ന്യൂസിലാന്‍ഡിനു മുന്നിലായിരുന്നു. ഉജ്ജ്വല ഫോമില്‍ മുന്നേറിയ ഇന്ത്യ കിരീട ഫേവറിറ്റുകളില്‍ മുന്‍നിരയിലായിരുന്നു. പക്ഷെ സെമിയില്‍ കിവികള്‍ക്കു മുന്നില്‍ ഇന്ത്യ കളി മറന്നു. ഫലമാവട്ടെ 18 റണ്‍സിന്റെ ജയത്തോടെ കിവികള്‍ ഫൈനലിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു.
മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ അവസാനത്തെ അന്താരാഷ്ട്ര മല്‍സരം കൂടിയായിരുന്നു ഇത്. റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍ ധോണി- രവീന്ദ്ര ജഡേജ സഖ്യം ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്നു കരുതിയെങ്കിലും ധോണിയുടെ റണ്ണൗട്ട് എല്ലാം മാറ്റി മറിക്കുകയായിരുന്നു. മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയിലായിരുന്നു ധോണിയുയെ പുറത്താവല്‍.
ഇത്തവണ ഉപദേശകന്റെ റോളില്‍ ധോണി ടീമിനൊപ്പമുണ്ട്. കിവികളെ കുരുക്കാന്‍ അദ്ദേഹത്തിന്റെ ഗെയിം പ്ലാന്‍ ഇന്ത്യയെ സഹായിക്കുമോയെന്നാണ് അറിയാനുള്ളത്. ഇത്തവണത്തെ ടീമിലെ മിക്ക കളിക്കാരും അന്നത്തെ സെമിയില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നവരാണ്.

അവസാനത്തെ വിജയം
2003ലെ ഏകദിന ലോകകപ്പിലാണ് അവസാനമായി ന്യൂസിലാന്‍ഡിനെ ഒരു ഐസസിസി ടൂര്‍ണമെന്റില്‍ ഇന്ത്യ കീഴടക്കിയത്. അന്നു സൗരവ് ഗാംഗുലി നയിച്ച ഇന്ത്യ ഏഴു വിക്കറ്റിനു ജയിച്ചു കയറുകയായിരുന്നു. അതിനു ശേഷം 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനോടു 10 റണ്‍സിനും 2016ലെ ടി20 ലോകകപ്പില്‍ 47 റണ്‍സിനും ഇന്ത്യ പരാജയം സമ്മതിച്ചിരുന്നു.
അതേസമയം, ടി20 ഫോര്‍മാറ്റില്‍ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ഞായറാഴ്ചത്തെ സൂപ്പര്‍ 12 പോരാട്ടത്തില്‍ രണ്ടു ടീമുകള്‍ക്കും മുന്‍തൂക്കമില്ല. 18 മല്‍സരങ്ങളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഒമ്പത് വീതം നിജയം ഇന്ത്യയും ന്യൂസിലാന്‍ഡും പങ്കിടുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications