T20 World Cup: ദീപക് ചഹാര്‍ ഉണ്ടാവില്ല, പകരം ആര് ? ഈ നാല് പേരിലൊരാള്‍ക്ക് അവസരം ഉറപ്പ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശം വാനോളം ഉയരുമ്പോഴും ദേശീയ ക്രിക്കറ്റ് ടീമുകളുടെ പ്രധാന ഉന്നം വരാനിരിക്കുന്ന ടി20 ലോകകപ്പാണ്. അത് മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കങ്ങളാണ് ടീമുകള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് വേദിയാവുന്നത്. യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന്റെ ക്ഷീണം മാറുന്നതിന് മുന്നെയാണ് ആരാധകരെത്തേടി മറ്റൊരു ലോകകപ്പ് ആവേശം കൂടിയെത്തുന്നത്.
ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ ഇത്തവണത്തെ ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. 2021ലെ ലോകകപ്പില്‍ വിരാട് കോലിക്ക് കീഴിലിറങ്ങിയ ഇന്ത്യ പ്ലേ ഓഫ് പോലും കാണാതെയാണ് പുറത്തായത്. പാകിസ്താനോട് തോല്‍ക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ രോഹിത് ശര്‍മക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. മികച്ച താരനിരയോടെ ഇറങ്ങുന്ന ഇന്ത്യക്ക് പ്രതീക്ഷകളേറെ.

ഇത്തവണ ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയെത്തേടി ഒരു തിരിച്ചടി വാര്‍ത്തയെത്തിയിരിക്കുകയാണ്. പരിക്കേറ്റ ദീപക് ചഹാര്‍ ഇത്തവണ ടി20 ലോകകപ്പിനുണ്ടാവില്ല. അഞ്ച് മാസത്തോളമെങ്കിലും അദ്ദേഹത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ ലോകകപ്പില്‍ നിന്ന് മാറി നില്‍ക്കാതെ ദീപക്കിന് മുന്നില്‍ മറ്റ് വഴികളില്ല. ഇത്തവണ ദീപക്ക് പുറത്താവുമ്പോള്‍ പകരം ആരാവും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്കെത്തുക ? പരിഗണിക്കാന്‍ സാധ്യതയുള്ള നാല് താരങ്ങളെ പരിശോധിക്കാം.

ഉമേഷ് യാദവ്
ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഉമേഷ് യാദവാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നവരിലൊരാള്‍. ആര്‍ക്കും വേണ്ടാതിരുന്ന ഉമേഷിനെ കെകെആര്‍ ഇത്തവണ സ്വന്തമാക്കിയപ്പോള്‍ മികച്ച പ്രകടനം കൊണ്ട് ഉമേഷ് നന്ദി കാട്ടുന്നു. വിക്കറ്റ് വീഴ്ത്താനുള്ള മിടുക്കാണ് ഉമേഷിന്റെ വ്യത്യസ്തനാക്കുന്നത്. ന്യൂബോളില്‍ മികച്ച വേഗവും നല്ല സ്വിങ്ങും ലഭിക്കുന്നു. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ പരിചയസമ്പത്തുള്ള താരമാണ് അദ്ദേഹം. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള ഉമേഷിനെ ഇന്ത്യ ഇത്തവണ ടി20 ലോകകപ്പിലേക്ക് പരിഗണിക്കുമോയെന്നത് കണ്ടറിയണം. നിരവധി യുവതാരങ്ങള്‍ ഉള്ളതിനാല്‍ ചെറിയൊരു സാധ്യത മാത്രമാണ് ഉമേഷിനുള്ളത്.

ഉമ്രാന്‍ മാലിക്
ഇത്തവണ ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന താരമാണ് ഉമ്രാന്‍ മാലിക്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ അതിവേഗ പന്തുകള്‍ക്കൊണ്ടാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. തുടര്‍ച്ചയായി 150 പ്ലസ് വേഗത്തില്‍ പന്തെറിയാന്‍ യുവ പേസര്‍ക്ക് സാധിക്കും. ഇന്ത്യന്‍ താരങ്ങളില്‍ ഇത്രയും വേഗത്തില്‍ പന്തെറിയുന്നവര്‍ മറ്റാരുമില്ല. ടി20 ലോകകപ്പ് ഓസ്‌ട്രേലിയയിലാണ്. അവിടുത്തെ പേസും എക്‌സ്ട്രാ ബൗണ്‍സും നിറഞ്ഞ സാഹചര്യം ഉമ്രാനെപ്പോലുള്ള അതിവേഗ പേസര്‍മാരെ തുണക്കുന്നതാണ്. ഇന്ത്യ ടീമിലേക്ക് പരിഗണിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള താരമാണ് ഉമ്രാന്‍ മാലിക്.

ഖലീല്‍ അഹമ്മദ്
ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ് ഇന്ത്യക്കായി പരിമിത ഓവറില്‍ കളിച്ചിട്ടുണ്ടെങ്കിലും ടീമിലെ സ്ഥിര സാന്നിധ്യമായി മാറാന്‍ സാധിച്ചിട്ടില്ല. ഇത്തവണത്തെ ഐപിഎല്ലില്‍ ഡല്‍ഹിക്കൊപ്പം ഭേദപ്പെട്ട പ്രകടനം ഖലീല്‍ കാഴ്ചവെക്കുന്നുണ്ട്. മികച്ച താരമാണെങ്കിലും നിര്‍ഭാഗ്യം വേട്ടയാടുന്നയാളാണ്. ന്യൂബോളില്‍ കൂടുതല്‍ മികവ് കാട്ടുന്ന ഖലീല്‍ ഡെത്ത് ഓവറില്‍ അത്ര മികച്ചവനല്ല. ഇടം കൈയന്‍ പേസറെ ഇന്ത്യക്ക് അത്യാവശ്യമായതിനാല്‍ ഖലീലിനെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ടി നടരാജന്‍
ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പുള്ള താരമാണ് ഇടം കൈയന്‍ പേസര്‍ ടി നടരാജന്‍. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടാവുമായിരുന്നെങ്കിലും പരിക്കാണ് താരത്തിന് വില്ലനായത്. 2021ല്‍ ഓസ്‌ട്രേലിയയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി നട്ടു കളിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ശക്തമായി നടരാജന്‍ തിരിച്ചെത്തിയേക്കും. ഡെത്ത് ഓവറില്‍ തുടര്‍ യോര്‍ക്കറുകളിലൂടെ മികവ് കാട്ടാന്‍ നടരാജന്‍ മിടുക്കനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications