Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഹാട്രിക് ജയവുമായി ഇന്ത്യ- ശാസ്ത്രി യുഗത്തിന് അന്ത്യം, കോലിയും പടിയിറങ്ങി

1

ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പില്‍ ഹാട്രിക് വിജയവുമായി തലയുയര്‍ത്തി ഇന്ത്യയുടെ മടക്കം. സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടിലെ അഞ്ചാമത്തെയും അവസാനത്തെയും കളിയില്‍ നമീബിയയെ വിരാട് കോലിയും സംഘവും ഒമ്പതു വിക്കറ്റിനു തകര്‍ത്തെറിയുകയായിരുന്നു. ഇതോടെ കോച്ച് രവി ശാസ്ത്രിയെയും ക്യാപ്റ്റന്‍ വിരാട് കോലിയെയും വിജയത്തോടെ യാത്രയാക്കാന്‍ ടീമിനു സാധിച്ചു. ഇന്ത്യന്‍ ടി20 ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ അവസാനത്തെ മല്‍സരം കൂടിയായിരുന്നു ഇത്. ലോകകപ്പിനു ശേഷം ടി0 ടീമിന്റെ നായകസ്ഥാനമൊഴിയുമെന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. കോച്ച് രവി ശാസ്ത്രിക്കും ദേശീയ ടീമിനൊപ്പം വിടവാങ്ങല്‍ മല്‍സരമായിരുന്നു ഇത്. ലോകകപ്പ് വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. പുതിയ പരിശീലകനായി മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡിനെ ബിസിസിഐ നിയമിച്ചു കഴിഞ്ഞു.

133 റണ്‍സിന്റെ മോശമല്ലാത്ത വിജയലക്ഷ്യമായിരുന്നു നമീബിയ ഇന്ത്യക്കു നല്‍കിയത്. എന്നാല്‍ ഇന്ത്യക്കു ഈ സ്‌കോര്‍ ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല. 15.2 ഓവറില്‍ത്തന്നെ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലെത്തി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (56), കെഎല്‍ രാഹുല്‍ (54*) എന്നിവരുടെ ഫിഫ്റ്റികളാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. രാഹുലിനോടൊപ്പം 25 റണ്‍സോടെ സൂര്യകുമാര്‍ യാദവ് പുറത്താവാതെ നിന്നു. രോഹിത് 37 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചപ്പോള്‍ രാഹുല്‍ 36 ബോളില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സറും കണ്ടെത്തി. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്- രാഹുല്‍ ജോടി 86 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ ഇന്ത്യന്‍ വിജയമുറപ്പായിരുന്നു.

ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട നമീബിയയെ ഇന്ത്യ ഉജ്ജ്വല ബൗളിങിലൂടെ വരിഞ്ഞുമുറുക്കുകയായിരുന്നു. എട്ടു വിക്കറ്റിനു 132 റണ്‍സാണ് നമീബിയക്കു നേടാനായത്. വെറ്ററന്‍ താരം ഡേവിഡ് വീസെയും (26) ഓപ്പണര്‍ സ്റ്റീഫന്‍ ബാര്‍ഡുമാണ് (21) നമീബിയയുടെ പ്രധാന സ്‌കോറര്‍മാര്‍. വീസെ 25 ബോളില്‍ രണ്ടു ബൗണ്ടറിയടിച്ചപ്പോള്‍ ബാര്‍ഡ് 21 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടിച്ചു. മൈക്കല്‍ വാന്‍ ലിന്‍ഗന്‍ (14), യാന്‍ ഫ്രിലിന്‍ക് (15*), റുബെന്‍ ട്രെംപെല്‍മാന്‍ (13*), ക്യാപ്റ്റന്‍ ജെറാഡ് ഇറാസ്മസ് (12) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.

സ്്പിന്‍ ജോടികളായ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമായിരുന്നു ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. ഇരുവരും മൂന്നു വിക്കറ്റുകള്‍ വീതം പങ്കിട്ടു. ജഡേജ നാലോവറില്‍ 16 റണ്‍സിനായിരുന്നു മൂന്നു പേരെ പുറത്താക്കിയതെങ്കില്‍ അശ്വിന്‍ 20 റണ്‍സാണ് നാലോവറില്‍ വിട്ടുകൊടുത്തത്. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റുകളെടുത്തു. മുഹമ്മദ് ഷമിക്കും രാഹുല്‍ ചാഹറിനും വിക്കറ്റൊന്നും ലഭിച്ചില്ല. ജഡേജയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

2

മോശമല്ലാത്ത തുടക്കമായിരുന്നു നമീബിയക്കു ഓപ്പണര്‍മാരായ ബാര്‍ഡും വാന്‍ലിന്‍ഗെനും ചേര്‍ന്നു നല്‍കിയത്. ആദ്യ വിക്കറ്റില്‍ 33 റണ്‍സ് ഇരുവരും ചേര്‍ന്ന് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ബുംറയാണ് ഇന്ത്യക്കു കളിയിലെ ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കിയത്. പുള്‍ ഷോട്ടിനു ശ്രമിച്ച ലിന്‍ഗെനെ മുഹമ്മദ് ഷമിക്കു സമ്മാനിക്കുകയായിരുന്നു ബുംറ. പിന്നീട് ജഡേജയും അശ്വിനും നമീബിയന്‍ ബാറ്റിങ് നിരയ്ക്കു മേല്‍ കത്തിക്കയറി. 14 റണ്‍സിനിടെ നാലു വിക്കറ്റുകളാണ് ഇന്ത്യ പിഴുതത്. ഇതോടെ നമീബിയ നാലിന് 47ലേക്കു വീണു. അഞ്ചാം വിക്കറ്റില്‍ ഇറാസ്മസ്- വീസെ സഖ്യം 25 റണ്‍സിന്റെ കൂട്ടുകെട്ടുമായി നമീബിയയെ കരകയറ്റി. ഈ സഖ്യത്തെ വേര്‍പിരിക്കുന്നത് അശ്വിനാണ്. ഇറാസ്മസിനെ അശ്വിന്‍ റിഷഭിനു സമ്മാനിക്കുകയായിരുന്നു.

ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് കോലിക്കു ടോസ് ലഭിച്ചത്. ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും അദ്ദേഹം ടോസ് കൈവിട്ടിരുന്നു. സ്‌കോട്ട്‌ലാന്‍ഡിനെതിരേ ജയിച്ച കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കു പകരം രാഹുല്‍ ചാഹര്‍ പ്ലെയിങ് ഇലവനിലേക്കു വന്നു. ടൂര്‍ണമെന്റില്‍ ചാഹറിന്റെ കന്നി മല്‍സരം കൂടിയാണിത്.

3

ഞായറാഴ്ച വൈകീട്ട് നടന്ന കളിയില്‍ അഫ്ഗാനിസ്താനെതിരേ ന്യൂസിലാന്‍ഡ് മികച്ച വിജയം കൊയ്തതോടെയാണ് ഇന്ത്യയുടെ സെമി സാധ്യതകള്‍ അവസാനിച്ചത്. ഈ കളിയില്‍ അഫ്ഗാന്‍ ജയിച്ചിരുന്നെങ്കില്‍ മാത്രമേ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയുണ്ടായിരുന്നുള്ളൂ. എന്നാല്‍ വിരാട് കോലിയുടെയും സംഘത്തിന്റെയും നേരിയ പ്രതീക്ഷകള്‍ പോലും ഇല്ലാതാക്കി കിവീസ് സെമിയിലേക്കു മുന്നേറുകയായിരുന്നു. പാകിസ്താന്‍ ഗ്രൂപ്പ് ജേതാക്കളായപ്പോള്‍ ന്യൂസിലാന്‍ഡ് രണ്ടാംസ്ഥാനക്കാരായും സെമിയില്‍ കടന്നു.

സൂപ്പര്‍ 12ലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ഇന്ത്യക്കു കനത്ത പരാജയം നേരിട്ടിരുന്നു. ബദ്ധവൈരികളായ പാകിസ്താനോടു പത്തു വിക്കറ്റിന്റെ ദയനീയ തോല്‍വിയായിരുന്നു ഇന്ത്യ വഴങ്ങിയത്. ലോകകപ്പില്‍ തുടര്‍ച്ചയായ 12 വിജയങ്ങള്‍ക്കു ശേഷം പാകിസ്താനെതിരേ ഇന്ത്യയുടെ ആദ്യ പരാജയമായിരുന്നു ഇത്. രണ്ടാമത്തെ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെതിരേയും ഇന്ത്യ നിരാശപ്പെടുത്തി. ഐസിസി ടൂര്‍ണമെന്റുകളില്‍ ന്യൂസിലാന്‍ഡിനെതിരേയുള്ള മോശം റെക്കോര്‍ഡ് ഇന്ത്യ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുകയായിരുന്നു. ഏകപക്ഷീയമായ കളിയില്‍ എട്ടു വിക്കറ്റിനായിരുന്നു കോലിപ്പടയെ കിവികള്‍ തൂക്കിയെറിഞ്ഞത്.

എന്നാല്‍ ശേഷിച്ച മല്‍സരങ്ങളില്‍ ഇന്ത്യ വിജയവഴിയില്‍ തിരിച്ചെത്തി. തോറ്റാല്‍ പുറത്താവുമെന്ന ഘട്ടത്തിലിറങ്ങിയ കോലിപ്പട അഫ്ഗാനിസ്താനെ 66 റണ്‍സിനു തുരത്തുകയായിരുന്നു. മൂന്നാമത്തെ കളിയില്‍ അസോസിയേറ്റ് ടീമായ സ്‌കോട്ട്‌ലാന്‍ഡിനെതിരേയും ഇന്ത്യ വിജയമാവര്‍ത്തിച്ചു. എട്ടു വിക്കറ്റിന്റെ വമ്പന്‍ ജയമായിരുന്നു കോലിയും സംഘവും നേടിയത്. ഇതോടെ നെറ്റ് റണ്‍റേറ്റില്‍ ഗ്രൂപ്പിലെ മറ്റു ടീമുകളെയെല്ലാം ഇന്ത്യ പിന്തള്ളുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രാഹുല്‍ ചാഹര്‍.

നമീബിയ- സ്റ്റീഫന്‍ ബാര്‍ഡ്, മൈക്കല്‍ വാന്‍ലിന്‍ഗന്‍, ജെറാഡ് ഇറാസ്മസ് (ക്യാപ്റ്റന്‍), സെയ്ന്‍ ഗ്രീന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് വീസ്സെ, യാന്‍ ഫ്രിലിന്‍ഗ്, ജെജെ സമിത്ത്, യാന്‍ നിക്കോള്‍ ലോഫ്റ്റി ഇറ്റണ്‍, റുബെന്‍ ട്രെംപെല്‍മാന്‍, ബെര്‍നാര്‍ഡ് സ്‌കോള്‍സ്.

Story first published: Monday, November 8, 2021, 22:41 [IST]
Other articles published on Nov 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+