
ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പില്‍ പാകിസ്താന്റെ വഴിയെ വിജയം ശീലമാക്കിയിരിക്കുകയാണ് മുന്‍ ജേതാക്കളായ ഇംഗ്ലണ്ട്. സൂപ്പര്‍ 12ലെ മരണഗ്രൂപ്പായ ഒന്നില്‍ ഹാട്രിക് വിജയം തകൊയ്തിരിക്കുകയാണ് ഒയ്ന്‍ മോര്‍ഗനും സംഘവും. പ്രധാന എതിരാളികളായ ഓസ്‌ട്രേലിയയെ നിഷ്പ്രഭരാക്കിയാണ് ഇംഗ്ലണ്ട് ജയിച്ചുകയറിയത്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ഇംഗ്ലണ്ടിന്റെ ആധിപത്യത്തിനു മുന്നില്‍ ഓസീസിന് മറുപടിയില്ലായിരുന്നു. എട്ടു വിക്കറ്റിന്റെ അനായാസ വിജയമാണ് ഇംഗ്ലണ്ട് കൈക്കലാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഓസീസിനെ 125 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഇംഗ്ലണ്ട് വിജയമുറപ്പാക്കിയിരുന്നു. മറുപടിയില്‍ വെടിക്കെട്ട് ഫിഫ്റ്റിയുമായി ഓപ്പണര്‍ ജോസ് ബട്‌ലര്‍ (71*) പട നയിച്ചപ്പോള്‍ ഇംഗ്ലണ്ടിനു ലക്ഷ്യത്തിലെത്താന്‍ വെറും 11.4 ഓവറുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. നഷ്ടപ്പെടുത്തിയത് രണ്ടു വിക്കറ്റുകള്‍ മാത്രം. 50 ബോളുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഇംഗ്ലീഷ് വിജയം. ജാസണ്‍ റോയ് (22), ഡേവിഡ് മലാന്‍ (8) എന്നിവരാണ് പുറത്തായത്. ബട്‌ലറും ജോണി ബെയര്‍സ്‌റ്റോയും (16*) ചേര്‍ന്ന് ഇംഗ്ലീഷ് വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. വെറും 32 ബോളില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് ബട്‌ലര്‍ ടീമിന്റെ ഹീറോയായത്. 25 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹം ഫിഫ്റ്റി തികച്ചത്.
റണ്‍ചേസില്‍ ബട്‌ലര്‍- റോയ് സഖ്യം ഓപ്പണിങ് വിക്കറ്റില്‍ 66 റണ്‍സെടുത്തപ്പോള്‍ തന്നെ ഓസീസ് മല്‍സരം കൈവിട്ടിരുന്നു. റോയ് പതിവു ശൈലിയില്‍ നിന്നും വ്യത്യസ്തമായി സ്ലോ ഇന്നിങ്‌സ് കളിച്ചപ്പോള്‍ ആക്രമണത്തിന്റെ ചുമതല ബട്‌ലര്‍ ഏറ്റെടുക്കുകയായിരുന്നു. ഇതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.
നേരത്തേ ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയുടെ പ്രകടനം ദയനീമായിരുന്നു. നിശ്ചിത ഓവറില്‍ 125 റണ്‍സിന് ഓസീസ് കൂടാരത്തില്‍ തിരിച്ചെത്തി. നായകന്‍ ആരോണ്‍ ഫിഞ്ച് (44) നടത്തിയ ചെറുത്തുനില്‍പ്പാണ് ഓസീസ് ഇന്നിങ്‌സിനു അല്‍പ്പമെങ്കിലും മാന്യത നല്‍കിയത്. വാലറ്റത്ത് ആഷ്ടന്‍ ഏഗര്‍ (20), മാത്യു വേഡ് (18), മിച്ചെല്‍ സ്റ്റാര്‍ക്ക് (13), പാറ്റ് കമ്മിന്‍സ് (12) എന്നിവരും ഓസീസിനെ 100 കടത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. ഡേവിഡ് വാര്‍ണര്‍ (1), സ്റ്റീവ് സ്മിത്ത് (1), ഗ്ലെന്‍ മാക്‌സ്വെല്‍ (6), മാര്‍ക്കസ് സ്റ്റോയ്‌നിസ് (0) തുടങ്ങിയ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം സമ്പൂര്‍ണ പരാജയമായി മാറി.

ഓസീസ് ഇന്നിങ്‌സില്‍ ഒരു 50 റണ്‍സ് കൂട്ടുകെട്ട് പോലുമുണ്ടായിവ്വ. മൂന്നിന് 15 റണ്‍സില്‍ നിന്നും അഞ്ചിന് 51ലേക്കു വീണ ഓസ്‌ട്രേലിയക്കു പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല. നാലോവറില്‍ 17 റണ്‍സിന് മൂന്നു വിക്കറ്റുകളെടുത്ത ക്രിസ് ജോര്‍ഡനാണ് ഓസീസിനെ തകര്‍ത്തത്. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമാണ്. ക്രിസ് വോക്‌സ്, ടൈമല്‍ മില്‍സ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആദില്‍ റഷീദും ലിയാം ലിവിങ്‌സ്റ്റണും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
പ്ലെയിങ് ഇലവന്‍
ഇംഗ്ലണ്ട്- ജാസണ്‍ റോയ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്‌റ്റോ, ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി, ക്രിസ് വോക്‌സ്, ക്രിസ് ജോര്‍ഡന്‍, ആദില്‍ റഷീദ്, ടൈമല്‍ മില്‍സ്.
ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്വെല്‍, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), ആഷ്ടന്‍ ഏഗര്‍, പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.