Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പ് കിരീടം ആര് നേടും? ഫേവറേറ്റ് അവര്‍ തന്നെ, പ്രവചിച്ച് ജോസ് ബട്‌ലര്‍

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. മികച്ച താരങ്ങളെ അണിനിരത്തി ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ട് നിര. ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ വെച്ച് ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഇന്ത്യക്കെതിരായ ടി20 പരമ്പരയെ വളരെ പ്രാധാന്യത്തോടെയാണ് ഇംഗ്ലണ്ട് ടീം കാണുന്നത്. ഇപ്പോഴിതാ ഇന്ത്യയില്‍ നടക്കുന്ന ടി20 പരമ്പരയില്‍ ആരാണ് ഫേവറേറ്റുകളെന്ന് പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍.

ആതിഥേയരെന്ന നിലയിലും താരനിരയുടെ കരുത്തിലും ഇന്ത്യയാണ് ഫേവറേറ്റുകളെന്നാണ് ബട്‌ലര്‍ അഭിപ്രായപ്പെട്ടത്. 'ലോകകപ്പിനെക്കുറിച്ച് പറയുമ്പോള്‍ ആതിഥേയ രാജ്യങ്ങള്‍ക്ക് മുന്‍തൂക്കമുണ്ട്. അത്തരത്തില്‍ നോക്കുമ്പോള്‍ ഇന്ത്യയാണ് ഫേവറേറ്റുകള്‍. മികച്ച ടീമുകള്‍ ഒരുപാടുണ്ട്. എന്നാല്‍ സമീപകാലത്ത് നടന്ന ലോകകപ്പുകളിലെല്ലാം ആതിഥേയരാജ്യങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ ശക്തരാണ്. ടി20 ഫോര്‍മാറ്റിലും അങ്ങനെ തന്നെ. അതിനാല്‍ ഇന്ത്യയാണ് ഫേവറേറ്റുകളെന്നാണ് ഞാന്‍ കരുതുന്നത്'-ബട്‌ലര്‍ പറഞ്ഞു.

josbuttler

ഇന്ത്യയിലെ സാഹചര്യത്തില്‍ ഇപ്പോള്‍ പരമ്പര കളിക്കുകയെന്നത് ഇംഗ്ലണ്ടിന് ഗുണകരമായ കാര്യമാണ്. ടീമെന്ന നിലയില്‍ ഒത്തൊരുമയോടെ കളിച്ച് ലോകകപ്പിന് മുമ്പ് ആത്മവിശ്വാസം കൈവരിക്കാനുള്ള അവസരമാണ്. ലോകകപ്പിന് മുമ്പായി ഇന്ത്യയില്‍ വെച്ച് ഇന്ത്യയെ നേരിടുന്നത് ഇംഗ്ലണ്ടിന് വലിയ അവസരമാണെന്നും ബട്‌ലര്‍ പറഞ്ഞു.

ഇന്ത്യയിലെ സാഹചര്യങ്ങളെ മനസിലാക്കാന്‍ താരങ്ങളെ ഇൗ പരമ്പര സഹായിക്കും. അഹമ്മദാബാദ് ലോകത്തിലെ വലിയ മൈതാനമായതിനാല്‍ ലോകകപ്പിലും ഈ മൈതാനത്തിന് നിര്‍ണ്ണായക സ്വാധീനമുണ്ട്. മറ്റൊരു ടീമിനും ഇവിടെ കളിക്കാന്‍ അവസരമില്ല. അതിനാല്‍ ഞങ്ങള്‍ക്ക് ഇതൊരു മികച്ച അവസരമാണ്. അഞ്ച് മത്സരങ്ങള്‍ ഇവിടെ കളിക്കുമ്പോള്‍ പിച്ചിലെ സ്പിന്നിന്റെ സ്വഭാവവും മനസിലാക്കാന്‍ ഇംഗ്ലണ്ട് ടീമിന് സാധിക്കുമെന്നും ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയ ബട്‌ലര്‍ പരിമിത ഓവര്‍ പരമ്പരയ്ക്കായി തിരിച്ചെത്തിയിട്ടുണ്ട്. അഞ്ച് ടി20കള്‍ക്ക് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നുണ്ട്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാവുന്നത് ഇംഗ്ലണ്ടാണ്. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് കലാശപ്പോരാട്ടം.

Story first published: Wednesday, March 10, 2021, 14:56 [IST]
Other articles published on Mar 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+