ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. രോഹിത് ശര്‍മയ്ക്കു കീഴില്‍ അനുഭവസമ്പത്തും യുവത്വവും സമന്വയിപ്പിച്ച ഒരു 15 അംഗ സ്‌ക്വാഡിനെയായിരിക്കും ലോകകപ്പിനു ഇന്ത്യ അയക്കുക. ടീമിലെ ഭൂരിഭാഗം താരങ്ങളെയും കുറിച്ച് ക്രിക്കറ്റ് പ്രേമികള്‍ക്കു വ്യക്തമായ ധാരണയുണ്ട്. ചില കളിക്കാരുടെ കാര്യത്തില്‍ മാത്രമേ സംശയം നിലനില്‍ക്കുന്നുള്ളൂ. അതില്‍ വ്യക്തത വരുത്താനാണ് സെലക്ഷന്‍ കമ്മിറ്റിയുടെയും ടീം മാനേജ്‌മെന്റിന്റെയും ശ്രമം.
15 പേരെ മാത്രമേ ലോകകപ്പിനായി തിരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നതിനാല്‍ മികച്ച ചില കളിക്കാര്‍ക്കു ടീമില്‍ സ്ഥാനം നഷ്ടമായേക്കും. ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി ശ്രദ്ധേയമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന കളിക്കാരും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയില്ലാത്ത താരങ്ങളെ ഉള്‍പ്പെടുത്തി ഒരു 15 അംഗ സ്‌ക്വാഡിനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

ഓപ്പണര്‍മാരായി മൂന്നു പേരാണ് ഇന്ത്യന്‍ ടീമിലുണ്ടാവുക. സണ്‍റൈറൈസഴ്‌സ് ഹൈദരാബാദിന്റെ അഗ്രസീവ് ഇടംകൈയന്‍ ബാറ്റര്‍ അഭിഷേക് ശര്‍മ, ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ റുതുരാജ് ഗെയ്ക്വാദ് എന്നിവരായിരിക്കും ഇത്. മൂന്നു പേരും ഐപിഎല്ലില്‍ നല്ല പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പക്ഷെ ഇവര്‍ക്കു ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കാനുള്ള സാധ്യത കുറവാണ്.
ഇക്കൂട്ടത്തില്‍ ഗില്ലിനാണ് ലോകകപ്പ് ടീമിലേക്കു അല്‍പ്പമെങ്കിലും സാധ്യതയുള്ളത്. ചിലപ്പോള്‍ സ്റ്റാന്റ്‌ബൈ താരങ്ങളുടെ ലിസ്റ്റില്‍ അദ്ദേഹം ഇടം പിടിച്ചേക്കും. ലോകകപ്പില്‍ നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളി യശസ്വി ജയ്‌സ്വാളായിരിക്കുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയും ഓപ്പണിങില്‍ പരീക്ഷിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.
അഭിഷേക്, ഗില്‍, റുതുരാജ് എന്നിവര്‍ കഴിഞ്ഞാല്‍ ലോകകപ്പില്‍ ഇടം ലഭിക്കാത്ത ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിലെ മറ്റു ടോപ് ഓര്‍ഡര്‍ താരങ്ങള്‍ സായ് സുദര്‍ശന്‍, തിലക് വര്‍മ, ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് എന്നിവരാണ്. ഈ ടീമിലെ വിക്കറ്റ്കീപ്പര്‍മാര്‍ ഇഷാന്‍ കിഷനും ധ്രുവ് ജുറേലുമായിരിക്കും.

ഇക്കൂട്ടത്തില്‍ സുദര്‍ശന്‍ ജിടിക്കായും തിലക് മുംബൈ ഇന്ത്യന്‍സിനായും പരാഗ് രാജസ്ഥാന്‍ റോയല്‍സിനായും ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. റണ്‍വേട്ടയില്‍ ടോപ്പ് 10ല്‍ ഉള്ള താരങ്ങള്‍ കൂടിയാണ് ഈ മൂന്നു പേരും. പക്ഷെ അതുകൊണ്ടൊന്നും ഇവര്‍ക്കു ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാന്‍ പോവുന്നില്ല. ഫിനിഷറായി പഞ്ചാബ് കിങ്‌സിന്റെ ശശാങ്ക് സിങായിരിക്കും ഈ ലോകകപ്പ് സ്‌ക്വാഡിലുണ്ടാവുക. ഈ ഐപിഎല്ലിലെ കണ്ടെത്തലുകളിലൊന്നാണ് അദ്ദേഹം.
ആയുഷ് ബദോനിയും സംഘത്തിലുണ്ട്. ബൗളിങിലേക്കു വന്നാല്‍ രവി ബിഷ്‌നോയ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരിലൊരാളായിരിക്കും സ്പിന്‍ സംഘത്തിലുണ്ടാവുക. പേസ് ബൗളിങില്‍ മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുമുണ്ടാവും. കൂടാതെ ടി നടരാജന്‍, അര്‍ഷ്ദീപ് സിങ് എന്നിവരിലൊളും ടീമിലേക്കു വരും.
ലോകകപ്പിനു ഇല്ലാത്തവരുടെ 15 അംഗ സ്‌ക്വാഡ്
അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, റിയാന്‍ പരാഗ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, ശശാങ്ക് സിങ്, രവി ബിഷ്‌നോയ് / യുസ്വേന്ദ്ര ചഹല്‍, ടി നടരാജന്‍ / അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡ, ഹര്‍ഷല്‍ പട്ടേല്‍.