
ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ സൂപ്പര്‍ 12ലെ ജീവന്‍മരണ പോരാട്ടത്തില്‍ ഇന്ത്യ നടത്തിയ വന്‍ ചൂതാട്ടം ദുരന്തത്തില്‍ കലാശിച്ചു. സ്ഥിരം ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയെ ഈ റോളിന്‍ നിന്നു മാറ്റി പകരം യുവതാരം ഇഷാന്‍ കിഷനെ ഇറക്കിയായിരുന്നു ഇന്ത്യയുടെ ചൂതാട്ടം. പക്ഷെ ഇതു ദയനീയമായി പരാജയപ്പെട്ടു. ഇഷാന്‍ മാത്രമല്ല രോഹിത്തും ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. ഇഷാനു നാലും രോഹിത്തിന് 14ഉം റണ്‍സാണ് സ്‌കോര്‍ ചെയ്യാനായത്
ഇഷാനും കെഎല്‍ രാഹുലും ചേര്‍ന്നായിരുന്നു ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. ഇതു വലിയ സര്‍പ്രൈസ് തന്നെയായിരുന്നു. കാരണം ഓപ്പണറെന്ന നിലയില്‍ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനം നടത്തുന്ന ഹിറ്റ്മാനെ വച്ച് ഇന്ത്യ ഇത്തരമൊരു പരീക്ഷണത്തിനു മുതിരുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരരുന്നില്ല. സൂര്യകുമാര്‍ യാദവിനു പകരം ഇഷാന്‍ ടീമിലേക്കു വന്നപ്പോള്‍ അതേ ബാറ്റിങ് പൊസിഷനായ നാലില്‍ തന്നെ കളിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

ഇടംകൈയന്‍മാരായ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ രോഹിത്തിന്റെ റെക്കോര്‍ഡ് മോശമാണ്. പാകിസ്താനെതിരായ ആദ്യ കളിയില്‍ അവരുടെ ഇടംകൈയന്‍ പേസര്‍ അദ്ദേഹത്തെ ഗോള്‍ഡന്‍ ഡെക്കായി വിക്കറ്റിനു മുന്നില്‍ കുരുക്കുകയും ചെയ്തിരുന്നു. ഇവയെല്ലാം കണക്കിലെടുത്താവാം രോഹിത്തിനെ മൂന്നാംനമ്പറിലേക്കു മാറ്റി ബോള്‍ട്ട് ഭീഷണിയെ അതിജീവിക്കുകയെന്ന തന്ത്രത്തിന് ഇന്ത്യയെ പ്രേരിപ്പിച്ചിട്ടുണ്ടാവുകയെന്നുറപ്പാണ്. പക്ഷെ രോഹിത്തിനു പകരം കളിച്ച ഇഷാന്റെ വിക്കറ്റ് ബോള്‍ട്ട് തന്നെ വീഴ്ത്തിയെന്നതാണ് രസകരം.
മൂന്നാമനായെത്തിയ രോഹിത്താവട്ടെ പുതിയ പൊസിഷനുമായി പൊരുത്തപ്പെടാന്‍ പാടുപെടുകയും ചെയ്തു. കിവികളുടെ പഴുതടച്ച ബൗളിങിനു മുന്നില്‍ റണ്ണെടുക്കാന്‍ വിഷമിച്ച രോഹിത് വൈകാതെ പുറത്താവുകയും ചെയ്തു. ഈ കളിയിലും അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി പുറത്താവേണ്ടതായിരുന്നു. പക്ഷെ ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. ഇഷാന്‍ മടങ്ങി തൊട്ടടുത്ത ബോളില്‍ തന്നെയായിരുന്നു ഇത്. ബോള്‍ട്ടിന്റെ ബൗണ്‍സറിനെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച രോഹിത്തിനെ ആദം മില്‍നെ കൈവിടുകയായിരുന്നു. പക്ഷെ ഈ അവസരം വലിയ ഇന്നിങ്‌സാക്കി മാറ്റിയെടുക്കാന്‍ അദ്ദേഹത്തിനായില്ല. 14 ബോൡ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 14 റണ്‍സെടുത്ത രോഹിത്തിനെ ഇഷ് സോധിയുടെ ബോളില്‍ ഗുപ്റ്റില്‍ ക്യാച്ച് ചെയ്യുകയായിരുന്നു.
രോഹിത് നേരത്തേ ഇന്ത്യക്കു വേണ്ടി മധ്യനിരയിലായിരുന്നു കളിച്ചിരുന്നത്. പക്ഷെ കഴിഞ്ഞ 100 മല്‍സരങ്ങളിലും അദ്ദേഹം ഓപ്പണിങ് സ്ഥാനത്തു നിന്നു മാറിയിട്ടില്ലെന്നു കാണാം. ഐപിഎല്ലില്‍ തന്റെ ടീമായ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും രോഹിത് ഓപ്പണറായാണ് ഇറങ്ങാറുള്ളത്. ഇന്ത്യക്കു വേണ്ടി ഓപ്പണിങിലാണ് അദ്ദേഹം ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. ഈ പൊസഷനില്‍ 109 മല്‍സരങ്ങളില്‍ നിന്നും 3351 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.